‘പിണറായി തീയിൽ കുരുത്തത് വെയിലത്ത് വാടില്ല’ മുഖ്യമന്ത്രിയെ പുകഴ്ത്തി കോഴിക്കോട് രൂപത ബിഷപ്പ്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ച് കോഴിക്കോട് രൂപത ബിഷപ്പ് വർഗീസ് ചക്കാലക്കൽ. മുഖ്യമന്ത്രിയെ ഇന്ന് കണ്ടപ്പോൾ എനിക്ക് തോന്നിയത് തീയിൽ കുരുത്തത് വെയിലത്ത് വാടില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കണ്ണൂരിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരത്ത് നിന്നുകൊണ്ട് വളർന്നുവന്ന ജ്വലിക്കുന്ന നേതാവാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷ പരിപാടിയിലായിരുന്നു ബിഷപ്പ് മുഖ്യമന്ത്രിയെ പ്രകീർത്തിച്ചത്. മതേതരത്ത്വത്തിന്റെ കാവൽക്കാരായ പാരമ്പര്യമാണ് കോഴിക്കോട് രൂപതക്കെന്ന് മുഖ്യമന്ത്രിയും പ്രകീർത്തിച്ചു.
വിദ്യാഭ്യാസ രംഗത്തെ വികസനമാണ് കോഴിക്കോട് രൂപത മലബാറിന് നൽകിയ വലിയ സംഭാവനയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിലമതിക്കാനാവാത്ത പങ്കാണ് രൂപതയുടേത്. മനുഷ്യരോടുള്ള കരുതൽ ഏറെ വേണ്ട കാലമാണിത്. സർക്കാർ കർഷകരുടെ ദുരിതങ്ങൾക്ക് അവസാനം വരുത്താനുള്ള നടപടികളിലാണ്. വന്യജീവി ആക്രമണങ്ങൾ ഇല്ലാതാക്കാനും പരിസ്ഥിതി ലോല വിഷയത്തിലെ കോടതി വിധിയുടെ പശ്ചാത്തലത്തിൽ സ്വീകരിച്ച നടപടികളും കർഷകരെ സഹായിക്കാൻ ആണ്.
രൂപതയുടെ ഭാഗമായ കർഷകർക്കും മറ്റും ഏറെ സഹായകമായ പരിപാടികൾ നടപ്പാക്കി നവ കേരള സൃഷ്ടിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പിണറായി വ്യക്തമാക്കി. സാമൂഹ്യ നീതിക്കും സർക്കാർ പ്രാധാന്യം നൽകുന്നു. ഫ്രാൻസിസ് മാർപ്പാപ്പയും ഇതിനായി ശ്രമിക്കുന്നു. സഭക്കും സർക്കാറിനും നിരവധി മേഖലകളിൽ സഹകരിക്കാനാവും. ക്ഷേമ പദ്ധതികളിലും സാമൂഹിക പ്രവർത്തനങ്ങളിലും കൈ കോർക്കാം. നാട്ടിൽ സമാധാനവും ശാന്തിയും നിലനിൽക്കണം. നാട്ടിൽ സ്പർദ്ധ വളർത്താൻ ചിലർ ശ്രമിക്കുന്നുണ്ട്. അതിനെതിരെ ജാഗ്രത പാലിക്കണം. മതേതരത്ത്വത്തിന്റെ കാവൽക്കാരായ പാരമ്പര്യമാണ് കോഴിക്കോട് രൂപതക്ക്. മത നിരപേക്ഷതയിൽ ഊന്നിയ ആ പ്രവർത്തന ശൈലി ശതാബ്ദി വർഷത്തിലും തുടരുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭരണത്തിൽ ഇരിക്കുന്നവരും ഭരണത്തിൽ വരാൻ ഇരിക്കുന്നവരും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കണമെന്ന് ചടങ്ങിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവിച്ചു. വനാതിർത്തി വിധിയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് കർഷക കുടുംബങ്ങൾ ആധിയിലാണ്. പരിസ്ഥിതിക്കൊപ്പം കർഷകരേയും സംരക്ഷിക്കണമെന്നും മുഖ്യമന്ത്രി ഇക്കാര്യത്തിൽ അനുകൂല നിലപാട് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആലഞ്ചേരി പറഞ്ഞു.