വയനാട്: കുറുക്കന്‍മൂലയില്‍ കാട്ടിലിറങ്ങിയ കടുവയ്ക്കായി ഇന്നും തെരച്ചില്‍ തുടരും. വനത്തിനോട് ചേര്‍ന്നുള്ള മേഖലകളില്‍ അടിക്കാട് വെട്ടിത്തളിച്ച് പരിശോധന നടത്തും. വനത്തിനുള്ളില്‍ കൂടുതല്‍ കാമറകള്‍ സ്ഥാപിക്കും. കടുവ ജനവാസ മേഖലയില്‍ ഇറങ്ങിയിട്ട് 25 ദിവസം പിന്നിട്ടിരിക്കുകയാണ്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി കുറുക്കന്‍മൂലയിലും പരിസര പ്രദേശങ്ങളിലും വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കാത്തതിന്റെ ആശ്വാസമുണ്ടെങ്കിലും പ്രദേശമാകെ ഭീതിയില്‍ തുടരുകയാണ്. കടുവ അവശനിലയിലാണെന്ന് വനംവകുപ്പ് ആവര്‍ത്തിക്കുകയാണ്.
എന്നാല്‍ കടുവയെ എന്തുകൊണ്ട് കണ്ടെത്താന്‍ കഴിയുന്നില്ലെന്ന ചോദ്യമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്. മുപ്പതിലധികം കാമറകള്‍ കടുവയെ കണ്ടെത്തുന്നതിനായി സ്ഥാപിച്ചിട്ടുണ്ട്. ബുധനാഴ്ച തെരച്ചിലിന്റെ ഭാഗമായി മണ്ണുമാന്തി യന്ത്രമുള്‍പ്പടെയുള്ളവ ഉപയോഗിച്ച് കാട്ടുപ്രദേശങ്ങളില്‍ വഴി സുഗമമാക്കി. അടിക്കാടുകള്‍ വെട്ടിയും തെരച്ചില്‍ ശക്തമാക്കി.
നിരോധനമുള്‍പ്പടെയുള്ള കാരണങ്ങളാല്‍ കുറുക്കന്‍മൂല, പുതിയിടം, ചെറൂര്‍, കൊയിലേരി, പയ്യമ്പള്ളി, കുറുവ എന്നിവിടങ്ങളിലുള്ളവരെല്ലാം കഴിഞ്ഞ കുറച്ച ദിവസങ്ങളായി ബുദ്ധിമുട്ടിലാണ്. ക്ഷീരകര്‍ഷകര്‍ ഉള്‍പ്പെടെയുള്ള കര്‍ഷകരുടെയെല്ലാം ജീവിതമാര്‍ഗം ഗതിമുട്ടിയ നിലയിലാണ്. ചെറുകിട കച്ചവടക്കാരും പ്രതിസന്ധിയിലാണ്.