അങ്ങ് ഉറക്കെ വിളിച്ചു പറയണം, സുഡാപ്പി കൊന്നതാണെന്ന്; നൗഷാദ് കൊലപാതകത്തില്‍ മുല്ലപ്പള്ളിയോട് കെ.എസ്.യു ജില്ലാ പ്രസിഡന്റ്
മലപ്പുറം: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദ് കൊല്ലപ്പെട്ട സംഭവത്തില്‍ കെ.പി.സി.സി പ്രസിഡഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കെഎസ്യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍ രംഗത്ത്. കൊല്ലപ്പെട്ട നൗഷാദ് പാര്‍ട്ടിയ്ക്ക് വേണ്ടി രക്തസാക്ഷിയാകുകയായിരുന്നുവെന്നും പ്രവര്‍ത്തകരെ കൊലക്കത്തിയ്ക്ക് വിട്ടു കൊടുക്കാതെ രക്തസാക്ഷിയായ നൗഷാദിന് വേണ്ടി പ്രതിഷേധിക്കണമെന്നുമാണ് മുല്ലപ്പള്ളിയോട് ഫേസ്ബുക്കിലൂടെ കെഎസ്യു നേതാവിന്റെ ആഹ്വാനം.
നൗഷാദ് രക്തസാക്ഷിയായത് പാര്‍ട്ടിയ്ക്ക് വേണ്ടിയാണെന്നും പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊണ്ട് ശക്തമായി പ്രതിഷേധിക്കണമെന്നും ഹാരിസ് മുതൂര്‍ ആവശ്യപ്പെട്ടു. അങ്ങ് ഉറക്കെ വിളിച്ചു പറയണം. സുഡാപ്പി കൊന്നതാണെന്ന് പറയണം. ഹാരിസ് ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ബഹു KPCC പ്രസിഡണ്ട് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയാന്‍,
ചാവക്കാട് കോണ്‍ഗ്രസ്സിന്റെ നട്ടെല്ലും ബൂത്ത് പ്രസിഡണ്ടും ആയിരുന്ന പ്രിയ സഹപ്രവര്‍ത്തകന്‍ നൗഷാദിനെ കൊന്നതാണ്, കൊലയാളികള്‍ SDPI എന്ന വര്‍ഗീയ സംഘടനയില്‍പ്പെട്ടവരാണ്, മൊത്തം നാലു പേരെയാണ് സര്‍ വെട്ടിയത്, അവര്‍ 14 പേരുണ്ടായിരുന്നു, വെട്ടു കൊണ്ട നമ്മുടെ പ്രവര്‍ത്തകരുടെ മൊഴിയാണ് സര്‍ അവര്‍ SDPI എന്നത്, താങ്കള്‍ കുടുംബനാഥനാണ് സര്‍ കോണ്‍ഗ്രസ്സ് എന്ന നമ്മുടെ കുടുംബത്തിലെ കുടുംബനാഥന്‍, രക്തസാക്ഷിയായത് പാര്‍ട്ടിക്കുവേണ്ടിയാണ്, മൂവര്‍ണ്ണക്കൊടി പിടിച്ച് പോരാടിയതിന്റെ പേരിലാണ്, പ്രവര്‍ത്തകരെ സംരക്ഷിച്ചതിന്റെ പേരിലാണ്, പ്രവര്‍ത്തകരെ കൊലക്കത്തിക്ക് വിട്ടുകൊടുക്കാതെ രക്തസാക്ഷിയായതാണ്.
പ്രതികരിക്കണം സര്‍ പ്രതിഷേധിക്കണം വളരെ ശക്തമായി, പ്രവര്‍ത്തകരുടെ വികാരമാണ് സര്‍.അങ്ങ് ഉറക്കെ പറയണം കൊന്നതാണ് സുഡാപ്പി വെട്ടി കൊന്നതാണ്.
പിണറായിക്കു സ്തുതി പാടുന്ന സി പി എമ്മിന്റെ അടിമകളെ പോലയല്ല ഞങ്ങള്‍ കോണ്‍ഗ്രസ്സുകാര്‍, ഞങ്ങളുടെ വികാരം മനസ്സിലാക്കുമെന്ന പ്രതീക്ഷയോടെ പ്രവര്‍ത്തകരെ സംരക്ഷിക്കണമെന്ന അഭ്യാര്‍ത്ഥനയോടെ.,
ഹാരിസ് മുതൂര്‍
KSU മലപ്പുറം ജില്ലാ പ്രസിഡണ്ട്