മലയാളികള്‍ക്ക് ഏറെ സുപരിചിതയും അതിലുപരി പ്രിയങ്കരിയുമായ താരമാണ് ലക്ഷ്മി പ്രിയ. ഹാസ്യകഥാപാത്രങ്ങളിലൂടെ മാത്രം മലയാളികള്‍ കണ്ടു ശീലിച്ച ലക്ഷ്മിപ്രിയയുടെ ജീവിതം അത്ര തമാശ നിറഞ്ഞതല്ലെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. തന്റെ കുടുംബ ജീവിതത്തില്‍ നേരിട്ട കഷ്ടാപ്പാടുകളെ കുറിച്ചും ദുരനുഭവങ്ങളെ കുറിച്ചുമുള്ള വിവരങ്ങള്‍ ആണ് താരം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ജീവിതത്തില്‍ നേരിട്ട കയ്പേറിയ അനുഭവങ്ങളെക്കുറിച്ച് ലക്ഷ്മിപ്രിയ തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്.
പതിനെട്ടാം വയസ്സിലായിരുന്നു നടി വിവാഹിത ആയത്. അന്ന് ഭര്‍ത്താവ് ജയേഷിന് പ്രായം 28. ഭര്‍ത്താവിന് തന്നെക്കാള്‍ പത്ത് വയസ്സ് കൂടുതല്‍ ആയിരുന്നു എങ്കിലും സന്തുഷ്ടമായിരുന്നു കുടുംബ ജീവിതം എന്നും നടി പറയുന്നു. ഇതിനിടെ രണ്ട് തവണ ഗര്‍ഭിണിയായെങ്കിലും അബോര്‍ഷന്‍ ആയി. പിന്നീട് സിനിമയുടെ തിരക്കു കളിലേക്ക് കടന്നതോടെ കുഞ്ഞ് എന്ന ചിന്ത തത്കാലത്തേക്ക് മാറ്റിവെച്ചു.
ജീവിതത്തില്‍ ഏറ്റവും കുത്തുവാക്കുകളും സഹതാപവും കേട്ടത് കുഞ്ഞിന്റെ പേരിലാണെന്നും നടി പറയുന്നു. എന്നാല്‍ കുഞ്ഞിന് ജീവിക്കാനുള്ള സൗകര്യം കൂടി ഒരുക്കണമെന്ന ചിന്തയും ഉണ്ടായിരുന്നു. അങ്ങിനെ 12 വര്‍ഷത്തിന് ശേഷം മുപ്പതാമത്തെ വയസ്സില്‍ വീണ്ടും ഗര്‍ഭിണിയായി. ഗര്‍ഭിണിയായത് മുതല്‍ പ്രാര്‍ത്ഥനയായിരുന്നു എന്നും നടി പറഞ്ഞു.
എന്നാല്‍ വിധി വീണ്ടും പരീക്ഷിക്കാന്‍ ആരംഭിച്ചു. മൂന്നാമത്തെ ആഴ്ച കഴിഞ്ഞത് മുതല്‍ ബ്ലീഡിംഗ് തുടങ്ങി. ഒരു ഘട്ടത്തില്‍ കുഞ്ഞിനെ കിട്ടില്ല എന്നു വരെ തോന്നി. കുഞ്ഞിനെ നഷ്ടപ്പെടുമോ, കുഞ്ഞിന്റെ ആരോഗ്യം മോശമാകുമോ എന്നെല്ലാമുള്ള ആശങ്കയിലായിരുന്നു ആ കാലം തള്ളി നീക്കിയത്. ഒടുവില്‍ സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്തെടുത്തു. അങ്ങിനെ സങ്കീര്‍ണ്ണമായ കാത്തിരിപ്പിനൊടുവില്‍ ആറാം മാസത്തില്‍ ജനിച്ച കുഞ്ഞാണ് മകള്‍ മാതംഗി എന്ന് ലക്ഷ്മി പ്രിയ പറയുന്നു.