KeralaNews

മരിക്കാന്‍ അനുവാദം തേടി രാഷ്ട്രപതിക്ക് കത്ത്

കല്‍പ്പറ്റ: ആറ് വര്‍ഷമായി നീതിക്ക് വേണ്ടി കളക്ടറേറ്റ് പടിക്കല്‍ സത്യാഗ്രഹം നടത്തുന്ന കാഞ്ഞിരത്തിനാല്‍ കുടുംബാംഗം ജെയിംസ് ജീവനൊടുക്കാന്‍ അനുമതി തേടി രാഷ്ട്രപതിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റീസിനും കത്തയച്ചു. വനം വകുപ്പ് പിടിച്ചെടുത്ത കൃഷി ഭൂമി തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് 2015 ആറസ്റ്റ് 15 നാണ് സമരം ആരംഭിച്ചത്. വര്‍ഷം ആറ് കഴിഞ്ഞിട്ടും നീതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് കുടുംബസമേതം ജീവനൊടുക്കുന്നതിന് അനുമതി തേടി കത്തയച്ചത്.

1985 ഫെബ്രുവരി 18 ലെ ഫോറസ്റ്റ് ട്രിബ്യുണല്‍ വിധിയും വനം വകുപ്പ് 2013 ല്‍ പുറപ്പെടുവിച്ച വിജ്ഞാപനവും റദ്ദ് ചെയ്ത് ഭൂമി തിരികെ തരണമെന്നാവശ്യപ്പെട്ടായിരുന്നു സത്യാഗ്രഹം തുടങ്ങിയത്. തന്റെ ഭൂമിയില്‍ ജീവിക്കാനുള്ള അനുവാദം നിഷേധിക്കപ്പെട്ടതോടെ ജീവിതം വഴിമുട്ടിയെന്നും, ഇനി കുടുംബത്തോടെ ജീവിതം അവസാനിപ്പിക്കാനുള്ള അനുമതി വേണമെന്നും കാണിച്ചാണ് ഉന്നത നീതിപീഠത്തിനും രാഷ്ട്രപതിക്കും കത്ത് അയച്ചത്.

കാഞ്ഞിരങ്ങാട് വില്ലേജില്‍ അവകാശപ്പെട്ട 12 ഏക്കര്‍ കൃഷി ഭൂമി തിരികെ തരികയോ അല്ലെങ്കില്‍ ഭൂമിയുടെ കമ്‌ബോള വില ലഭ്യമാക്കുകയോ ചെയ്യണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഇദ്ദേഹം. പകര ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചെങ്കിലും സ്വീകരിക്കാന്‍ കുടുംബം തയ്യാറായില്ല. പകരം ഭൂമി സ്വീകരിക്കുന്നത് വീണ്ടും നിയമകുരുക്കില്‍ അകപ്പെടുന്നതിന് വഴിയൊരുക്കുമെന്നാണ് കുടുബത്തിന്റെ പക്ഷം.

വി.എസ്. അച്ച്യുതാന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസഭ തീരുമാനിച്ചതനുസരിച്ച് കാഞ്ഞിരങ്ങാട് വില്ലേജിലെ ഭൂമി കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് വിട്ടുകൊടുത്തിരുന്നു. ഈ നടപടി തൃശൂര്‍ ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയുടെ ഹര്‍ജിയില്‍ ഹൈക്കോടതി തടഞ്ഞു. ഈ പശ്ചാത്തലത്തിലാണ് പകരം ഭൂമി സ്വീകരിക്കുന്നത് ഉചിതമാകില്ലെന്ന് കുടുംബത്തിന്റെ വാദം. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് പകരം നല്‍കാന്‍ ജില്ലയില്‍ ഭൂമി ലഭ്യമല്ലെന്നും കേരള ഭൂ പതിവ് ചട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഭൂമി പതിച്ചുകൊടുക്കാന്‍ കഴിയില്ലെന്നും ജില്ലാ കളക്ടര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

ഭൂമിയുടെ കമ്‌ബോള വില സ്വീകരിച്ച് സമരം അവസാനിപ്പിക്കാന്‍ കുടുംബം ഒരുക്കമാണ് എന്നാല്‍ കമ്‌ബോളവിലയുടെ കാര്യത്തില്‍ കുടുംബവും സര്‍ക്കാരും സമവായത്തിലെത്തിയില്ല. സെന്റിന് രണ്ടര ലക്ഷം രൂപയാണ് കാഞ്ഞിരത്തിനാല്‍ കുടുംബം ആവശ്യപ്പെടുന്ന കമ്പോളവില. എന്നാല്‍ ഭൂവിലയായി സെന്റിന് 12000 രൂപയാണ് ജില്ലാ ഭരണകൂടം കണക്കാക്കിയത്. ഭൂമിയിലെ കുഴിക്കൂര്‍ ചമയങ്ങളുടെ വില കണക്കാക്കി ജില്ലാ കളക്ടറെ അറിയിക്കാന്‍ വനം വകുപ്പ് തയ്യാറാകുന്നുമില്ല. കാഞ്ഞിരങ്ങാട് വില്ലേജില്‍ സര്‍വ്വെ നമ്ബര്‍ 238/1ലാണ് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് അവകാശപ്പെട്ട ഭൂമി. കാഞ്ഞിരത്തിനാല്‍ ജോര്‍ജ്, ജോസ് സഹോദരന്മാര്‍ക്ക് ജന്മാവകാശം ഉണ്ടായിരുന്ന സ്ഥലം അടിയന്തിരാവസ്ഥ കാലത്താണ് വനം വകുപ്പ് പിടിച്ചെടുത്തത്. കാപ്പിയും കുരുമുളകുമുണ്ടായിരുന്ന സ്ഥലം 2013-ല്‍ വനഭൂമിയായി വിജ്ഞാപനം ചെയ്തു.

ജോര്‍ജിന്റെ മരണശേഷമായിരുന്നു ഇത്. ഭൂമി തിരികെ കിട്ടുന്നതിന് വേണ്ടി നടത്തിയ വ്യവഹാരങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ജോര്‍ജിന്റെ അനന്തരാവകാശികളില്‍ ഒരാളായ ജെയിംസും കുടുംബവും കളക്ട്രേറ്റ് പടിക്കല്‍ സമരം തുടങ്ങിയത്. വനം വകുപ്പ് പിടിച്ചെടുത്തത് കാഞ്ഞിരത്തിനാല്‍ കുടുംബം വിലക്ക് വാങ്ങിയ കൃഷിഭൂമിയാണെന്ന് ഇതിനകം നടന്ന അന്വേഷണങ്ങളില്‍ വ്യക്തമായതാണ്. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് നിയമസഭ പെറ്റിഷന്‍സ് കമ്മിറ്റിയും ഭൂമി പ്രശ്‌നം അന്വേഷിച്ച് ഒരു വര്‍ഷം മുമ്ബ് റിപ്പോര്‍ട്ട് നല്‍കിയതാണ്. ഭൂമി കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് അവകാശപ്പെട്ടതാണെന്നും തിരികെ കൊടുക്കണമെന്നുമായിരുന്നു റിപ്പോര്‍ട്ടില്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker