ക്യാമ്പ് നൗ:ഫുട്‌ബോള്‍ കീരിടം വെയ്ക്കാത്ത രാജാവ് താന്‍ തന്നെയെന്ന് അര്‍ജന്റനീയന്‍ ഫുട്‌ബോള്‍ ദൈവം ലയണല്‍ മെസി അടിവരയിട്ടു തെളിയിക്കുന്നു.മെസിയുടെ മാന്ത്രിക കാലുകളുടെ കരുത്തില്‍ ചാംപ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായതിന്റെ നാണക്കേടില്‍നിന്ന് വന്‍ജയവുമായി ബാഴ്‌സലോണ തിരിച്ചുവരുന്നു. ലാ ലീഗയില്‍ ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ചു കൊണ്ടിരുന്ന റയല്‍ സോസിഡാഡിനെയാണ് ബാഴ്സിലോണ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു ബാഴ്സയുടെ ജയം. ലാ ലീഗയില്‍ കിരീട പോരാട്ടത്തില്‍ അത്ലറ്റിക്കോ മാഡ്രിഡിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന പ്രകടനമാണ് ബാഴ്സിലോണ കാഴ്ചവച്ചത്. പി എസ് ജിയോട് തോറ്റ് ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതോടെ ലീഗ് കിരീടം നേടുമെന്ന വാശിയോടെയാണ് ബാഴ്‌സ, സൊസൈഡാഡിനെ തകര്‍ത്തത്.
ജയത്തോടെ അത്‌ലറ്റികോ മാഡ്രിഡിന് പിന്നില്‍ രണ്ടാം സ്ഥാനത്ത് എത്താനും ബാഴ്സലോണക്കായി. ബാഴ്സലോണക്ക് വേണ്ടി അന്റോണിയോ ഗ്രീസ്മാന്‍ ആണ് ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് സെര്‍ജിനോ ഡെസ്റ്റിന്റെയും മെസ്സിയുടെയും ഇരട്ട ഗോളുകളില്‍ ബാഴ്സലോണ മത്സരം കൈ പിടിയിലൊതുക്കുകയായിരുന്നു. ബാഴ്സലോണയുടെ മറ്റൊരു ഗോള്‍ നേടിയത് ഡെംമ്പലെയാണ്. റയല്‍ സോസിഡാഡിന്റെ ആശ്വാസ ഗോള്‍ നേടിയത് ആന്‍ഡെര്‍ ബാറന്‍നെക്‌സിയ ആണ്
ഇന്നലത്തെ മത്സരത്തിലും ഗോള്‍ നേടിയതോടെ 2021ല്‍ കളിച്ച എല്ലാ മത്സരങ്ങളിലും മെസ്സി ഗോള്‍ നേടുകയോ അല്ലെങ്കില്‍ അസിസ്റ്റ് കൊടുക്കുകയോ ചെയ്തിട്ടുണ്ട്. 12 കളികളില്‍ നിന്നായി 15 ഗോളും ഏഴ് അസിസ്റ്റും താരം നേടി. ഈ സീസണില്‍ ബാഴ്‌സ നേടിയ 31 ഗോളുകളിലും മെസ്സിയുടെ പങ്ക് ഉണ്ടായിരുന്നു. താരം 23 ഗോളുകള്‍ നേടുകയും 8 അസിസ്റ്റുകള്‍ നല്‍കുകയും ചെയ്തു.
ഇന്നലെ നേടിയ ജയത്തോടെ ബാഴ്‌സ ലീഗില്‍ തങ്ങളുടെ തുടര്‍ച്ചയായ ഒമ്പതാം എവേ മത്സരത്തിലും ജയം സ്വന്തമാക്കി. ഏപ്രില്‍ പത്തിന് റയല്‍ മാഡ്രിഡുമായി നടക്കുന്ന എല്‍ ക്ലാസികോ ജയിച്ചാല്‍ തുടര്‍ച്ചയായി പത്ത് എവേ ജയങ്ങള്‍ എന്ന റെക്കോര്‍ഡും സ്വന്തമാക്കാം.
ഇന്നലത്തെ മത്സരത്തില്‍ ഇറങ്ങിയതോടെ മെസ്സി ബാഴ്‌സലോണക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം എന്ന റെക്കോര്‍ഡ് മെസ്സി സ്വന്തമാക്കി. ബാഴ്‌സ ജെഴ്‌സിയില്‍ 768ാമത്തെ മത്സരമാണ് മെസ്സി ഇന്നലെ പൂര്‍ത്തിയാക്കിയത്. ബാഴ്‌സിലോണ ജെഴ്‌സിയില്‍ 767 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സാവിയാണ് രണ്ടാം സ്ഥാനത്ത്.
ലീഗില്‍ കിരീടത്തിനു വേണ്ടി ശക്തമായ പോരാട്ടമാണ് ആദ്യ മൂന്നു ടീമുകളായ അത്ലറ്റികോ മാഡ്രിഡും റയല്‍ മാഡ്രിഡും ബാഴ്‌സലോണയും കാഴ്ചവയ്ക്കുന്നത്. 28 കളികള്‍ പൂര്‍ത്തിയായപ്പോള്‍ 66 പോയിന്റുമായി അത്ലറ്റിക്കോ ഒന്നാമതും 62 പോയിന്റുമായി ബാഴ്‌സ രണ്ടാമതും 60 പോയിന്റുമായി റയല്‍ മൂന്നാമതുമാണ്.