മലപ്പുറത്ത് അതിശക്തമായ ഉരുള്‍പൊട്ടല്‍; മുപ്പതോളം വീടുകള്‍ മണ്ണിനടിയില്‍, അമ്പതോളം പേരെ കാണാനില്ല, രക്ഷാപ്രവര്‍ത്തനം തുടരുന്നു
മലപ്പുറം: മലപ്പുറത്ത് കവളപ്പാറയില്‍ ശക്തമായ ഉരുള്‍പൊട്ടല്‍. മുപ്പതോളം വീടുകള്‍ മണ്ണിനടിയിലായിട്ടുണ്ടെന്നാണ് വിവരം. അമ്പതോളം പേരെ കാണാതായെന്നാണ് സൂചന. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മഴ ശക്തമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഉണ്ടായതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തമാണിതെന്നാണ് വിലയിരുത്തല്‍.
വയനാട് മേപ്പാടി പുത്തുമലയിലുണ്ടായ മലയിടിച്ചിലില്‍ കാണാതായവര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. മുപ്പതിലധികം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെ നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിരവധി പേരെ കാണാതായതായി സംശയിക്കുന്നുണ്ട്. മണ്ണിനടിയില്‍ പെട്ട മൂന്നു പേരെ ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു.
വൈകിട്ട് അഞ്ചോടെയാണ് അതിഭീകരമായ ഉരുള്‍പൊട്ടലുണ്ടായത്. രണ്ടു എസ്റ്റേറ്റു പാടിയും പള്ളിയും അമ്പലവും മറ്റു സ്ഥാപനങ്ങളും ഉള്ള പ്രദേശത്തയിരുന്നു ഉരുള്‍പൊട്ടലുണ്ടായത്. പുത്തുമലയുടെ ഒരു ഭാഗം അപ്പാടെ താഴേക്ക് ഒലിച്ചു പോയി. പുത്തുമല പച്ചക്കാട്ടിലെ ചായക്കടയില്‍ ഉണ്ടായിരുന്നവര്‍ ഭീകര ദൃശ്യം കണ്ട് ഓടി രക്ഷപ്പെട്ടു. തേയിലത്തോട്ടത്തില്‍ ജോലിക്കെത്തിയ അസം സ്വദേശികളടക്കമുള്ളവര്‍ മണ്ണിനടിയില്‍ പെട്ടതായാണു സൂചന.