33.4 C
Kottayam
Sunday, April 21, 2024

സ്ത്രീ ഏറ്റവുമധികം സുന്ദരിയാവുന്നത് മുപ്പതുകളിലോ,വൈറലായി അധ്യപികയുടെ കുറിപ്പ്

Must read

 

കൊച്ചി: ഒരു സ്ത്രീ ഏറ്റവുമധികം സുന്ദരിയായിരിയ്ക്കുന്നത് ഏത് പ്രായത്തിലാണ്.മുപ്പതുകളിലന്നൊണ് കുണ്ടൂര്‍ പി.എം.എസ്.ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ജേര്‍ണലിസം അധ്യാപിക ലിഖിതാ ദാസിന്റെ അഭിപ്രായം.എഴുതിയും മായ്ച്ചും മങ്ങിപ്പോയ  കണ്മഷിക്കാലവും കടന്ന് കണ്ണിനും പുരികത്തിനുമിടയ്ക്ക് അമാവാസി പരക്കുന്ന
മുപ്പതുകളിലാണ് ഏറ്റവും വശ്യമായി അവള്‍ കണ്ണുകള്‍ കൊണ്ട് സംസാരിച്ചു തുടങ്ങുന്നത്.നോക്കിനോക്കിയിരിക്കേ ഉന്മാദത്തിലെന്നപോലെ നിങ്ങളവളിലേയ്ക്ക്
ആഴ്ന്നു പോകുമെന്ന് ലിഖിത എഴുതുന്നു. ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞ കുറിപ്പിനെ അഭിന്ദിച്ച് നിരവധികമന്റുകളുമുണ്ട്.

ലിഖിതയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപമിങ്ങനെ
മുപ്പതുകളിലാണ് ഒരുവള്‍
ഏറ്റവും സുന്ദരിയാകുന്നത്..
ആദ്യമായി പ്രണയിച്ചു മുറിഞ്ഞ്
പിന്നീടുപിന്നീട്
വീണ്ടുമേറെക്കാലം ഇനിയുമേറെപ്പേരെ പ്രണയിച്ച്
പ്രേമത്തിന്റെ ഒഴുക്കുള്ള ഭാഷ
അവള്‍ വശപ്പെടുത്തിയിരിക്കും.
കാരണങ്ങളൊന്നുമില്ലാതെ
നിങ്ങളവളോട് പ്രേമത്തില്‍ പെട്ടുപോകും.

എഴുതിയും മായ്ച്ചും മങ്ങിപ്പോയ
കണ്മഷിക്കാലവും കടന്ന്
കണ്ണിനും പുരികത്തിനുമിടയ്ക്ക്
അമാവാസി പരക്കുന്ന
മുപ്പതുകളിലാണ് ഏറ്റവും വശ്യമായി
അവള്‍ കണ്ണുകള്‍ കൊണ്ട്
സംസാരിച്ചു തുടങ്ങുന്നത്.
നോക്കിനോക്കിയിരിക്കേ
ഉന്മാദത്തിലെന്നപോലെ
നിങ്ങളവളിലേയ്ക്ക്
ആഴ്ന്നു പോകും..

അയയില്‍ ഉണങ്ങാനിടുന്ന
അവളുടെ ചുരിദാറുകള്‍ക്ക്
വലിപ്പം വച്ചെന്നും
അളവുകള്‍ കുഴലുപോലെയെന്നും അഭിപ്രായപ്പെട്ട് നിങ്ങള്‍
വീടിനകത്തേയ്ക്ക് കയറുമ്പൊഴാകും
അവള്‍ കണ്ണാടിയ്ക്ക് മുന്‍പില്‍ നിന്ന്
പൊക്കിള്‍ച്ചുഴിയിപ്പോഴും
മനോഹരമാണെന്നും
നേര്‍ത്ത വെള്ള വരകള്‍
അരഞ്ഞാണത്തേക്കാള്‍
സുന്ദരമാണെന്നും നിങ്ങളോട്
നാണിച്ചു പറയുക.
അവള്‍ക്കപ്പൊ ലോകത്തിലെ
ഏറ്റവും നല്ല പഴത്തിന്റെ മധുരമാണെന്ന് നിങ്ങള്‍ക്ക് തോന്നും.

