തിരുവനന്തപുരം: ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ നിര്‍ത്താനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. ഞായറാഴ്ച മുതല്‍ രണ്ടോ മൂന്നോ ജില്ലകളെ ബന്ധിപ്പിച്ചുള്ള ചെയിന്‍ സര്‍വീസുകളായിട്ടായിരിക്കും ഫാസ്റ്റ് പാസഞ്ചറുകളുടെ ഓട്ടം. സൂപ്പറിന് പിന്നാലെ ഫാസ്റ്റും പുനക്രമീകരിക്കുന്നതോടെ പ്രതിമാസം അഞ്ചുകോടിയോളം രൂപ ചെലവിനത്തില്‍ കുറയ്ക്കാമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ കണക്കുകൂട്ടല്‍.
തിരുവനന്തപുരത്തെ സെന്‍ട്രല്‍ ഡിപ്പോയില്‍ മാത്രം 20 ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചറുകളുണ്ട്. ഇവയെല്ലാം ഞായറാഴ്ച മുതല്‍ ആലപ്പുഴയിലേക്കും കോട്ടയത്തേക്കുമുള്ള ചെയിന്‍ സര്‍വീസുകളായി ചുരുങ്ങും. തിരുവനന്തപുരം കുമളി സര്‍വീസ് നിര്‍ത്തും. നെടുമങ്ങാട് ഡിപ്പോയില്‍ നിന്നുള്ള എറണാകുളം ഫാസ്റ്റ് പാസഞ്ചറുകള്‍ കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. വര്‍ഷങ്ങളായി ഓടിക്കൊണ്ടിരുന്ന തൊടുപുഴ തിരുവനന്തപുരം ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചറും സര്‍വ്വീസ് അവസാനിപ്പിക്കും.