തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ നിലനിൽക്കുന്ന ഭിന്നത റായ്‌പുരിൽ എ.ഐ.സി.സി. വേദിയിലേക്കുവരെയെത്തിച്ചതിൽ ഹൈക്കമാൻഡിന് അതൃപ്തി. കെ.പി.സി.സി. അംഗങ്ങളായി 60 പേരെ നാമനിർദേശംചെയ്യുന്നതിന് നേതൃത്വംനൽകിയ പട്ടിക അനിശ്ചിതത്വത്തിലുമായി.
കെ.പി.സി.സി. അംഗങ്ങളായി സംസ്ഥാനനേതൃത്വം നിർദേശിച്ച പട്ടികയ്ക്കെതിരേ റായ്‌പുർ സമ്മേളനത്തിന് തൊട്ടുമുമ്പുതന്നെ എ, ഐ വിഭാഗങ്ങൾ രംഗത്തെത്തിയിരുന്നു. തുടർന്ന് പട്ടികയ്ക്ക് അനുമതിനൽകാൻ കേന്ദ്രനേതൃത്വം വിസമ്മതിച്ചു. ഈ പട്ടികയിൽ നിർദേശിക്കപ്പെട്ടവർക്ക് എ.ഐ.സി.സി. പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതിനൽകി. രാത്രിയിൽ വാക്കാൽ ലഭിച്ച അറിയിപ്പിനെത്തുടർന്നാണ് പലരും റായ്‌പുരിലേക്ക് അവസാനനിമിഷം ടിക്കറ്റ് സംഘടിപ്പിച്ചത്.
പട്ടികയുടെപേരിൽ കേരളത്തിൽ തുടങ്ങിയ അസ്വാരസ്യം റായ്‌പുരിലേക്കും വളർന്നു. മുതിർന്ന നേതാക്കളോട് ആലോചിക്കാതെ കെ. സുധാകരനും വി.ഡി. സതീശനും ഏകപക്ഷീയമായി തീരുമാനമെടുക്കുന്നെന്നായിരുന്നു എ, ഐ ഗ്രൂപ്പ് നേതൃത്വത്തിന്റെ മറുപടി. ഈ വികാരം രമേശ് ചെന്നിത്തല റായ്‌പുരിലും തുറന്നുപറഞ്ഞു.
ഗ്രൂപ്പ് മാനേജർമാരുടെ പക്കൽനിന്ന് പട്ടികവാങ്ങി ഭാരവാഹികളെ െവക്കാനാകില്ലെന്ന് സതീശൻ തിരിച്ചടിച്ചു. കെ.പി.സി.സി. അംഗങ്ങളെ നിശ്ചയിച്ചതിൽ ചർച്ചയുണ്ടായില്ലെന്ന് കൊടിക്കുന്നിൽ സുരേഷ്, പി.സി. വിഷ്ണുനാഥ് എന്നിവരുടെ പരസ്യപ്രതികരണവും വന്നു.
തുടർന്ന് സമ്മേളനവേദിയിൽത്തന്നെ സംസാരിച്ച് ധാരണയുണ്ടാക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചു. കെ. സുധാകരൻ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, എം.എം. ഹസൻ എന്നിവർ എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തണമെന്നായിരുന്നു തീരുമാനം. എന്നാൽ അവസാനനിമിഷം യോഗം പിറ്റേദിവസത്തേക്ക് മാറ്റി. സമാപനദിവസമായതിനാൽ അന്നും ചേരാനായില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി താഴെത്തട്ടിൽ പാർട്ടി പുനഃസംഘടനയ്ക്കുള്ള ശ്രമം ഒരുഭാഗത്ത് നടക്കുകയാണ്. കൂടിയാലോചനകളില്ലാതെയാണ് കെ.പി.സി.സി. നേതൃത്വം മുന്നോട്ടുപോകുന്നതെങ്കിൽ പുനഃസംഘടനയിലും സമവായത്തിന് ശ്രമിക്കേണ്ടെന്നാണ് എ, ഐ വിഭാഗങ്ങളുടെ നിലപാട്.