കുഞ്ചാക്കോ ബോബനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതിന് പിടിയിലായി പുറത്തിറങ്ങി ഒരാഴ്ച തികയും മുമ്പ് അരുംകൊല; സ്റ്റാന്‍ലി വിചിത്ര സ്വഭാവത്തിനുടമയെന്ന് പോലീസ്
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു വച്ച് നടന്‍ കുഞ്ചാക്കോ ബോബനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ സ്റ്റാന്‍ലി ഒരാഴ്ച പിന്നിടും മുന്‍പേ ഒരാളെ കുത്തിക്കൊലപ്പെടുത്തി. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപത്തു വച്ച് ചേമ്പിന്‍കാട് കോളനിയിലെ ദിലീപിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് അന്വേഷിക്കുന്ന സ്റ്റാന്‍ലി വിചിത്ര സ്വഭാവത്തിന് ഉടമയാണെന്ന് പോലീസ് പറയുന്നു.
നിരവധി കുത്തുകേസുകളില്‍ പ്രതിയാണ് സ്റ്റാന്‍ലി. 75 വയസ്സുകാരനായ ഇയാള്‍ക്ക് നല്ല ആരോഗ്യമാണെന്ന് പോലീസ് പറയുന്നു. പെട്ടെന്ന് പ്രകോപിതനാകും. ആരെങ്കിലും തിരിഞ്ഞു നോക്കുകയോ ‘എടാ’ എന്ന് വിളിക്കുകയോ ചെയ്താല്‍ പോലും പെട്ടെന്ന് പ്രകോപിതനാകും. കൈയ്യില്‍ എപ്പോഴും കത്തി ഉണ്ടാകും. കത്തി പുറത്തെടുത്താല്‍ ആക്രമണം ഉറപ്പ്. ശേഷം ഓടിപ്പോകാറോ ഒളിച്ചിരിക്കാറോ ഇല്ലെന്നും പോലീസ് പറയുന്നു.
സ്റ്റാന്‍ലിക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നു കടവന്ത്ര ഇന്‍സ്പെക്ടര്‍ അനീഷ് ജോയ് പറഞ്ഞു. സംഭവത്തിനു മുന്‍പ് സ്റ്റാന്‍ലിയെ പലയിടങ്ങളിലും കണ്ടവരുണ്ട്. സാമൂഹിക ബന്ധങ്ങള്‍ തീര ഇല്ലാത്തതിനാല്‍ ഇയാളെ കണ്ടെത്തുക എളുപ്പമല്ലെന്നും പൊലീസ് പറഞ്ഞു.