കൊച്ചി: ദേവദൂതര്‍ പാടി എന്ന പഴയ ഹിറ്റ് ഗാനത്തിനൊപ്പം ചുവടുവെക്കുന്ന കുഞ്ചാക്കോ ബോബന്റെ ദൃശ്യങ്ങള്‍ കണ്ട് ആദ്യം പ്രേക്ഷകര്‍ അമ്പരന്നെങ്കിലും പിന്നീട് സിനിമ പ്രേമികള്‍ മുഴുവന്‍ അത് ഏറ്റെടുത്തു. രാഷ്ട്രീയ നേതാക്കള്‍ മുതല്‍ ആ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാത്തവര്‍ ഇപ്പോള്‍ ചുരുക്കമാണ്. ദൃശ്യം അനുകരിച്ച് നടന്‍ ദുല്‍ക്കര്‍ സല്‍മാനും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഇപ്പോള്‍ ആദ്യമായി സിനിമ ചിത്രീകരണം സംബന്ധിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലാണ് 37 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ദേവദൂതര്‍ പാടി’ എന്ന ഗാനം പുനരാവിഷ്‌ക്കരിച്ചിരിക്കുന്നത്.
സംവിധായകനായ രതീഷ് പൊതുവാളാണ് ഡാന്‍സിനെക്കുറിച്ച് പറഞ്ഞത്. എങ്ങനെ അവതരിപ്പിക്കണം, അയാളുടെ രൂപഭാവമൊക്കെ എങ്ങനെയായിരിക്കണം എന്നൊക്കെ തീരുമാനിച്ചത് അവരായിരുന്നു. ഉത്സവപ്പറമ്ബില്‍ പാട്ടുമായി ഒരു ബന്ധവുമില്ലാതെ ഡാന്‍സ് ചെയ്യുന്നയാള്‍ കാണും. ഒടുക്കത്തെ ഡാന്‍സാണെങ്കിലും പാട്ടുമായി ഒട്ടും സിങ്കായിരിക്കില്ല. അത്തരത്തിലൊരു റഫറന്‍സ് എനിക്ക് തന്നിരുന്നു. ഇതെങ്ങനെ ചെയ്യണമെന്ന തരത്തിലുള്ള ആലോചനകള്‍ നടക്കുമ്‌ബോഴാണ് കോറിയോഗ്രാഫറില്ലാതെ ചെയ്താലോ എന്ന് ചോദിച്ചത്.
കൊറിയോഗ്രാഫര്‍ വന്ന് ചെയ്താല്‍ അത് ആ രീതിയിലായിപ്പോവും. ആ സ്പോട്ടില്‍ എങ്ങനെ ചെയ്യാന്‍ തോന്നുന്നുവോ അത് പോലെ ചെയ്താലോയെന്ന് ചോദിച്ചിരുന്നു. അതിനുള്ളൊരു ഫ്രീഡം അവര്‍ തന്നിരുന്നു. ഉത്സവപ്പറമ്പില്‍ ആളുകള്‍ക്കിടയില്‍ ഡാന്‍സ് ചെയ്യുമ്പോള്‍ നല്ല ചമ്മലായിരുന്നു. ആ ചമ്മല്‍ വെച്ച് ചെയ്താല്‍ ശരിയാവില്ലായിരുന്നു. ചുറ്റുമുള്ളതൊന്നും കാണുന്നില്ലെന്ന തരത്തില്‍ വന്നാണ് ഡാന്‍സ് ചെയ്തത്. ചെയ്ത് കഴിഞ്ഞ് അത് കണ്ടപ്പോള്‍ എനിക്ക് തന്നെ ചിരി വന്നിരുന്നു.
ചാക്കോച്ചനെ അഴിച്ച് വിട്ടിരിക്കുകയാണെന്നായിരുന്നു സംവിധായകന്‍ പ്രതികരിച്ചത്. ആ ദുഷ്ടനാണ് എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നതെന്നായിരുന്നു ഇത് കേട്ടപ്പോള്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. എന്റെ മോന് പോലും എന്നെ മനസിലാവാത്ത രീതിയിലേക്ക് മാറ്റി. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട പാട്ടുകളിലൊന്നായ ദേവദൂതര്‍ റിക്രിയേറ്റ് ചെയ്യുമ്‌ബോള്‍ ഒരുതരത്തിലും മോശമാവരുതെന്നുണ്ടായിരുന്നു. ഔസേപ്പച്ചന്‍ സാര്‍ വിളിച്ച് അഭിനന്ദിച്ചത് വലിയ സന്തോഷമുള്ള കാര്യമാണെന്നും ചാക്കോച്ചന്‍ പറഞ്ഞു.
മലയാളികളുടെ നൊസ്റ്റാള്‍ജിയയുടെ ഉലയില്‍ നിന്നും കാലം വീണ്ടും ഊതികാച്ചിയെടുത്ത പാട്ടാണ് കാതോട് കാതോരത്തിലെ ‘ദേവദൂതര്‍ പാടി’ എന്ന മാന്ത്രിക ഈണം. 37 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭരതന്‍ സംവിധാനം ചെയ്ത കാതോട് കാതോരം എന്ന ചിത്രത്തിനു വേണ്ടി ഈ പാട്ട് ചിട്ടപ്പെടുത്തിയത് ഔസേപ്പച്ചനാണ്. ഒഎന്‍വി കുറുപ്പിന്റേതായിരുന്നു വരികള്‍. അര്‍ത്ഥസമ്പന്നമായ വരികള്‍ക്ക് ഔസേപ്പച്ചന്‍ ഈണമിട്ടപ്പോള്‍ അദ്ദേഹത്തിന്റെ തന്നെ പാട്ടുകളിലെ എക്കാലത്തെയും മാജിക്കല്‍ കോമ്പസിഷന്‍ എന്നു വിളിക്കാവുന്ന ഒരു പാട്ടായി ദേവദൂതര്‍ മാറി.
ശുദ്ധധന്യാസി, ജോഗ് രാഗങ്ങളുടെ ലയനമാണ് ഈ പാട്ടില്‍ കാണാനാവുക. മെലഡിയുടെയും ഫാസ്റ്റ് നമ്പറിന്റെയും ഫീല്‍ ഒരുപോലെ സമ്മാനിക്കുന്ന പാട്ട്. ചിത്രത്തില്‍ പെരുന്നാളിന്റെ പശ്ചാത്തലത്തിലാണ് ഈ ഗാനം കാണിക്കുന്നതെന്നതിനാല്‍ ഭക്തിസാന്ദ്രമായൊരു വശവും ഈ പാട്ടിനുണ്ട്. കെ.ജെ യേശുദാസ്, കൃഷ്ണചന്ദ്രന്‍, ലതിക, രാധിക എന്നിവര്‍ ചേര്‍ന്നാണ് മനോഹരമായ ഈ ഗാനം ആലപിച്ചത്.
വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നിക്കുന്ന എന്തോ ഒരു മാജിക് ഈ പാട്ടില്‍ ഒളിച്ചിരിപ്പുണ്ട്. അതുകൊണ്ടാവാം ഒരു തലമുറ ഉത്സവപറമ്പുകളിലും ഗാനമേളകളിലും ഈ പാട്ട് പാടി നടന്നത്. മൂന്നര പതിറ്റാണ്ടിനിപ്പുറം, ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ആ പാട്ടൊന്നു കേള്‍പ്പിക്കേണ്ട താമസം വിസ്മൃതിയുടെ പതിറ്റാണ്ടുകളെ അനായേസേന വകഞ്ഞുമാറ്റി ദേവദൂതര്‍ വീണ്ടും കേള്‍വിയില്‍ സ്വരരാഗമഴയായി പെയ്തിറങ്ങുകയാണ്. ജനറേഷന്‍ ഗ്യാപ്പോ മാറിയ സംഗീത അഭിരുചികളോ ഒന്നും ‘ദേവദൂതറി’ന്റെ മാജിക്കല്‍ ഈണത്തിനു മുന്നില്‍ തടസ്സമാവുന്നില്ല.
പാട്ടിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം പില്‍ക്കാലത്ത് ലോകപ്രശസ്തരായ സംഗീതജ്ഞരായി മാറി. പാട്ടിനായി ഡ്രംസ് വായിച്ചത് ശിവമണി ആണ്. ഗിറ്റാറില്‍ ഈണമൊരുക്കിയത് പ്രഗത്ഭനായ ജോണ്‍ ആന്റണി. അന്ന് ദിലീപ് എന്ന് അറിയപ്പെട്ടിരുന്ന എ.ആര്‍.റഹ്മാന്‍ ആണ് പാട്ടിനായി കീബോര്‍ഡ് വായിച്ചത്.
ദേവദൂതര്‍ എന്ന പാട്ടിന് 37 വര്‍ഷത്തെ പഴക്കമാണ് ഉള്ളതെങ്കില്‍ ആ ഈണത്തിന് അതിലുമേറെ പഴക്കമുണ്ടെന്നാണ് ഔസേപ്പച്ചന്‍ പറയുന്നത്. ’37 വര്‍ഷത്തിനു മുന്‍പ് ചെയ്ത പാട്ടാണ് ദേവദൂതര്‍ പാടി. പക്ഷേ ഈ പാട്ട് എന്റെ മനസ്സില്‍ രൂപപ്പെട്ടിട്ട് അന്‍പത് കൊല്ലം ആയിട്ടുണ്ടാകും. എന്റെ കൗമാരകാലത്ത് ഞാന്‍ സ്വന്തമായി കംപോസ് ചെയ്ത് വയലിനില്‍ വായിച്ച ബിറ്റ് ആണത്. അമേരിക്കന്‍ ഫോക്ക് ശൈലിയിലുള്ള ആ ബിറ്റ് വായിക്കുന്നത് എനിക്കൊരു രസമായിരുന്നു,” ഔസേപ്പച്ചന്റെ വാക്കുകള്‍ ഇങ്ങനെ.
മമ്മൂട്ടിയും സരിതയും നെടുമുടി വേണുവുമായിരുന്നു കാതോട് കാതോരത്തിലെ ആ ഗാനരംഗത്തില്‍ നിറഞ്ഞുനിന്നത്. വേദിയില്‍ മമ്മൂട്ടിയും സരിതയും ഗായകസംഘവും ചേര്‍ന്ന് പാടുന്ന രീതിയിലാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്.
പാട്ടിന്റെ വരികള്‍
ചിത്രം: കാതോട് കാതോരം
സംഗീതം: ഔസേപ്പച്ചന്‍
വരികള്‍: ഒ എന്‍ വി കുറുപ്പ്
ഗായകര്‍: കെ ജെ യേശുദാസ്, കൃഷ്ണചന്ദ്രന്‍, ലതിക, രാധിക
രാഗം: ശുദ്ധധന്യാസി, ജോഗ്
വരികള്‍:
ദേവദൂതര്‍ പാടി
സ്നേഹദൂതര്‍ പാടി
ഈ ഒലീവിന്‍ പൂക്കള്‍
ചൂടിയാടും നിലാവില്‍
(ദേവദൂതര്‍…)
ഇന്നു നിന്റെ പാട്ടു തേടി
കൂട്ടു തേടിയാരോ…
വന്നു നിന്റെ വീണയില്‍
നിന്‍ പാണികളില്‍ തൊട്ടു
ആടുമേയ്ക്കാന്‍ കൂടെ വരാം
പൈക്കളുമായ് പാടി വരാം
കാതിലാരോ ചൊല്ലി
(ദേവദൂതര്‍…)
ആയിരം വര്‍ണ്ണങ്ങള്‍ കൂടെ
വന്നു
അഴകാര്‍ന്നോരാടകള്‍ നെയ്തു തന്നു
ആമാടപ്പെട്ടി തുറന്നു തന്നൂ…
ആകാശം പൂത്തു
ഭൂമിയില്‍ കല്യാണം സ്വര്‍ഗ്ഗത്തോ
കല്യാണം
(ദേവദൂതര്‍…)
പൊന്നുംനൂലില്‍ പൂത്താലിയും കോര്‍ത്തു
തന്നു
കന്നിപ്പട്ടില്‍ മണിത്തൊങ്ങലും ചാര്‍ത്തിത്തന്നു
കല്യാണപ്പൂപ്പന്തല്‍
സ്വര്‍ഗ്ഗത്തേതോ പൂമുറ്റത്തോ
കാറ്റില്‍ കുരുത്തോല കലപില പാടും
താഴത്തോ
ഭൂമിയില്‍ കല്യാണം സ്വര്‍ഗ്ഗത്തോ കല്യാണം
(ദേവദൂതര്‍…)
പുതിയ പാട്ടു കണ്ടു പഴയത് തപ്പി വന്നവര്‍
‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ ഈ ഗാനരംഗം വൈറലായതോടെ ഒര്‍ജിനല്‍ ‘ദേവദൂതര്‍ പാടി’ യൂട്യൂബിലെത്തിയവരും കുറവല്ല. ചാക്കോച്ചന്റെ പാട്ടും ഡാന്‍സും കണ്ട് വീണ്ടും കാണാനെത്തിയവരുടെ കമന്റുകളാണ് പാട്ടിനു താഴെ നിറയുന്നത്.