ചേര്‍ത്തലയില്‍ വിവാഹം നടക്കാത്തതിന്റെ ശാപം മാറാന്‍ മകള്‍ക്ക് ഭക്ഷണത്തില്‍ ‘കൃപാസനം’ പത്രം അരച്ച് കലര്‍ത്തി നല്‍കി അമ്മ! മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
ചേര്‍ത്തല: വിവാഹം നടക്കാത്തതിന്റെ ശാപം മാറ്റാന്‍ മകള്‍ക്ക് ഭക്ഷണത്തില്‍ കൃപാസനം പത്രം അരച്ച് കലര്‍ത്തി നല്‍കി മാതാവ്. ഭക്ഷണം കഴിച്ച യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ചേര്‍ത്തല തൃച്ചാറ്റുകുളത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മകളുടെ വിവാഹം നടക്കാന്‍ മകളറിയാതെ അമ്മ ‘കൃപാസനം’ പത്രം ഭക്ഷണത്തില്‍ അരച്ചുചേര്‍ത്ത് കൊടുക്കുകയായിരിന്നു. അമ്മ പറഞ്ഞിട്ടും ഇത്തരത്തിലുള്ള ധ്യാനങ്ങളിലും അന്ധവിശ്വാസങ്ങളിലും മകള്‍ പങ്കെടുത്തിരുന്നില്ല. തുടര്‍ന്നാണ് ജോസഫ് അച്ഛന്റെ മദ്ധ്യസ്ഥതയില്‍ കര്‍ത്താവുമായി ഉടമ്പടി ഒപ്പിടാന്‍ മകള്‍ പോകാതിരുന്നതിനെ തുടര്‍ന്ന് മക്കള്‍ക്കുവേണ്ടി അമ്മ ഉടമ്പടി എടുക്കുകയായിരുന്നു.
ഉടമ്പടി പ്രകാരം കുടുംബശ്രീയില്‍നിന്ന് കടമെടുത്ത 2000 രൂപയ്ക്കുള്ള ‘കൃപാസനം’ പത്രം വാങ്ങിയ അമ്മ കഴിഞ്ഞ ഒരാഴ്ച്ചയായി ആ പത്രത്തില്‍നിന്ന് ഓരോന്ന് വെള്ളത്തിലിട്ട് കുതിര്‍ത്ത് മകള്‍ക്ക് ഭക്ഷണത്തില്‍ അരച്ച് കൊടുത്തു വരുകയായിരിന്നു. 27 വയസുള്ള മകളുടെ വിവാഹം വൈകിയത് എന്തൊക്കെയോ പൈശാചിക ബന്ധനകളുടെ ഫലമായിട്ടാണെന്നും എന്നാല്‍ ആ കെട്ടുകളെല്ലാം ആദ്യം ഉടമ്പടിവെച്ച് പ്രാര്‍ത്ഥിച്ച ദിവസം തന്നെ ജോസഫ് അച്ചന്‍ അഴിച്ചെന്നും അവരെ വിശ്വസിപ്പിച്ച് കൃപാസനം പത്രം വാങ്ങാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. 2000 രൂപയുടെ കൃപാസനം പത്രം അവര്‍ക്ക് വെഞ്ചരിച്ചു നല്‍കി. അച്ചന്റെ പ്രാര്‍ത്ഥനയുടെ ശക്തിമുഴുവന്‍ ആവാഹിച്ച് നല്‍കിയ കൃപാസനത്തിലെ വചനങ്ങള്‍ക്ക് ശക്തിയുണ്ടെന്നു വിചാരിച്ച അമ്മ അതുമുഴുവന്‍ അരച്ച് മകള്‍ക്ക് കൊടുക്കുവാന്‍ തീരുമാനിക്കുകയായിരിന്നു.
രണ്ടുദിവസമായി ശരീരിക അസ്വസ്ഥതകള്‍ അനുഭപ്പെട്ട യുവതി ആദ്യം അരൂക്കുറ്റി ആശുപത്രിയിലും പിന്നീട് ചേര്‍ത്തല ആശുപത്രിയിലും ചികിത്സ തേടുകയായിരിന്നു. വിദഗ്ദ്ധ പരിശോധനയില്‍ ഫുഡ് പോയ്സണ്‍ ആണ് ചൊറിച്ചിലിനും ഛര്‍ദ്ദിയ്ക്കും കാരണമെന്ന് കണ്ടെത്തി. രണ്ടു ദിവസമായി ഭക്ഷണത്തില്‍ രുചിവ്യത്യാസം അനുഭവപ്പെടുന്നത് ചോദ്യം ചെയ്ത മകളോട് അമ്മ അപ്പോഴെല്ലാം വെളിച്ചെണ്ണയ്ക്ക് പകരം സപ്ലൈകോയില്‍നിന്ന് കിട്ടുന്ന സൂര്യകാന്തി എണ്ണയാണ് ഉപയോഗിക്കുന്നതെന്ന വാദമാണ് പറഞ്ഞത്. മകള്‍ ആശുപത്രിയിലാകുകയും ഫുഡ് പോയിസണ്‍ ആണെന്ന് ഡോക്റ്റര്‍ കണ്ടെത്തുകയും ചെയ്തതോടെ അമ്മ ഒടുവില്‍ സത്യം തുറന്നുപറയുകയായിരുന്നു. ആശുപത്രി വിട്ടശേഷം പോലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് യുവതി.