കുവൈത്ത് സിറ്റി: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ നിര്യാണത്തെ തുടര്‍ന്ന് കുവൈത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു.
കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ അറിയിച്ചു. വെള്ളിയാഴ്‍ച മുതല്‍ ഞായറാഴ്‍ച വരെ രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നാണ് അറിയിപ്പ്.
യുഎഇ പ്രസിഡന്റിന്റെ നിര്യാണത്തെ തുടര്‍ന്ന് നേരത്തെ ബഹ്റൈനും ഒമാനും മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. യുഎഇയില്‍ ശൈഖ് ഖലീഫയുടെ നിര്യാണത്തെ തുടര്‍ന്ന് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തെ അവധിയുമുണ്ടാകും. അതേസമയം യുഎഇയിലെ പള്ളികളില്‍ ഇന്ന് രാത്രി ശൈഖ് ഖലീഫയ്‍ക്ക് വേണ്ടിയുള്ള മരണാനന്തര പ്രാര്‍ത്ഥന നടത്തുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.