അനിയത്തി പ്രാവിന് 25 വയസ്, കേക്ക് മുറിച്ച് ആഘോഷിച്ച് കുഞ്ചാക്കോ ബോബൻ
കൊച്ചി:സിനിമയില്‍ കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന വേള സഹപ്രവര്‍ത്തകര്‍ക്കും ഭാര്യയ്ക്കുമൊപ്പം ആഘോഷിച്ച് കുഞ്ചാക്കോ ബോബന്‍ (Kunchacko Boban). ചാക്കോച്ചന്‍ നായകനായി അരങ്ങേറിയ ഫാസില്‍ ചിത്രം അനിയത്തിപ്രാവ് (Aniyathipraavu) തിയറ്ററുകളില്‍ എത്തിയതിന്‍റെ 25-ാം വാര്‍ഷികമാണ് ഇന്ന്. 1997 മാര്‍ച്ച് 26ന് ആയിരുന്നു ഈ ചിത്രത്തിന്‍റെ റിലീസ്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്‍റെ ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ സെറ്റിലായിരുന്നു ഇന്ന് ചാക്കോച്ചന്‍. ആ സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഭാര്യ പ്രിയയും ആഘോഷങ്ങളില്‍ പങ്കാളികളായി. കേക്ക് മുറിച്ച് എല്ലാവര്‍ക്കും വിതരണം ചെയ്‍തുകൊണ്ടാണ് ചാക്കോച്ചന്‍ ആഹ്ലാദം പങ്കുവച്ചത്.
കേരളത്തിലെ ആദ്യകാല സിനിമാ സ്റ്റുഡിയോ ആലപ്പുഴയിലെ ഉദയാ സ്റ്റുഡിയോയുടെ സഹ സ്ഥാപകന്‍ കുഞ്ചാക്കോയുടെ ചെറുമകന് സിനിമ എന്നത് ഒരു സ്വാഭാവിക വഴി ആയിരുന്നു. ഫാസിലിന്‍റെ തന്നെ സംവിധാനത്തില്‍ 1981ല്‍ പുറത്തെത്തിയ ധന്യ എന്ന ചിത്രത്തില്‍ ബാലതാരമായാണ് കുഞ്ചാക്കോ ബോബന്‍ ആദ്യമായി ക്യാമറയ്ക്കു മുന്നില്‍ എത്തുന്നത്. പിന്നീട് 16 വര്‍ഷങ്ങള്‍ക്കിപ്പുറം നവാഗതരെ വച്ച് ഒരു പ്രണയചിത്രം ഒരുക്കേണ്ടിവന്നപ്പോള്‍ ആലപ്പുഴക്കാരന്‍ തന്നെയായ ഫാസിലിന്‍റെ മനസിലേക്ക് ഇരുപതുകാരനായ ചാക്കോച്ചന്‍റെ മുഖം എത്തി. വൈഡ് റിലീസിംഗ് ഒന്നും ഇല്ലാതിരുന്ന കാലത്ത് എ ക്ലാസ് സെന്‍ററുകളില്‍ ആദ്യ ദിനങ്ങളില്‍ത്തന്നെ മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്. ഇമോഷണല്‍ രംഗങ്ങളും ഹ്യൂമറിന്റെ പശ്ചാത്തലവും ഔസേപ്പച്ചന്‍ ഒരുക്കിയ ഗാനങ്ങളുമൊക്കെ ജനം ഏറ്റെടുത്തു. അക്കാലത്ത് ഏറ്റവുമധികം ഓഡിയോ കാസറ്റുകള്‍ വിറ്റുപോയ ഒരു ചിത്രവുമായിരുന്നു അനിയത്തിപ്രാവ്. മൗത്ത് പബ്ലിസിറ്റിയില്‍ മുന്നിലെത്തിയ ചിത്രം ബി, സി ക്ലാസ് തിയറ്ററുകളിലും പ്രേക്ഷകരെ എത്തിച്ചതോടെ ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറി. ഫാസിലിന്‍റെയും ചാക്കോച്ചന്‍റെയും ഫിലിമോഗ്രഫിയില്‍ എക്കാലത്തെയും മികച്ച വിജയങ്ങളുടെ പട്ടികയില്‍ അനിയത്തിപ്രാവ് ഉണ്ട്.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. ഫെബ്രുവരി 26നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്. രാകേഷ് ഹരിദാസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ബോളിവുഡ് ചിത്രം ഷെര്‍ണിയുടെ ഛായാഗ്രഹണം മലയാളിയായ ഇദ്ദേഹമായിരുന്നു. ജ്യോതിഷ് ശങ്കര്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. സൂപ്പര്‍ ഡീലക്സ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ തമിഴ് താരം ഗായത്രി ശങ്കര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗായത്രിയുടെ ആദ്യ മലയാള ചിത്രമാണിത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലും കനകം കാമിനി കലഹത്തിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച രാജേഷ് മാധവനാണ് മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, സൈജു കുറുപ്പ് എന്നിവരും അഭിനയിക്കുന്നു.