FootballNewsSports

15ാം വയസ്സില്‍ ബാഴ്സയ്ക്കായി അരങ്ങേറ്റം;16ാം വയസ്സില്‍ യൂറോകപ്പിലെ ‘വണ്ടര്‍ ഗോളും’പെ ലെയെ പിന്നിലാക്കിയ, മെസി കുളിപ്പിച്ച ലാമിന്‍ യമാലിന്റെ കഥ

്അലിയന്‍സ് അരീന: യുറോകപ്പ് സെമിഫൈനലിന്റെ 21 ാം മിനുട്ട്.. ഫ്രാന്‍സ് ഒരു ഗോളിന് മുന്നിട്ട് നില്‍ക്കുന്നു.സ്പെയിനിന്റെ ഫൈനല്‍ മോഹം കരിനിഴലിലാകുമോ എന്ന ആശങ്കയില്‍ സ്പെയിന്‍ ആരാധകരും.അപ്പോഴാണ് ഈ ടൂര്‍ണ്ണമെന്റിലെ തന്നെ അത്ഭുത ഗോള്‍ പിറക്കുന്നത്.അല്‍വാരോ മൊറാട്ട നല്‍കിയ പന്തുമായി മുന്നോട്ടുകയറി ഫ്രഞ്ച് ഡിഫന്‍ഡര്‍മാരെ ഡ്രിബിള്‍ ചെയ്ത് മുന്നേറിയ ഒരു പതിനാറുകാരന്റെ ഇടതുകാലില്‍നിന്നതാ പന്ത് ഫ്രാന്‍സിന്റെ ഗോള്‍പോസ്റ്റിനെ ലക്ഷ്യമാക്കി പറക്കുന്നു.കാലില്‍ നിന്ന് പന്ത് അപകടകരമായ കോര്‍ണ്ണറിലേക്ക് പറന്നുതുടങ്ങുമ്പോള്‍ തന്നെ ഫ്രാന്‍സ് ഗോള്‍ കീപ്പര്‍ മൈക്ക് മഗ്നാന്‍ പന്ത് ലക്ഷ്യമാക്കി ചാടിയെങ്കിലും സ്പെയിന്‍ താരനിര ഗോളാഘോഷം തുടങ്ങിയിരുന്നു.പ്രതീക്ഷ തെറ്റിയില്ല..ഫ്രാന്‍സിന്റെ ഗോള്‍ പോസ്റ്റിന്റെ വലതുഭാഗത്ത് തട്ടി പന്ത് വലയിലേക്കിറങ്ങി..

ഈ യുറോകപ്പില്‍ പിറവിയെടുത്ത ഏറ്റവും മോഹരമായ ഗോള്‍..കളക്കളത്തില്‍ ഇറങ്ങും മുന്‍പ് സാക്ഷാല്‍ പെലയുടെ റെക്കോര്‍ഡും ഗോള്‍ നേട്ടത്തിലുടെ യൂറോ കപ്പിന്റെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും ആ പതിനാറുകാരന്‍ ചരിത്രത്തിലേക്ക് നടന്നു കയറി.. അവന്റെ പേര് ലമീന്‍ യമാല്‍..ലയണല്‍ മെസ്സിയുടെ ഇടംകാലന്‍ ഷോട്ടിനെ അനുസ്മരിപ്പിക്കുന്ന ഷോട്ടുതിര്‍ത്ത ലമീന്‍ യമാല്‍ ഫുട്ബോള്‍ മിശിഹ ജ്ഞാനസ്നാനം ചെയ്യിപ്പിച്ച കുട്ടി കൂടിയാണ്.അങ്ങിനെ മെസ്സി കുളിപ്പിച്ച കുട്ടിയും ഫ്രാന്‍സിന്റെ മറ്റൊരു കിരീട മോഹത്തെ കണ്ണീരണിയിപ്പിക്കുകയാണ്.

ബാഴ്സലോണയില്‍ നിന്ന് ഏകദേശം 40 മിനിറ്റ് അകലെയുള്ള 120,000 നിവാസികളള്‍ മാത്രമുള്ള ചെറുനഗരമാണ് റോക്കഫോണ്ട. പ്രാദേശിക ക്ലബുകളുടെ രജിസ്ട്രേഷന്‍ ഫീസ് താങ്ങാന്‍ സാധിക്കാതെ കോണ്‍ക്രീറ്റ് ചെയ്ത ഫുട്‌ബോള്‍ കോര്‍ട്ടില്‍ നിന്നാണ് പാവപെട്ട കുട്ടികള്‍ ഫുട്ബോള്‍ കളിച്ചിരുന്നത്.കോണ്‍ക്രീറ്റിനാല്‍ പരുത്ത ഇതേ പ്രതലത്തില്‍ നിന്നാണ് ലാമിന്‍ യമാല്‍ തന്റെ ഫുട്‌ബോള്‍ യാത്ര ആരംഭിക്കുന്നത്.സ്പെയിനിലാണ് യമാലിന്റെ ജനനമെങ്കിലും രക്ഷിതാക്കള്‍ മറ്റുരാജ്യക്കാരാണ്.യമാലിന്റെ അച്ഛന്‍ മൊറൊക്കൊ വംശജനാണ്.അമ്മയുടെത് ഗിനിയയും.

35 വര്‍ഷം മുന്‍പാണ് ലാമിനിന്റെ കുടുംബം മൊറോക്കോയില്‍ നിന്ന് സ്‌പെയിനിലേക്ക് എത്തുന്നത്. യമാലിന്റെ മുത്തശ്ശി ഫാത്തിമയാണ് ആദ്യം സ്‌പെയിനിലേക്ക് വരുന്നത്.ആദ്യം തനിച്ച് വന്ന അവര്‍ പിന്നീട്് മക്കളെ കൊണ്ടുവരുകയായിരുന്നു.തുടര്‍ന്നാണ് യമാലിന്റെ ജനനം.എന്നാല്‍ യമാലിന് മൂന്നു വയസുള്ളപ്പോള്‍ അവന്റെ അമ്മയും അച്ഛനും വേര്‍പിരിഞ്ഞു.അതിനുശേഷം കുറച്ചുനാള്‍ തെക്കന്‍ മൊറോക്കയിലുള്ള ലാ ടൊറേറ്റയില്‍ അമ്മ ഷെയ്‌ലയ്‌ക്കൊപ്പമായിരുന്നു യമാലിന്റെ ജീവിതം.ഫാസ്റ്റ് ഫുഡ് വില്‍പ്പന കേന്ദ്രത്തില്‍ ജോലി ചെയ്താണ് അമ്മ ഷെയ്ല യമാലിനെ വളര്‍ത്തിയത്.ഇവിടെ വച്ച് അമ്മ പരിചയപ്പെട്ട ഒരാളാണ് യമാലിന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കുന്നത്.

ഒരു പ്രാദേശിക ഫുട്‌ബോള്‍ കളിക്കാരനായിരുന്ന ഇനോസെന്റെ ഡയസ് ആയിരുന്നു ആ നിര്‍ണ്ണായക വ്യക്തി.നാട്ടില്‍ അയാള്‍ അറിയപ്പെട്ടിരുന്നത് കുബാല എന്നായിരുന്നു.അക്കാലത്ത് ബാഴ്‌സയുടെ ഹീറോയായിരുന്നു ലാസ്ലോ കുബാല.ഇദ്ദേഹമാണ് ആണ് ഷെയ്‌ലയെ നിര്‍ബന്ധിച്ച് ലാ ടൊറേട്ടയില്‍ ക്ലബ്ബില്‍ യമാലിനെ ചേര്‍ക്കുന്നത്.പണം ഒരു പ്രശ്‌നമായിരുന്നുവെങ്കിലും യമാലിന്റെ കഴിവില്‍ വിശ്വാസമുണ്ടായിരുന്ന ക്ലബ് ഉടമസ്ഥര്‍ ആ ബാലന്റെ കളികള്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നു.ഇങ്ങനെ ഒരു ദിവസം ക്ലബ് കളിക്കിടെ ഒരാള്‍ യമാലിന്റെ കളി കാണാനിടയാവുകയും അയാള്‍ അപ്പോള്‍ തന്നെ ബാഴ്‌സയിലേക്ക് നേരിട്ട് വിളിക്കുകയും ആ പയ്യന് ഒരു ട്രയല്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.അങ്ങിനെ 2014 ല്‍ തന്റെ ഏഴാം വയസില്‍ യമാല്‍ ബാഴ്‌സയ്‌ക്കൊപ്പം പരിശീലനം ആരംഭിച്ചു.

യമാലിനെ സംബന്ധിച്ചിടത്തോളം റോക്കഫോണ്ട പട്ടണം തന്റെ കുടുംബം പോലെയാണ്.അവിടവുമായി പകരം വെക്കാന്‍ കഴിയാത്ത വൈകാരികമായ ആത്മബന്ധം നിലനില്‍ക്കുന്നുണ്ട്്.മുത്തശ്ശിയും സഹോദരങ്ങളും അമ്മാവന്മാരുമൊക്കെ റോക്കഫോണ്ടയിലുണ്ട്.ലാമിന്റെ അമ്മാവനായ അബ്ദുള്ളിന്റെ കൊച്ചു ബേക്കറിയുടെ പ്രവേശന കവാടത്തില്‍ തന്നെ യമാലിന്റെ ചിത്രം വരച്ചു വച്ചിട്ടുണ്ട്. ബാഴ്‌സയില്‍ ജേഴ്‌സിലുള്ള യമാലിന്റെ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ മൊറൊക്കോയുടെയും ഗിനിയയുടെയും സ്‌പെയ്‌ന്റെയും ദേശീയ പതാകകളും ചിത്രീകരിച്ചിട്ടുണ്ട്.

ബാഴ്സയുമായി യമാല്‍ കരാറൊപ്പിട്ടതിന് പിന്നാലെ അവനെ കൈപിച്ചുയര്‍ത്തിയ ഇനോസെന്റെ ഡയസ് മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്..ലാമിന്‍ യമാല്‍ പ്രതിഭാശാലിയായാണ്. ഈ പ്രായത്തില്‍; ഇത്രയും വലിയൊരു ടീമിന് വേണ്ടി കളിക്കാനിറങ്ങുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ല എന്നാല്‍ ലാമിനില്‍ എന്തോ മാന്ത്രികതയുള്ളതായാണ് എനിക്ക് അനുഭവപെടുന്നത്.ഒരിക്കല്‍ പരിശീലനത്തിനായി ഒന്നിച്ച് പോകുമ്പോള്‍ ഞാന്‍ ലാമിനോട് പറഞ്ഞു, ഒരു ദിവസം ബാഴ്സയുടെ കരാറില്‍ നീ ഒപ്പ് വെക്കുമെന്ന്. അന്ന് പക്ഷെ അങ്ങനെ ഒന്നും സംഭവിക്കില്ലെന്നായിരുന്നു ലാമിന്‍ പറഞ്ഞു കൊണ്ടിരുന്നത്. ഇന്ന് പക്ഷെ അത് നടന്നു കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 29 ന് വെറും 15 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് റയല്‍ ബെറ്റിസിനെതിരായി യമാല്‍ തന്റെ അരങ്ങേറ്റ മത്സരം കളിച്ചത്.ഈ നൂറ്റാണ്ടില്‍ ബാഴ്സയക്കായി അരങ്ങേറ്റം കുറിച്ച താരമായിരുന്നു യമാല്‍.വെറും പതിനൊന്ന് മിനുറ്റ് മാത്രമായിരുന്നു ആദ്യമത്സരത്തില്‍ യമാലിന് കളിക്കാന്‍ സാധിച്ചത്.എങ്കിലും അരാധകരുടെ മനംകവരാന്‍ അവന് കഴിഞ്ഞു.കളിയുടെ 83 ാം മിനുട്ടില്‍ പകരക്കാരന്റെ വേഷത്തിലായിരുന്നു കളത്തിലിറങ്ങിയത്.

ഗ്രൗണ്ടിലിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ താരത്തിന് ഗോളവസരം ലഭിച്ചെങ്കിലും ഗോളി തട്ടിയകറ്റുകയായിരുന്നു.ആ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ 12 ടച്ചുകളും 8 പാസുകളും താരം തന്റെ പേരില്‍ കുറിച്ചു.മത്സരശേഷം ലയണല്‍ മെസിയോടാണ് കോച്ച് സാവി യമാലിനെ ഉപമിച്ചത്.ഫൈനല്‍ തേഡില്‍ മെസിക്ക് സമാനമായ കഴിവുകളാണ് താരത്തിന്റെതെന്ന് സാവി വിലയിരുത്തി.പക്ഷെ അപ്പോള്‍ പോലും മെസിയും യമാലും തമ്മിലുള്ള പൂര്‍വ്വകാല കഥ സാവി അറിഞ്ഞുകാണില്ല.

