കോട്ടയം: കോറോണ സംശയത്തെ തുടര്‍ന്ന് സ്വന്തം പിതാവിന്റെ ഭൗതിക ശരീരം അവസാനമായി ഒരു നോക്ക് കാണാന്‍ പോലും കഴിയാതിരുന്ന ലിനോ ആബേലിന് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതായുള്ള സന്തോഷ വാര്‍ത്ത പങ്കുവെച്ച് ജേഷ്ഠന്‍ ലിജോ ആബേലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഉറക്കത്തില്‍ കട്ടിലില്‍ നിന്നു വീണ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച അച്ഛനെ കാണാനാനെത്തിയപ്പോഴാണ് കൊറോണ സംശയത്തെ തുടര്‍ന്ന് ലിനോയെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.
തൊട്ടടുത്തുണ്ടായിരുന്നിട്ടും പിതാവിനെ ഒരു നോക്ക് കാണാന്‍ പോലും കഴിയാതിരുന്ന ദയനീയാവസ്ഥ വിവരിച്ച് ലിനോ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നിരവധി പേര്‍ ലിനോയുടെ നിസഹായവസ്ഥ ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിന്നു. ഇതിനിടെയാണ് ലിനോ ആബേലിന് കോവിഡ്-19 വൈറസ് ബാധയില്ലെന്ന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞിരുന്ന അച്ഛനെ കാണാനാണ് ഖത്തറില്‍ നിന്ന് ലിനോ ആബേല്‍ നാട്ടില്‍ എത്തുന്നത്. എന്നാല്‍, കൊറോണ ഭീതി ശക്തമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ലിനോ സ്വമോധയ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്ത് ഐസോലേഷനില്‍ പ്രവേശിക്കുകയായിരിന്നു. ലിനോ ഐസോലേഷനില്‍ പ്രവേശിച്ച നാളുകളിലാണ് അച്ഛന്‍ ആബേലിന്റെ നില ഗുരുതരമാകുന്നതും ആന്തരിക രക്ത സ്രാവത്തെ തുടര്‍ന്ന് മരിക്കുന്നതും.
എല്ലാ മുന്‍ കരുതലുകളോടെയും ഖത്തറില്‍ നിന്നെത്തിയ ലിനോ, എന്‍95 മാസ്‌കുകള്‍ ധരിക്കുകയും
ആരോടും അടുപ്പം പാലിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അച്ഛന്‍ മരിച്ച ശേഷം കാണാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോഴത്തെ അവസ്ഥയില്‍ കഴിയില്ല എന്നായിരുന്നു അധികൃതരുടെ മറുപടി. തൊട്ടടുത്ത് ഉണ്ടായിട്ടും കരയാന്‍ മാത്രമാണ് കഴിഞ്ഞത്. ഒരു പക്ഷേ റിപ്പോര്‍ട്ട് ചെയ്യാന്‍ നിന്നില്ലായിരുന്നെങ്കില്‍ അച്ഛനെ കാണാന്‍ കഴിയുമായിരുന്നുവെന്ന് ലിനോ ഫേസ്ബുക്കില്‍ കുറിച്ചിരിന്നു. ലിനോയുടെ കുറിപ്പ് സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ചയായിരിന്നു.