Entertainment

ആദാമിന്റെ മകന്‍ അബുവിന് കാരണമായ അബൂട്ടി അന്തരിച്ചു; വാര്‍ത്ത പങ്കുവെച്ച് സലീം അഹമദ്

ആദാമിന്റെ മകന്‍ അബു എന്ന സിനിമയിലെ കേന്ദ്ര കഥാപത്രമായ അബുവിന് അവംലബമാക്കിയ മട്ടന്നൂര്‍ സ്വദേശി കെ.പി. അബൂട്ടി അന്തരിച്ചു. സംവിധായകന്‍ സലീം അഹമദാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ‘കെ.പി. ആബൂട്ടിക്ക പരിയാരം ഹസ്സന്‍മുക്ക് ഇന്ന് കാലത്ത് മരണപെട്ടു. പണ്ട് പലോടുപള്ളിയിലും പരിസരങ്ങളിലും വഴിയോരത്ത് അത്തറുകളും യുനാനി മരുന്നുകളും മതഗ്രന്ഥങ്ങളും രാശിക്കല്ലുകളും വില്‍പ്പന നടത്തിയിരുന്ന അബൂട്ടിക്കയുടെ രീതികളായിരുന്നു ആദാമിന്റെ മകന്‍ അബുവിലെ അബുവിന് പകര്‍ന്ന് നല്‍കിയത്. അള്ളാഹു ആ സാധു മനുഷ്യന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ,’ സലീം അഹമ്മദ് ഫേസ്ബുക്കില്‍ എഴതി.

മികച്ച ചിത്രത്തിനുള്ള 2010ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയ ചലച്ചിത്രമാണ് ആദാമിന്റെ മകന്‍ അബു. അബു എന്ന വൃദ്ധനായ അത്തറ് കച്ചവടക്കാരന്, തന്റെ സാമ്പത്തിക പരാധീനതകള്‍ക്കിടയിലും മക്കയില്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കാനുണ്ടാകുന്ന മോഹവും അതിനെ തുടര്‍ന്നുണ്ടാവുന്ന സംഭവ വികാസങ്ങളുമണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

താന്‍ ട്രാവല്‍സില്‍ ജോലി ചെയ്തിരുന്ന കാലത്തുണ്ടായ പല അനുഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ കഥക്കാധാരം എന്ന് സംവിധായകന്‍ സലീം അഹമദ് പറഞ്ഞിരുന്നു. ചിത്രത്തിലെ അബു എന്ന കഥാപാത്രത്തിന് അവംലംബമായ ആളാണ് കെ.പി. ആബൂട്ടി. ചിത്രം പുറത്തിറങ്ങിയതിന് ശേഷം അന്ന് അബൂട്ടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

സലീം അഹമദ് ആദ്യമായി സംവിധാനം നിര്‍വഹിച്ച ആദാമിന്റെ മകന്‍ അബുവിലെ അഭിനയത്തിന് സലീം കുമാറിന് 2010 ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും, മധു അമ്പാട്ടിന് മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരവും ഐസക്ക് തോമസ് കൊട്ടുകപ്പള്ളിക്ക് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരവും ലഭിച്ചു.

2011 ജൂണ്‍ 24ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. 2011 ഒക്ടോബര്‍ 12 മുതല്‍ 27 വരെ ലങ്കാഷയറില്‍ നടന്ന ലണ്ടന്‍ ചലച്ചിത്ര മേളയില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു. 2011ലെ ഗോവ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യന്‍ പനോരമയിലും മത്സര വിഭാഗത്തിലും ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രത്തിന് ഗോവ ഫിലിം ഫെസ്റ്റിവലില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശവും പുരസ്‌കാരവും സംവിധായകനായ സലിം അഹമ്മദിന് ജൂറിയുടെ പരാമര്‍ശവും ലഭിച്ചു.

2011 ലെ ഓസ്‌കാര്‍ പുരസ്‌കാരത്തിന്റെ മികച്ച വിദേശ ചിത്രങ്ങളുടെ മത്സരത്തിലേക്ക് ഭാരത സര്‍ക്കാറിന്റെ ഔദ്യോഗിക ചലച്ചിത്ര എന്‍ട്രിയായി ഈ ചിത്രത്തെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു. എന്നാല്‍ സമര്‍പ്പിക്കപ്പെട്ട 9 ചിത്രങ്ങളുടെ പട്ടികയില്‍ ചിത്രത്തിന് സ്ഥാനം നേടാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker