KeralaNews

കർഷകരുടെ പേരിൽ കള്ളക്കണ്ണീർ ഒഴുക്കേണ്ട,ആ പരിപ്പിനി ഇവിടെ വേവില്ല, സുരേഷ് ഗോപിയെ പിന്തുണച്ച് കുമ്മനം

തിരുവനന്തപുരം: കർഷകരുടെ പേരിൽ കള്ളക്കണ്ണീർ ഒഴുക്കുന്ന ഇടത് കർഷക സംഘടനകളുടെ കാപട്യം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് മുന്‍ ബിജപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ഈ പരിപ്പ് ഇനി ഇവിടെ വേവില്ല. ജന്തർ മന്തറിൽ നടന്ന കർഷക സമരത്തെപ്പറ്റി സുരേഷ് ഗോപി എം പി നടത്തിയ പരാമർശത്തിൽ മാപ്പുപറയണമെന്നാവശ്യപ്പെട്ട് കർഷക സംഘം തൃശൂരിൽ നടത്തിയ പ്രകടനം കർഷക വഞ്ചനയല്ലെങ്കിൽ പിന്നെ മറ്റെന്താണ്.

തിരുവല്ലയിൽ കഴിഞ്ഞ ദിവസം കട ബാധ്യത മൂലം ഒരു കർഷകൻ ആത്മഹത്യ ചെയ്തു. അടുത്ത ദിവസം എടത്വായിൽ ആത്മഹത്യാശ്രമം നടത്തിയ മറ്റൊരു കർഷകൻ അത്യാസന്ന നിലയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സ്വന്തം സംസ്ഥാനത്തെ കർഷകരുടെ പ്രശ്നങ്ങൾക്കു നേരെ കണ്ണടച്ചാണ് സിപിഎം നേതൃത്വത്തിലുള്ള കർഷക സംഘം ദില്ലിയിലെ കർഷക സമരത്തിൽ ഊറ്റം കൊള്ളുന്നതെന്നും കുമ്മനം ഫേസ്ബുക്കില്‍ കുറിച്ചു.

കർഷകരുടെ പ്രശ്നങ്ങളിൽ അല്‍പ്പമെങ്കിലും ആത്മാർത്ഥത ഉണ്ടായിരുന്നുവെങ്കിൽ ഇവർ ശബ്ദിക്കേണ്ടത് കേരളത്തിൽ ദുരിതമനുഭവിച്ചു കൊണ്ടിരിക്കുന്ന കർഷകർക്കു വേണ്ടിയാണ്. ആത്മഹത്യ ചെയ്തതും ആത്മഹത്യാമുനമ്പിൽ നിൽക്കുന്നതുമായ കർഷകർക്കു വേണ്ടി ഒരക്ഷരം ഉരിയാടാതെ ഇവർ നടത്തുന്ന പ്രതിഷേധ നാടകം തിരിച്ചറിയാൻ തക്ക വിവേകമുള്ളവരാണ് കേരള ജനത. കുട്ടനാട്ടിൽ വായ്പയെടുത്തു നെൽക്കൃഷി ചെയ്ത കർഷകർ വലിയ പ്രതിസന്ധിയിലാണ്.

വേനൽ മഴയിലും മടവീഴ്ചയിലും വൻ കൃഷിനാശമാണ് കുട്ടനാട്,- അപ്പർ കുട്ടനാട് മേഖലകളിൽ സംഭവിച്ചിരിക്കുന്നത്. മറ്റു കൃഷിവിളകൾക്കും വലിയ നഷ്ടമുണ്ടായി. ഈ കർഷകർക്ക് നീതി ലഭ്യമാക്കാനും അർഹമായ സഹായം ലഭ്യമാക്കാനും സ്വന്തം സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിന്ന് പകരം ദില്ലിയിലെ കർഷക സമരത്തിന്റെ പേരിൽ നടത്തുന്ന പ്രകടന തട്ടിപ്പ് ആരെ പറ്റിക്കാനാണെന്നും കുമ്മനം ചോദിച്ചു. കേരളത്തിലെ കർഷകരെ ബാധിക്കാത്ത വിഷയങ്ങളുന്നയിച്ച് ദില്ലിയിലെ ജന്തർ മന്തറിൽ നടത്തിയ സമരത്തിൽ ഊറ്റം കൊള്ളുന്നവർ ആദ്യം ചുറ്റുപാടും നടക്കുന്നത് കണ്ണു തുറന്ന് കാണണം.

എന്നിട്ട് പോരെ ഉത്തരേന്ത്യൻ വിഷയവുമായി ഇവിടുത്തെ തെരുവുകളിലിറങ്ങുന്നത്? കേരളത്തിൽ കൃഷി നശിച്ചവർക്കും ആത്മഹത്യ ചെയ്തവർക്കും അർഹമായ നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാൻ നിങ്ങൾ തെരുവിലിറങ്ങി മാതൃക കാട്ടുമോ ? അങ്ങനെയെങ്കിലും കർഷക പ്രതിബദ്ധത നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കാമോയെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു.

കര്‍ഷകര്‍ക്കെതിരെയുള്ള പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം; സുരേഷ് ഗോപിക്കെതിരെ പ്രകടനം

തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ സുരേഷ് ഗോപിക്കെതിരെ പ്രതിഷേധ പ്രകടനവുമായി കര്‍ഷകസംഘം പ്രവര്‍ത്തകര്‍. സുരേഷ് ഗോപി കര്‍ഷക സമരത്തെയും കര്‍ഷകരെയും അവഹേളിച്ചെന്നാക്ഷേപിച്ചാണ് സ്വരാജ് റൗണ്ടില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. സുരേഷ് ഗോപി കഴിഞ്ഞ ദിവസം നടത്തിയ ഈ പ്രസംഗമാണ് പ്രതിഷേധത്തിന് കാരണമായത്. കര്‍ഷക നിയമം പിൻവലിച്ചതില്‍ തനിക്കുളള ദുഖം രേഖപ്പെടുത്തിയ സുരേഷ് ഗോപി സമരം ചെയ്ത കര്‍ഷകര്‍ക്കെതിരെയും പരാമര്‍ശം നടത്തിയിരുന്നു.

ഇതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകസംഘം പ്രവര്‍ത്തകര്‍ പ്രകടനവുമായി നഗരത്തില്‍ ഇറങ്ങിയത്.പാറമേക്കാവ് ക്ഷേത്രം മുതല്‍ കോര്‍പ്പറേഷൻ ഓഫീസ് വരെയായിരുന്നു പ്രകടനം. കര്‍ഷകര്‍ക്കെതിരെ നടത്തിയ പരാമര്‍ശം പിൻവലിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്നാണ് ആവശ്യം.
സുരേഷ് ഗോപി മാപ്പ് പറയും വരെ സമരവുമായി മുന്നോട്ടു പോകാനാണ് കര്‍ഷകസംഘത്തിൻറെ തീരുമാനം.

കഴിഞ്ഞ ദിവസം കാർഷിക നിയമങ്ങൾ തിരിച്ചുവരുമെന്ന് സുരേഷ് ഗോപി എംപി പറഞ്ഞിരുന്നു. കാർഷിക നിയമം മോദി സർക്കാർ പിൻവലിച്ചതിൽ തനിക്ക് അതിയായ അമർഷം ഉണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കർഷക സമരത്തിൽ പങ്കെടുത്തവരെയും സുരേഷ് ഗോപി പരിഹസിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker