ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഥാര്‍ ലേലത്തില്‍ പങ്കെടുത്തത് എല്ലാ നിയമനടപടികളും പാലിച്ചാണെന്ന് അമല്‍ മുഹമ്മദലി. ലേലത്തിന് ശേഷം വാഹനം വിട്ടു നല്‍കില്ലെന്ന് ദേവസ്വത്തിന് പറയാനാകില്ലെന്നും ഈ നിലപാട് ശരിയല്ലെന്നും അമല്‍ പറഞ്ഞു. ലേലം റദ്ദാക്കിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും അമല്‍ പറഞ്ഞതായി ഒരു പ്രമുഖ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച മഹീന്ദ്രയുടെ ന്യൂ ജനറേഷന്‍ എസ്യുവി ഥാര്‍ ശനിയാഴ്ചയാണ് ലേലം ചെയ്തത്. എന്നാല്‍ ലേലത്തിന് പിന്നാലെ വാഹനം വിട്ടുനല്‍കുന്നതിനെ കുറിച്ച തര്‍ക്കവും ആരംഭിച്ചു. വാഹനം കൈമാറുന്ന കാര്യത്തില്‍ പുനരാലോചന വേണ്ടി വരുമെന്ന് ദേവസ്വം ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസ് പ്രതികരിച്ചു.
ലേലം ഉറപ്പിക്കുന്ന കാര്യത്തില്‍ 21ന് ചേരുന്ന ഭരണ സമിതിയാണ് അന്തിമ തീരുമാനം എടുക്കുകയെന്നും ഭരണസമിതിയില്‍ അഭിപ്രായവ്യത്യാസം ഉണ്ടായാല്‍ തീരുമാനം മാറ്റേണ്ടിവരുമെന്നും മോഹന്‍ദാസ് പറഞ്ഞു. 15 ലക്ഷം രൂപയാണ് ലേലത്തിന്റെ അടിസ്ഥാന വിലയായി ദേവസ്വം നിശ്ചയിച്ചിരുന്നത്. അതില്‍ പതിനായിരം രൂപ കൂട്ടി വിളിച്ച് 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് എറണാകുളം സ്വദേശി അമല്‍ മുഹമ്മദ് അലി ലേലം ഉറപ്പിച്ചത്.
ഡിസംബര്‍ നാലിനാണ് ചുവന്ന നിറത്തിലുള്ള ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണ് ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ചത്. വിപണിയില്‍ ഈ വാഹനത്തിന് 13 മുതല്‍ 18 ലക്ഷം വരെ വിലയുണ്ട്. ഥാറിന്റെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റം വരുത്താതെ പഴയ കാല മഹീന്ദ്ര ജീപ്പുകളെ അനുസ്മരിപ്പിക്കുന്ന ഡിസൈനില്‍ തയാറാക്കിയ ഈ വാഹനം 2020 ഒക്ടോബര്‍ 2നാണ് വിപണിയില്‍ അവതരിപ്പിച്ചത്.
സവിശേഷമായ പല ഫീച്ചറുകളും പുതിയ ഥാറിലുണ്ട്. 2200 സിസിയാണ് എന്‍ജിന്‍. 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് ഥാറില്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം എല്‍.എക്‌സ് വേരിയന്റില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കിയിട്ടുണ്ട്.
ഗുരുവായൂര്‍ കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡിന്റെ ചീഫ് ഓഫ് ഗ്ലോബല്‍ പ്രോഡക്ട് ഡവലപ്‌മെന്റ് ആര്‍. വേലുസ്വാമി വാഹനത്തിന്റെ താക്കോല്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി മോഹന്‍ദാസിന് കൈമാറി. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി വിനയന്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് വൈസ് ചെയര്‍മാന്‍ ജോസ് സാംസണ്‍, കേരള കസ്റ്റമര്‍ കെയര്‍ ഹെഡ് കണ്ടപ്പാ പറ്റിത്, ഏരിയ സെയില്‍സ് മാനേജര്‍ ജഗന്‍കുമാര്‍ ഡി.എച്ച്, ക്ഷേത്രം ഡി.എ പി. മനോജ് കുമാര്‍, ക്ഷേത്രം മാനേജര്‍ എ.കെ രാധാകൃഷ്ണന്‍, അസിസ്റ്റന്റ് മാനേജര്‍ രാമകൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.