ലാമിന്‍ യമാലിന്റെ പ്രകടനം അവിശ്വസനീയതയോടെ കണ്ടുനില്‍ക്കുകയാണ് ലോകം. കളിക്കളത്തില്‍ തന്റെ ഡ്രബ്ലിങ്, പാസിങ്, സ്‌കോറിങ് എല്ലാം അവിസ്മരണീയമാം വിധം കാണികളെ പിടിച്ചിരുത്തുന്നതാണ്.ലാ ലിഗ രൂപീകരിച്ച് 90 വര്‍ഷങ്ങള്‍ക്കിപ്പുറം ക്ലബ്ബിന്റെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ലാമിന്‍ യമാല്‍(15 വയസും 290 ദിവസങ്ങളും). മെസി കളിക്കുമ്പോള്‍ പ്രായം 17 വയസും 115 ദിവസങ്ങളുമായിരുന്നു.

കളിക്കളത്തില്‍ അസാധാരണയമായ പാടവം പുറത്തെടുക്കുന്ന യമാലിനെ ഫുട്‌ബോള്‍ ഇതിഹാസമായ മെസിയോടാണ് പലരും താരതമ്യം ചെയ്യുന്നത്.ബാഴ്സയുടെ മനേജറായിരുന്ന സാവി ഇത് പലയാവര്‍ത്തി പറഞ്ഞിട്ടുമുണ്ട്.പക്ഷെ അപ്പോഴൊന്നും ഇങ്ങനെയൊരു പൂര്‍വ്വകാല കഥ അവരുപോലും അറിഞ്ഞുകാണില്ല.16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുവരും തമ്മില്‍ കണ്ടുമുട്ടിയിരുന്നു.അന്ന് പക്ഷേ, യമാലിന് മെസ്സിയാരാണെന്ന് അറിയുകപോലുമുണ്ടായിരുന്നില്ല.ഇരുവരും ഒരുമിച്ചുള്ള അക്കാലത്തെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്.യമാലിന്റെ പിതാവാണ് ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്.

ഏകദേശം 16 വര്‍ഷം മുമ്പാണ് കഥ നടക്കുന്നത്.മെസി ഫുട്ബോള്‍ ഇതിഹാസമാകുമെന്ന് വിലയിരുത്തപ്പെട്ട് തുടങ്ങിയ കാലം.ഒരു ചാരിറ്റി കലണ്ടറിനായി ജോവാന്‍ മോണ്‍ഫോര്‍ട്ട് എന്ന പ്രശസ്ത ഫോട്ടോഗ്രാഫര്‍ മെസിയെയും ഒരു കുഞ്ഞിനെയും വെച്ച് ഒരു ചിത്രമെടുത്തു.മെസിക്ക് പിന്നാലെ കായികലോകം പായുമെന്ന് അന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞിരുന്നു.എന്നാല്‍ മെസി കളിപ്പിക്കുന്ന കുഞ്ഞ് ഒരുനാള്‍ ലോക ഫുട്ബോളിന്റെ നെറുകയില്‍ വരുമെന്ന് ആരും സങ്കല്‍പ്പിച്ചതു പോലുമുണ്ടായിരുന്നില്ല.യുറോകപ്പിലെ അത്ഭുത ഗോളിന്റെ ഉടമ ലാമിന്‍ യമാലായിരുന്നു ആ കുഞ്ഞ്.

മെസിയുടെ കരസ്പര്‍ശമേറ്റ ലാമിന്‍ യമാല്‍ തന്റെ പതിനാറാമത്തെ വയസില്‍ തന്നെ ലോക ഫുട്ബോളിലെ മഹാരഥന്മാര്‍ക്കൊപ്പം അടയാളപ്പെടുത്തപ്പെട്ടു കഴിഞ്ഞു.”രണ്ട് ഇതിഹാസങ്ങളുടെ തുടക്കം” എന്ന വാചകത്തോടെ യമലിന്റെ പിതാവ് മുനിര്‍ നസ്രോയി കഴിഞ്ഞയാഴ്ച ഇന്‍സ്റ്റാഗ്രാമിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്.അതോടെ 2007-ല്‍ എടുത്ത ഈ ചിത്രം വീണ്ടും ഉയര്‍ന്നുവന്നു.ഇന്നലത്തെ ഗോളോടെ ചിത്രങ്ങള്‍ വീണ്ടും വൈറലാവുകയാണ്.

ആ സമയത്ത് മെസിക്ക് 20 വയസ്സായിരുന്നു. അതോടകം തന്നെ വലിയ പ്രതിഭയായി മെസി കണക്കാക്കപ്പെട്ടിരുന്നു, എഫ്.സി ബാഴ്‌സലോണയിലും അര്‍ജന്റീനയുടെ ദേശീയ ടീമിലും തന്റെ തലമുറയിലെ ഏറ്റവും മികച്ച കളിക്കാരനായി അദ്ദേഹം അടയാളപ്പെടുത്താന്‍ തുടങ്ങിയിരുന്നു.അങ്ങിനെയാണ്് ഫോട്ടോ ഷൂട്ടിനായി മെസിയെ തെരഞ്ഞെടുക്കുന്നത്.അന്ന് യമാലിന് അഞ്ച് മാസമാണ് പ്രായം.2007 ഡിസംബറില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സമാഹരിക്കുന്നതിന്റെ ഭാഗമായി യുനിസെഫുമായി സഹകരിച്ച് സ്പാനിഷ് മാധ്യമമായ ദിയാരിയോ സ്‌പോര്‍ട്ടിന്റെ നേതൃത്വത്തിലാണ് ബാഴ്‌സലോണ കളിക്കാര്‍ കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പം കലണ്ടറിനായി പോസ് ചെയ്തത്.

നിലവില്‍ അസോസിയേറ്റഡ് പ്രസ്സിന്റെയും മറ്റും ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന 56 കാരനായ മോണ്‍ഫോര്‍ട്ടാണ് ഈ ചിത്രമെടുത്തത്. 2007 ലാണ് ബാഴ്‌സലോണയിലെ ക്യാമ്പ് നൗ സ്റ്റേഡിയത്തിലെ സന്ദര്‍ശകരുടെ ലോക്കര്‍ റൂമില്‍ ഫോട്ടോ ഷൂട്ട് നടന്നത്.മെസ്സി യമലിന്റെ കുടുംബത്തോടൊപ്പം ജോടിയായി.ഇക്വറ്റോറിയല്‍ ഗിനിയയില്‍ നിന്നുള്ള യമാലിന്റെ അമ്മ, ഒരു ഫോട്ടോയില്‍ മെസ്സിയുടെയും കുഞ്ഞിന്റെയും അടുത്തായിരുന്നു.മെസിയെപ്പോലെ ബാഴ്‌സലോണയിലെ പ്രശസ്തമായ ലാ മാസിയ യൂത്ത് അക്കാദമിയിലൂടെ യമാലും ഫുട്ബോള്‍ കളിച്ചു.

പ്രായം വെറും പതിനാറെ ഉള്ളുവെങ്കിലും ഈ താരം കൈപ്പിടിയിലൊതുക്കിയത് എണ്ണമറ്റ റെക്കോര്‍ഡുകളാണ്.അന്തരാഷ്ട്ര മത്സരത്തിന്റെ കാര്യമെടുത്താല്‍ യൂറോ കപ്പ് സെമി ഫൈനലില്‍ ഫ്രാന്‍സിനെതിരെയുള്ള ഗോള്‍നേട്ടത്തോടെ കാലങ്ങളോളം അനുസ്മരിക്കപ്പെടുന്ന ഒരു ചരിത്രനട്ടത്തിലെത്തിയിരിക്കുകയാണ് യമാല്‍.ഇതോടെ യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ഗോള്‍ സ്‌കോററായി യമാല്‍ മാറി. 16 വര്‍ഷവും 362 ദിവസവും പ്രായമുള്ളപ്പോഴാണ് താരത്തിന്റെ ഗോള്‍.സ്വിറ്റ്‌സര്‍ലന്‍ഡ് താരം യൊഹാന്‍ വോന്‍ലാതന്റെ പേരിലുള്ള (18 വര്‍ഷം 141 ദിവസം) റെക്കോഡാണ് തകര്‍ന്നത്. 2004 യൂറോ കപ്പിലായിരുന്നു ഈ നേട്ടം. അതേവര്‍ഷംതന്നെ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേ ഗോള്‍ നേടിയ ഇംഗ്ലണ്ടിന്റെ വെയ്ന്‍ റൂണി (18 വര്‍ഷവും 237 ദിവസവും) ആണ് മൂന്നാമത്.

ഫുട്ബോള്‍ ഇതിഹാസം പെലയുടെ റെക്കോര്‍ഡാണ് മറികടന്ന മറ്റൊന്ന്.ഒരു പ്രധാന ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്നതായിരുന്നു അത്. 1958-ല്‍ സ്വീഡനില്‍ നടന്ന ലോകകപ്പില്‍ ഇതിഹാസതാരം പെലെ സ്ഥാപിച്ച റെക്കോഡാണ് യമാല്‍ മറികടന്നത്. 17 വയസ്സും 239 ദിവസവും പ്രായമുള്ളപ്പോള്‍ പെലെ ബ്രസീലിനെതിരേ ഗോള്‍ നേടിയിരുന്നു. ലോകകപ്പിലായിരുന്നു അത്.

ഇത് കൂടാതെ യുറോയില്‍ ക്രൊയേഷ്യക്കെതിരായ മത്സരത്തിനെത്തിയപ്പോള്‍ ആദ്യ ടച്ച് മുതല്‍ തൊട്ടതെല്ലാം യമാലിന് റെക്കോര്‍ഡായിരുന്നു.പ്രായത്തിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡുകള്‍ അത്രയും.ക്ലബ് ഫുട്ബോളിലും സ്ഥിതി വ്യത്യസ്തമല്ല.’പ്രായം കുറഞ്ഞ റെക്കോര്‍ഡുകള്‍’ അവിടെയും അവധിയാണ്. ഗ്രനഡയ്ക്കെതിരെ ബാര്‍സ സമനില നേടിയ മത്സരത്തില്‍ സ്പാനിഷ് ലീഗ് ഫുട്ബോളിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറര്‍ എന്ന റെക്കോര്‍ഡ് യമാല്‍ സ്വന്തമാക്കി.മലാഗ താരം ഫാബ്രിസ് ഒലിംഗയുടെ റെക്കോര്‍ഡാണ് യമാല്‍ തിരുത്തിയത്.

സ്പെയിന്‍ ദേശീയ ടീമിനു വേണ്ടി കളിച്ച പ്രായം കുറഞ്ഞ താരം, ഗോള്‍ നേടിയ പ്രായം കുറഞ്ഞ താരം, ലാലിഗയില്‍ അരങ്ങേറിയ പ്രായം കുറഞ്ഞ താരം തുടങ്ങിയ റെക്കോര്‍ഡുകളെല്ലാം യമാല്‍ മുന്‍പു സ്വന്തമാക്കിയിരുന്നു.ജൂലായ് 13-നാണ് 17 വയസ്സ് തികയുക.

ഈ യൂറോകപ്പില്‍ ഏറ്റവും കൂടുതല്‍ പേര്‍ ചര്‍ച്ചചെയ്ത പേരാവുകയാണ് യമാല്‍.അത് കളിക്കളത്തിലെ പ്രകടനം കൊണ്ട് മാത്രമല്ല.മറിച്ച് ടൂര്‍ണ്ണമെന്റിനിടെ വൈറലായ ഒരു ചിത്രത്തിന്റെ പേരില്‍ കൂടിയാണ്.ഇറ്റലിക്കെതിരായ മത്സരത്തിന് മുമ്പ് ഹോട്ടല്‍ മുറിയിലിരുന്ന് ഓണ്‍ലൈനില്‍ പഠിക്കുന്ന യമാലിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.സ്‌പെയ്‌നിലെ ഇ.എസ്.ഒ (നിര്‍ബന്ധിത സെക്കന്‍ഡറി വിദ്യാഭ്യാസം) നാലാം വര്‍ഷ വിദ്യാര്‍ഥിയാണ് ഈ ബാഴ്‌സലോണ താരം.

അതുകൊണ്ടുതന്നെ സ്‌ക്കൂളിലെ ഹോം വര്‍ക്കുമായാണ് ലാമിന്‍ ജര്‍മനിയിലേക്ക് വന്നത്. മത്സരത്തിന്റെ ഇടവേളകളില്‍ കിട്ടുന്ന സമയത്ത് ലാമിന്‍ പുസ്തകത്തിന് മുന്നിലായിരിക്കും.താരത്തിന് പൂര്‍ണ പിന്തുണയുമായി അധ്യാപകരും കൂടെയുണ്ട്.യൂറോ കപ്പിന് ശേഷം പഠനത്തിനും വിശ്രമത്തിനുമായി മൂന്നാഴ്ച്ചത്തെ സമയം ബാഴ്‌സലോണയും ലാമിന് നല്‍കിയിട്ടുണ്ട്. ആ സമയത്ത് താരത്തിന്റെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും.പഠിക്കുന്ന ചിത്രം വൈറലായതോടെ കമന്റുകളുമായി നിരവധി ആരാധകരാണ് എത്തിയത്.

പഠിക്കേണ്ട പ്രായത്തില്‍ കളിച്ചു നടന്നാല്‍ ഇങ്ങനെയിരിക്കുമെന്നും ഇതൊക്കെ ശ്രദ്ധിക്കേണ്ടെ അമ്പാനെ എന്നുമെല്ലാമാണ് കമന്റുകള്‍. സ്‌കൂളിലെ ഹോം വര്‍ക്കുമായാണ് താന്‍ യൂറോ കപ്പില്‍ കളിക്കാന്‍ ജര്‍മനിയിലേക്ക് വന്നതെന്ന് യമാല്‍ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.താന്‍ പരീക്ഷ പാസ്സായ വിവരവും ടൂര്‍ണ്ണമെന്റിനിടെ യമാല്‍ പങ്കുവെച്ചിരുന്നു.സ്പാനിഷ് ലീഗില്‍ റയലിനെതിരായ മത്സരത്തില്‍ ഗോളടിച്ച് യമാലിനോട് പത്താം ക്ലാസിലെ കണക്ക് പരീക്ഷയാണോ റയലിനെതിരെ ഗോളടിക്കുന്നതാണോ ബുദ്ധിമുട്ടെന്ന് ചോദിച്ചപ്പോള്‍ റയലിനെതിരെ ഗോളടിക്കുന്നത് എന്നായിരുന്നു കൗമാര താരത്തിന്റെ മറുപടി.

റോക്കഫോണ്ടയിലെ തെരുവ് വീഥികളില്‍ കണ്ടുമുട്ടുന്ന ആരോട് ചോദിച്ചാലും ഒരാള്‍ പോലും ലാമിനെ അറിയാത്തവരായുണ്ടാകില്ല.അവരൊക്കെയും വാചാലാരവുക അവന്റെ വിനയത്തെ കുറിച്ചായിരിക്കും.അവനൊട്ടും മാറിയിട്ടില്ല, അവനൊരിക്കലും ഞങ്ങളുടെയീ ഇടുങ്ങിയ വഴികള്‍ മറക്കുകയുമില്ലെന്നാണ് അ വഴികള്‍ യമാലിനെക്കുറിച്ച് പറഞ്ഞുവെക്കുന്നത്.ഈ വാക്കുകളെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു ക്ലബ് ഫുട്ബോളിലെ ആദ്യത്തെ ഗോളാഘോഷവും..

റോക്കഫോണ്ടയിലെ ലോക്കല്‍ പോസ്റ്റ്‌കോഡ് നമ്പര്‍ 08304 ആണ്. അവിടെയുള്ള ചുവരുകളിലും മാലിന്യബക്കറ്റുകളിലും വരെ 304 എന്ന നമ്പര്‍ കാണാം.ബാഴ്‌സക്ക് വേണ്ടി ആദ്യമായി ലാമിന്‍ വല കുലുക്കിയപ്പോള്‍ തന്റെ നഗരമായ റോക്കഫോണ്ടയുടെ പിന്‍കോഡിനെ സൂചിപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്.അത് സൂചിപ്പിക്കുന്ന് ഇങ്ങനെയും.. തന്റെ ഹൃദയം ഇപ്പോഴും അവിടെ തന്നെ നിലക്കുന്നു എന്ന്…

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker