കോഴിക്കോട്: ജനങ്ങള്‍ കൊറോണ ഭീതിയില്‍ കഴിയുന്നതിനിടെ കെഎസ്ആര്‍ടിസി ബസില്‍ സീറ്റ് കിട്ടാന്‍ യുവാവിന്റെ കള്ളത്തരം. സീറ്റ് കിട്ടാന്‍ വേണ്ടി തനിക്ക് കൊറോണയാണെന്ന് പറഞ്ഞ് യാത്രക്കാരെ പറ്റിച്ച യുവാവിനെ പോലീസുകാര്‍ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി. കോഴിക്കോട്ടു നിന്ന് മൈസൂരുവിലേക്കു പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
കെഎസ്ആര്‍ടിസി ബസിലെ സീറ്റില്‍ ഒറ്റയ്ക്കിരിക്കാന്‍ വേണ്ടി അടുത്തിരിക്കാന്‍ വന്ന യാത്രക്കാരനോട് യുവാവ് തനിക്ക് കൊറോണയാണെന്ന് കള്ളം പറയുകയായിരുന്നു. ഇത് കേട്ടതോടെ മറ്റ് യാത്രക്കാരും ആശങ്കയിലായി. തുടര്‍ന്ന് യാത്രക്കാര്‍ പ്രശ്നം കണ്ടക്ടറുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. യാത്രക്കാര്‍ പരിഭ്രാന്തരാണെന്ന് കണ്ട കണ്ടക്ടര്‍ താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ ബസ് നിര്‍ത്തി വിവരം അറിയിച്ചു.
യാത്രക്കാരനെ ബസില്‍ നിന്നിറിക്കി താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പരിശോധനയ്ക്കു വിധേയനാക്കി. എന്നാല്‍ പരിശോധനയില്‍ യുവാവിന് കൊറോണയില്ലെന്ന് കണ്ടെത്തി. സംഭവം കൈവിട്ട് പോയതോടെ അടുത്തിരിക്കാന്‍ വന്ന ആളോട് മാസ്‌ക് വെയ്ക്കാനാണ് പറഞ്ഞതെന്നും തന്റെ ഭാഷ മനസ്സിലാവാത്തതിനാല്‍ തെറ്റിദ്ധരിച്ചതാണന്നും പറഞ്ഞ് യുവാവ് തടിയൂരുകയായിരുന്നു.