തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ഓഗസ്റ്റിലെ ശമ്പളം വൈകുമെന്ന് ധനവകുപ്പ്. സര്‍ക്കാര്‍ നല്‍കേണ്ട 65 കോടി രൂപ ധനസഹായം ഇതുവരെ നല്‍കിയില്ല. അതിനാല്‍ ശമ്പളം നല്‍കാന്‍ പണമില്ലെന്നാണ് ധനവകുപ്പ് കോര്‍പറേഷനെ അറിയിച്ചത്.
ഓഗസ്റ്റിലും പത്താം തീയതിയായിട്ടും ശമ്പളം നല്‍കാത്തതിന് മുന്‍പ് ജീവനക്കാര്‍ എംഡിക്ക് എതിരെ രംഗത്തെത്തിയിരുന്നു. കെ സ്വിഫ്റ്റിനോടുളള തങ്ങളുടെ എതിര്‍പ്പ് മൂലം സര്‍ക്കാര്‍ മനപൂര്‍വം ശമ്പളം വൈകിപ്പിക്കുകയാണെന്നാണ് തൊഴിലാളി സംഘടനകളുടെ വാദം.
2016 ഫെബ്രുവരി 28ന് അവസാനിച്ച ശമ്പളക്കരാറിന് ശേഷം അഞ്ചര വര്‍ഷം കഴിഞ്ഞിട്ടും പുതിയ കരാറിനുളള പ്രാഥമിക ചര്‍ച്ചകള്‍ പോലും നടത്താന്‍ കഴിഞ്ഞിട്ടില്ല. പത്താം ശമ്പളപരിഷ്‌കരണ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ശമ്പളം പുതുക്കേണ്ടതായിരുന്നു എന്നാല്‍ അത് നടന്നില്ല.
ജൂണ്‍ 30ന് പുതിയ ശമ്പളം ലഭിക്കുമെന്ന് മുഖ്യമന്ത്രി നല്‍കിയ വാക്കും ഇതുവരെ നടപ്പായില്ല. അതേസമയം, മറ്റ് വകുപ്പുകളില്‍ ഇതിനകം രണ്ട് തവണ ശമ്പളപരിഷ്‌കരണം നടന്നെന്നും ജീവനക്കാര്‍ പറയുന്നു.