‘ഞങ്ങള്‍ വാര്‍ക്കപണിക്ക് പോയതാണ്, വീട്ടുചെലവ് നടത്താനായി…’ കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്റെ മറുപടി വൈറല്‍
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം വൈകുന്നതും ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നതും അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. ഏഴാം തീയതിയായിട്ടും ഈ മാസത്തെ ശമ്പളം ജീവനക്കാര്‍ക്ക് ഇതുവരെ കിട്ടിയിട്ടില്ല. അതിനിടെ കൃത്യസമയത്ത് ജോലിക്ക് വന്നില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് കാട്ടി മേലധികാരികള്‍ പതിച്ച നോട്ടീസിന് ഒരു ജീവനക്കാരന്‍ കൊടുത്ത മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലാകുന്നത്.
തിരുവനന്തപുരം ജില്ലയിലെ ഒരു ഡിപ്പോയിലാണ് സ്ഥിരജീവനക്കാര്‍ വൈകി വരുന്നതിനെതിരെ ഡി.ടി.ഒ നോട്ടീസ് പതിച്ചത്. കാര്യക്ഷമമായ സര്‍വീസ് നടത്തിപ്പിന് തടസം നില്‍ക്കുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നായിരുന്നു ഡി.ടി.ഒയുടെ മുന്നറിയിപ്പ്. നോട്ടീസിന് താഴെത്തന്നെ ഉരുളയ്ക്ക് ഉപ്പേരി പോലെ ജീവനക്കാരുടെ മറുപടിയും വന്നു.
‘ഞങ്ങള്‍ വാര്‍ക്കപണിക്ക് പോയതാണ്, വീട്ടുചെലവ് നടത്താനായി…’ എന്നായിരുന്നു മറുപടി. കാര്യക്ഷമമായി സര്‍വീസ് നടത്തിപ്പ് എന്ന വാക്കും കാര്യപിടിപ്പില്ലാതെ എന്ന് ജീവനക്കാര്‍ തിരുത്തിയിട്ടുണ്ട്.