ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കോടതി കെട്ടിടത്തിനുള്ളില്‍ അഭിഭാഷകന്‍ മരിച്ച നിലയില്‍. ലഖ്നൗവിലെ ഷാജഹാന്‍പൂരിലുള്ള ജില്ലാ കോടതിയിലാണ് സംഭവം. ഭൂപേന്ദ്ര സിംഗ് എന്ന അഭിഭാഷകനാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. പോലീസ് അന്വേഷണമാരംഭിച്ചു.
കോടതി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് മൃതദേഹം കിടന്നത്. സമീപത്തുനിന്ന് തോക്കും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംശയാസ്പദമായ ആരെയും പരിസരത്ത് കണ്ടിരുന്നില്ലെന്നും അഭിഭാഷകന്‍ തനിച്ചായിരുന്നെന്നുമാണ് സാക്ഷികള്‍ പറയുന്നത്. പോലീസും ഫൊറന്‍സിക് സംഘവും സ്ഥലം പരിശോധിച്ചുവരികയാണ്. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഭൂപേന്ദ്ര സിംഗ് അഞ്ചുവര്‍ഷത്തോളമായി അഭിഭാഷകനായി ജോലി ചെയ്തുവരികയായിരുന്നു. പൊലീസ് അന്വേഷണമാരംഭിച്ചു.
കഴിഞ്ഞ മാസം ഡല്‍ഹി രോഹിണി കോടതിയില്‍ മാഫിയ സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. അക്രമത്തില്‍ ആറ് പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തു. കോടതിയിലെ രണ്ടാം നിലയിലെ 207-ാം നമ്പര്‍ മുറിയിലാണ് വെടിവെയ്പ്പ് നടന്നത്. കൊടുംകുറ്റവാളി ജിതേന്ദര്‍ ഗോഗിയുടെ വിചാരണ നടക്കുന്നതിനിടെ അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ട് പേര്‍ കോടതിമുറിയില്‍ പ്രവേശിച്ച് ഗോഗിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.