നെയ്‌കെട്ടി അരയൊതുക്കം നഷ്ടപ്പെട്ട
ഇടുപ്പിന് എല്ലിനേക്കാള്‍ മാര്‍ദ്ദവമുണ്ടെന്ന്
പറഞ്ഞു ചിരിച്ച്
അവള്‍ സാരി ഭംഗിയില്‍ ഞൊറിയും..
ഒതുങ്ങിക്കിട്ടാത്ത സാരിത്തലപ്പ്
മടക്കിപ്പിടിയ്ക്കുന്നതിനിടയില്‍
നിങ്ങളുടെ മുഖം
അരക്കെട്ടിലവള്‍ ചുറ്റിപ്പിടിയ്ക്കും.
സ്‌നേഹം കൊണ്ടൊ പാരവശ്യം കൊണ്ടൊ
നിങ്ങളവളെ ആര്‍ത്തിയോടെ ചുംബിക്കും.

എത്ര ദിവസമായി ഒന്നിച്ചിരുന്നിട്ടെന്ന്
ഉമ്മറത്തു വന്ന് അവള്‍ പിന്നിലൂടെ കെട്ടിപ്പിടിയ്ക്കും..
കറിയ്ക്കരിഞ്ഞും കുട്ടികളെപ്പോറ്റിയും
നിങ്ങളെപ്പോറ്റിയും
തഴക്കം വന്ന കൈകൊണ്ട്
അവള്‍ മുടിയില്‍ തലോടും.
കുഞ്ഞിനെപ്പോലെ..അവളുടെ ആദ്യത്തെ
കുഞ്ഞിനെപ്പോലെ നിങ്ങള്‍
മുലക്കണ്ണുതേടി വിതുമ്പും..
അവളുടെ കൈകള്‍ക്കുള്ളില്‍
മുഖം പൂഴ്ത്തി നിങ്ങളാ നിമിഷത്തില്‍
മരിച്ചുപോകാനാഗ്രഹിക്കും.

ചുരുട്ടിക്കെട്ടി മിനുക്കംപോയ
മുടിക്കെട്ടില്‍ അവള്‍
ചെമ്പരത്തിയെണ്ണ തേച്ചു തുടങ്ങിയിരിക്കും.
പുലര്‍ച്ചെ അവളെഴുന്നേറ്റുപോയ
തലയിണയില്‍ മൂക്കമര്‍ത്തി
നിങ്ങള്‍ക്ക് ഉറക്കം കെട്ടുപോകും.
ആ നേരം..അവളെ കാണണമെന്ന്
കണ്ടേ തീരുവെന്ന്
തീവ്രമായ തോന്നല്‍ വന്നു മുട്ടുമ്പൊ
മെല്ലെയെഴുന്നേറ്റ് അടുക്കളയില്‍
ചെന്ന് നോക്കുക.
അതൊരു സ്വര്‍ഗ രാജ്യമായിരിക്കും.
ഒറ്റമൂളിപ്പാട്ടുകൊണ്ട്
മെയ്വഴക്കത്തോടെ
അവള്‍ അവളുടെ സാമ്രാജ്യം ഭരിക്കുന്നത്
കാണാവും.

ഒരേസമയം
ഇരുത്തം വന്നൊരു സ്ത്രീയും
അടുത്ത നിമിഷത്തില്‍ എന്തു വികൃതിയും
കാട്ടാന്‍ പോന്നത്ര കുറുമ്പിയും,
അലസയും ഉന്മാദിനിയുമായ ഒരുവളുമായി
മാറാനവള്‍ക്ക് സാധിക്കും.
ഏറ്റവും വേഗത്തിലോടുന്ന അശ്വമായും
സുന്ദരമായൊരു നഗരമായും
ദിക്കു തെറ്റിയ്ക്കുന്ന കാടായും
മനോഹരമായ ഒരു നൃത്തമായും
അവള്‍ നിങ്ങളെ ഭ്രമിപ്പിച്ചുകൊണ്ടേയിരിക്കും

നനഞ്ഞ മണ്ണിലേയ്ക്കിനിയൊന്ന്
കവിള്‍ വച്ചു നോക്കൂ..
അവള്‍ പാടുന്നതു കേള്‍ക്കാം.
എന്നിട്ട് തെരുവിലേയ്ക്കിറങ്ങൂ..
മുപ്പതുകഴിഞ്ഞൊരുവള്‍
പൂരത്തിന്റെ തലയെടുപ്പോടെ നടന്നുപോകുന്നത് നിങ്ങള്‍
കണ്ണെടുക്കാതെ നോക്കി നില്‍ക്കും..
– തീര്‍ച്ച..!

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week