നിറചിരിയുമായി മഞ്ജു വാര്യർ; ഈ ചിരി അഴകെന്ന് ആരാധകർ
മഞ്ജു വാര്യരോളം മലയാളി സ്നേഹിക്കുന്ന മറ്റൊരു അഭിനേത്രിയുണ്ടോ എന്ന് ഒരുവേള സംശയിക്കേണ്ടിയിരിക്കുന്നു, അത്രയേറെ പ്രിയങ്കരിയാണ് മലയാളികൾക്ക് മഞ്ജു വാര്യർ. മഞ്ജു സിനിമയിൽ അരങ്ങേറ്റം കുറിച്ച തൊണ്ണൂറുകളുടെ പകുതിയിലും, പിന്നീട് 14 വർഷത്തോളം സിനിമ വിട്ടു നിന്ന കാലത്തും തിരികെ എത്തിയപ്പോഴുമെല്ലാം ഏറെ സ്നേഹത്തോടെയും സ്വന്തം വീട്ടിലെ കുട്ടിയെന്നതുപോലെയുമാണ് മലയാളികൾ മഞ്ജുവിനെ ചേർത്തുപിടിച്ചത്. പൊതുവെ സൂപ്പർസ്റ്റാർ പട്ടം നായകൻമാർക്ക് മാത്രം കൽപ്പിച്ചുകൊടുക്കാറുള്ള സിനിമാലോകത്ത് മഞ്ജുവും
സിനിമകളിലെ മഞ്ജുവിനെ മാത്രമല്ല, ജീവിതത്തിലെ മഞ്ജുവിനെയും മലയാളികൾക്ക് ഇഷ്ടമാണ്. അതുകൊണ്ടുതന്നെയാണ്, സ്ക്രീന് അപ്പുറത്തെ മഞ്ജുവിന്റെ വിശേഷങ്ങളറിയാനും ചിത്രങ്ങൾ കാണാനുമൊക്കെ ആരാധകർക്കിത്ര താൽപ്പര്യവും. നടിയെന്ന രീതിയിൽ മാത്രമല്ല, വ്യക്തിയെന്ന രീതിയിലും മഞ്ജുവിനോട് ഏറെ ബഹുമാനവും സ്നേഹവും സൂക്ഷിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും.
മഞ്ജുവിന്റെ ഫാഷൻ സ്റ്റേറ്റ്‌മെന്റുകളും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയ നിരന്തരം ആഘോഷമാക്കുന്നത്. അനുദിനം ചെറുപ്പമാകുന്ന നടി എന്നാണ് മഞ്ജുവിനെ ആരാധകർ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ, മഞ്ജു പങ്കുവച്ച പുതിയ ചിത്രങ്ങളും ശ്രദ്ധ കവരുകയാണ്. “ഉറക്കെ ചിരിക്കൂ, ഇടയ്ക്ക് ചിരിക്കൂ, ഏറ്റവും പ്രധാനമായി നിങ്ങളോട് ചിരിക്കൂ,” എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് മഞ്ജു കുറിച്ചത്.
കലോത്സവവേദികളിലെ താരമായി പിന്നീട് സിനിമയുടെ ലോകത്തെത്തിയ അഭിനേത്രിയാണ് മഞ്ജു വാര്യർ. നൃത്തത്തിന്റെ പശ്ചാത്തലത്തിൽ നിന്നുമാണ് മഞ്ജു വാര്യർ അഭിനയത്തിലേക്ക് എത്തുന്നത്. രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലക പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യർ 1995-ൽ പുറത്തിറങ്ങിയ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയരംഗത്തെത്തിയത്. പിന്നീട് ‘സല്ലാപം’ എന്ന ചിത്രത്തിലൂടെ നായികയായും അരങ്ങേറ്റം കുറിക്കുകയായിരുന്നു.
മലയാളത്തിലെ പകരക്കാരില്ലാത്ത താരസാന്നിധ്യമാണ് മഞ്ജു വാര്യർ ഇന്ന്. 14 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ‘ഹൗ ഓൾഡ് ആർ യൂ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ മഞ്ജു വാര്യർ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിലും സൂപ്പർസ്റ്റാർ ആയി മാറിയിരിക്കുകയാണ്. മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് മഞ്ജു വാര്യർ.
പതിനാലു വർഷത്തോളം അഭിനയത്തിൽ നിന്നും വിട്ടുനിന്ന മഞ്ജു വാര്യരുടെ തിരിച്ചുവരവും നൃത്തത്തിലൂടെയായിരുന്നു. ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നൃത്തം ചെയ്തുകൊണ്ടാണ് മഞ്ജു കലാരംഗത്തേക്ക് തിരിച്ചെത്തിയത്. നൃത്തത്തോട് ഏറെ പാഷനുള്ള മഞ്ജു അഭിനയ തിരക്കിനിടയിലും നൃത്തപരിപാടികൾക്ക് സമയം കണ്ടെത്താറുണ്ട്.
രണ്ടാം വരവിൽ മലയാളത്തിനപ്പുറം തമിഴ് ചലച്ചിത്രരംഗത്തും മഞ്ജു തന്റെ അരങ്ങേറ്റം കുറിച്ചു. മഞ്ജുവിന്റെ കരിയർ ബെസ്റ്റ് പ്രകടനങ്ങളിൽ ഒന്നാണ് ‘അസുരൻ’ എന്ന വെട്രിമാരൻ ചിത്രത്തിൽ പ്രേക്ഷകർ കണ്ടത്.
പ്രജേഷ് സെൻ സംവിധാനം ചെയ്ത ‘മേരി ആവാസ് സുനോ’ ആണ് മഞ്ജുവിന്റെ അടുത്ത ചിത്രം. ജയസൂര്യയും മഞ്ജു വാര്യരുമാണ് നായികാനായകന്മാർ. ക്യാപ്റ്റൻ, വെള്ളം എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ. ജാക്ക് ആൻഡ് ജിൽ, കയറ്റം, ലളിതം സുന്ദരം എന്നു തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി ഇറങ്ങാനുള്ളത്.