KeralaNews

കുടയത്തൂർ ഉരുൾപൊട്ടൽ:മൂന്നാമത്തെ മൃതദേഹം കണ്ടെത്തി, ഇടുക്കി കോട്ടയം ജില്ലകളിൽ മഴ ജാഗ്രത തുടരുന്നു

തൊടുപുഴ : തൊടുപുഴ കുടയത്തൂർ സംഗമം കവലക്ക് സമീപം ഉരുൾപൊട്ടിയുണ്ടായ അപകടത്തിൽ അഞ്ച് വയസ്സുള്ള കുഞ്ഞടക്കം 3 പേർ മരിച്ചു. കുടയത്തൂർ സ്വദേശി സോമൻ, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകൾ നിമ, നിമയുടെ മകൻ ദേവാനന്ദ് എന്നിവരാണ് മണ്ണിനടിയിൽ പെട്ടത്. ഇവരിൽ തങ്കമ്മ കൊച്ചുമകൻ ദേവാനന്ദ് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഒടുവിൽ ലഭിച്ച  മൂന്നാമത്തെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ശക്തമായ മഴക്ക് പിന്നാലെ പുലർച്ചെ നാല് മണിയോടെയുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്നാണ് അപകടമുണ്ടായത്. വീട് പൂർണമായും ഒലിച്ചുപോയി. തറഭാഗം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ഇതുവരെ മൂന്ന് മൃതദേഹങ്ങൾ മാത്രമാണ് കണ്ടെടുക്കാൻ കഴിഞ്ഞത്. വീടിരുന്ന സ്ഥലത്തിന് താഴെ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. കാണാതായ രണ്ട് പേർക്കായി രക്ഷാപ്രവ‍ർത്തനം തുടരുകയാണ്. 

ഇന്നലെ രാത്രിയോടെ പ്രദേശത്ത്  ശക്തമായ മഴയാണുണ്ടായത്. ഈ മഴയ്ക്ക് ഒടുവിലാണ്  ഉരുൾപൊട്ടിയത്. വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടി എത്തുമ്പോഴേക്കും വീട് പൂർണമായും ഒലിച്ചു പോയിരുന്നു. റവന്യു വകുപ്പും പൊലീസും ഫയർഫോഴ്സ് സംഘും സ്ഥലത്തുണ്ട്.  ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കിയാണ് ആളുകളെ കണ്ടെടുക്കുന്നത്. തെരച്ചിലിന്നായി എൻഡിആർഎഫ് സംഘവുമെത്തും. തൃശൂരിൽ നിന്നുള്ള സംഘം ഇതിനോടകം തൊടുപുഴയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് നിലവിൽ മഴ മാറി നിൽക്കുന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾ സുഗമമാണ്.  

പുളിയന്മല സംസ്‌ഥാന പാതയിൽ നാടുകാണിക്ക് സമീപം മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. ഉരുൾപ്പൊട്ടൽ സാഹചര്യം നിലനിൽക്കുന്നതിനാൽ തൊടുപുഴ പുളിയന്മല റോഡിലൂടെയുള്ള രാത്രി യാത്ര നിരോധിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മലയോരമേഖലയിലുള്ള യാത്രയാത്ര നിരോധിക്കണോ എന്ന കാര്യത്തിൽ വൈകിട്ട് തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

മധ്യകേരളത്തിൽ മലയോര മേഖലയിൽ അതിശക്തമായ മഴ തുടരുകയാണ്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ പലയിടത്തും മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലുമുണ്ടായി. പത്തനംതിട്ടയിൽ വായ്പൂർ, മുതുപാല, വെണ്ണിക്കുളം, ചുങ്കപ്പാറ പ്രദേശങ്ങളിൽ വെളളം കയറി. 2018ലെ പ്രളയത്തിൽ പോലും വെളളം കയറാത്ത സ്ഥലങ്ങളിലാണ് ഇത്തവണ വെളളം കയറിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്. കോട്ടയത്ത് നെടുങ്കുന്നം പഞ്ചായത്തിൽ പാലം മുങ്ങി. തോടുകൾ വഴിമാറി ഒഴുകി വീടുകളിൽ വെള്ളം കയറി. കറുകച്ചാൽ,മണിമല പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker