പേന്‍കടിയേറ്റ് 12 കാരി മരിച്ചു,മാതാപിതാക്കള്‍ അറസ്റ്റില്‍
മാക്കോന്‍: മൂന്ന് വര്‍ഷത്തോളം വൃത്തിഹീനമായ കിടക്കയില്‍ കിടത്തിയതിനാല്‍ നിരന്തരം പേന്‍കടിയേറ്റ് 12 കാരി മരണപ്പെട്ടു. നിരന്തരം പേന്‍കള്‍ കടിച്ച് ഒടുവില്‍ ഹൃദയാഘാതം വന്നാണ് കെയ്റ്റ്ലിന്‍ യോസ്വിയാക്ക് എന്ന ജോര്‍ജിയക്കാരി പെണ്‍കുട്ടി മരണപ്പെട്ടത്.
കെയ്റ്റ്ലിന്‍റെ മാതാവ് മേരി കാതറിന്‍ (37) അച്ഛന്‍ ജോയി യോസ്വിയാക്ക് (38) വയസ് എന്നിവരെ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ സെക്കന്‍റ് ഗ്രേഡ് കൊലപാതകത്തിനും, ബാലപീഡനത്തിനും കേസ് എടുത്തു. ജോര്‍ജിയന്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷനാണ് കേസ് അന്വേഷിച്ചത്. ഇതുവരെ കണ്ടതില്‍ ഏറ്റവും ഭീകരമായ കേസ് എന്നാണ് അന്വേഷണ ഉദ്യേഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
കുട്ടിയെ അച്ഛനും അമ്മയും ദിവസങ്ങളോളം കുളിപ്പിക്കാറില്ലെന്നും, തീര്‍ത്തും വൃത്തി ഹീനമായ പരിസരത്താണ് കുട്ടിക്ക് കിടക്ക ഒരുക്കാറെന്നും അന്വേഷണ സംഘം കണ്ടെത്തി. നിരവധി ഉരഗങ്ങള്‍ കുട്ടിക്ക് ഒപ്പം ആ മുറിയില്‍ ഉണ്ടായിരുന്നു. ഒപ്പം കിടക്ക നിറയെ പേന്‍യും. കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്.
അനീമിയ രോഗിയായ കെയ്റ്റ്ലിന്‍ ഹൃദയാഘാതം മൂലമാണ് മരിച്ചത് എന്നാണ് പ്രഥമിക ആരോഗ്യ പരിശോധനയില്‍ തെളിഞ്ഞത്. ഇത് കോടതിയില്‍ ജോര്‍ജിയന്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ അറിയിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം കേസ് ചുമത്തപ്പെട്ട ദമ്പതികള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മരിച്ച കെയ്റ്റ്ലിന്‍ കൂടാതെ ഈ ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ ഉണ്ട്. എന്നാല്‍ ഇവരെ ഇവര്‍ ശ്രദ്ധിക്കാത്തതിനെ തുടര്‍ന്ന് ശിശുക്ഷേമ വിഭാഗം ഈ കുട്ടികളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
രണ്ട് മാസം മുന്‍പാണ് അവസാനമായി കെയ്റ്റ്ലിനെ വീട്ടിന് പുറത്ത് കണ്ടത് എന്നാണ് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞത്. അതേ സമയം നിരന്തരം പേന്‍ കടിയേറ്റാണ് കെയ്റ്റ്ലിന്‍റെ രക്തത്തില്‍ ഇരുമ്പിന്‍റെ അംശം കുറഞ്ഞ് അനീമിയ രോഗിയായി അവള്‍ മാറിയതെന്നും. ഇതാണ് ഹൃദയാഘാതത്തിലേക്ക് നയിച്ചത് എന്നുമാണ് പൊലീസിന് ആരോഗ്യ വിദഗ്ധരില്‍ നിന്നും ലഭിച്ച നിഗമനം.