
അഹമ്മദാബാദ്: ക്രൈംത്രില്ലര്‍ സിനിമകളില്‍ കാണുന്ന വിധത്തില്‍ ട്വിസ്റ്റുകള്‍ നിറഞ്ഞ അന്വേഷണം. ഒടുവില്‍ പോലീസിനെ കബളിപ്പിച്ചു നടന്നയാള്‍ തന്നെ കൊലയാളിയെന്ന് തെളിയിച്ചു പോ9ലീസിന്റെ അന്വേഷണം മികവും. ഗുജറാത്തിലാണ് സിനിമക്കഥകളെ വെല്ലുന്ന വിധത്തില്‍ ഒരു കൊലപാതകം നടന്നത്. 13മാസം മുമ്പ് കാണാതായ സ്ത്രീയെ കണ്ടെത്താനുള്ള അന്വേഷണം കൊലപാതകത്തിന്റെ ചുരുള്‍ നിവര്‍ത്തി.
മാസങ്ങളോളം അന്വേഷണ സംഘത്തെ കബളിപ്പിച്ചു നടന്ന ഹാര്‍ദിക് സുഖാദിയ(28)യെ നിരന്തരം നിരീക്ഷിച്ചാണ് പൊലീസ് വലയിലാക്കിയത്. പ്രതിയുമായുള്ള തെളിവെടുപ്പിനിടെ ഗുജറാത്തിലെ ഉള്‍പ്രദേശത്തുള്ള കിണറ്റില്‍ നിന്ന് സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി. കാണാതായ സ്ത്രീയുടെ അസ്ഥികൂടമാണ് ഇതെന്നന്ന് സ്ഥീരീകരിക്കുകയും ചെയ്തു.
ജുനാഗഢ് ജില്ലയില്‍ താമസിക്കുന്ന ദയ സാവലിയ(35) യാണ് മരിച്ചത്. ഇവരുമായി അവിഹിത ബന്ധം പുലര്‍ത്തിയ ഹാര്‍ദിക് അവരെ കൊലപ്പെടുത്തുകയാണ് ഉണ്ടായത്. ദയയുമായുള്ള ബന്ധം മുന്നോട്ടു കൊണ്ടുപോകാന്‍ താല്‍പ്പര്യം ഇല്ലാത്തതു കൊണ്ടാണ് കൊലപാതകം നടത്തിയത്. 2024 ജനുവരി രണ്ടുമുതല്‍ ഇവരെ കാണാനില്ലെന്ന് പരാതി ലഭിച്ചിരുന്നു. ഭര്‍ത്താവ് വല്ലഭ് ആണ് വിസവദാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ദമ്പതികള്‍ക്ക് 11 വയസുള്ള മകനുണ്ട്.
അന്ന് രാവിലെ ഒമ്പതിനാണ് ദയ വീട്ടില്‍ നിന്ന് ഇറങ്ങിയത്. കൈയില്‍ സ്വര്‍ണവും 9.60 ലക്ഷം രൂപയുടെ പണമടങ്ങിയ ബാഗുമുണ്ടായിരുന്നു. മകനെ കൂട്ടാതെയായിരുന്നു ദയ വീട്ടില്‍ നിന്നിറങ്ങിയത്. പരാതി ലഭിച്ചതിന് പിന്നാലെ ദയയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അന്വേഷണത്തിനിടെ ദയക്ക് ഹര്‍ദിക് സുഖാദിയ എന്ന വ്യക്തിയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്നു പൊലീസ് കണ്ടെത്തി.
ഇവരുടെ ഗ്രാമത്തില്‍ തന്നെയാണ് ഹാര്‍ദികും താമസിച്ചിരുന്നത്. ഇയാള്‍ തന്നെയാണ് ദയയുടെ കാണാതാകലിന് പിന്നിലെന്ന് അന്വേഷണസംഘം ഉറപ്പിച്ചു. എന്നാല്‍ മറ്റൊരു കഥ മെനഞ്ഞ് ഹാര്‍ദിക് അവരെ വഴിതെറ്റിച്ചു. ദയക്ക് രാഹുല്‍ എന്ന് പേരുള്ള മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും അയാളോടൊപ്പം ഒളിച്ചോടിയതാണെന്നും അന്വേഷണ സംഘത്തെ വിശ്വസിപ്പിച്ചു. താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച ഹാര്‍ദിക് പൊലീസ് നിരീക്ഷണത്തില്‍ പെടാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും നിര്‍ത്തി.
ഇടക്ക് പൊലീസ് ഇയാളെ ശബ്ദവിശകലന പരിശോധനക്കും വിധേയനാക്കി. അതിന്റെ ഫലം പോസിറ്റീവായിരുന്നു. എന്നാല്‍ കൃത്യമായി തെളിവിന്റെ അഭാവവും സാക്ഷികളില്ലാത്തതും ഹാര്‍ദിക്കിന് രക്ഷപ്പെടാന്‍ വഴിയൊരുക്കി. അതിനിടെ ദയയെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
സാങ്കേതിക-സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് ഹാര്‍ദിക്കിനെ വീണ്ടും ചോദ്യം ചെയ്തു. ഒടുവില്‍ പിടിച്ചുനില്‍ക്കാനാവാതെ ഹാര്‍ദിക് കുറ്റം സമ്മതിക്കുകയായിരുന്നു. ഫെബ്രുവരി 27ന് പൊലീസ് ഹാര്‍ദിക്കിനെയുമായി കുറ്റകൃത്യം നടന്ന സ്ഥലത്തെത്തി തെളിവെടുത്തു. അപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.
ദയയുമായുള്ള ബന്ധം മുന്നോട്ടു കൊണ്ടുപോകാന്‍ ഹാര്‍ദിക്കിന് താല്‍പര്യമുണ്ടായിരുന്നില്ല. ഹാര്‍ദിക്കിന്റെ കൂടെ താമസിക്കണമെന്ന് ദയ നിര്‍ബന്ധം പിടിച്ചതോടെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2024 ജനുവരി മൂന്നിന് ഹാര്‍ദിക് ദയയെ അംറേലി ജില്ലയിലെ ഉള്‍ഭാഗത്തേക്ക് കൊണ്ടുപോയി കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തെളിവു നശിപ്പിക്കുന്നതിനായി മൃതദേഹം സമീപത്തെ കിണറ്റിലേക്ക് വലിച്ചെറിയുകയും ചെയ്തു.
കൊലപാതകത്തിന് തൊട്ടുമുമ്പ് ഹാര്‍ദിക് ദയക്ക് തന്റെ മുന്‍ഭാര്യയുടെ ഐ.ടി കാര്‍ഡ് ഉപയോഗിച്ച് താമസ സൗകര്യവും നല്‍കിയിരുന്നു. പ്രത്യേക ആപ്പുപയോഗിച്ച് ദയയാണെന്ന രീതിയില്‍ ദയയുടെ ഭര്‍ത്താവിനെ വിളിക്കുകയും ചെയ്തു. കുടുംബ കലഹം മൂലമാണ് ദയ വീട് വിട്ടതെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ഹാര്‍ദിക്കിന്റെ ലക്ഷ്യം.