ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്താതിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് എട്ടിന്റെ പണി; കര്‍ശന നടപടിയുമായി കോഴിക്കോട് ജില്ലാ കളക്ടര്‍
കോഴിക്കോട്: ദുരിതാശ്വാസ പ്രവര്‍ത്തനത്തനങ്ങളില്‍ പങ്കുചേരാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവ റാവു. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്. നേരത്തേ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വാഹനങ്ങള്‍ വിട്ടുനല്‍കാത്ത ജില്ലയിലെ 14 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കളക്ടര്‍ നടപടി സ്വീകരിച്ചിരുന്നു. ദുരന്തനിവാരണ വകുപ്പ് പ്രകാരമായിരുന്നു നടപടി.
മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയിട്ടും വാഹനങ്ങള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് കളക്ടര്‍ നടപടി സ്വീകരിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടാം ശനിയാഴ്ച പ്രവൃത്തി ദിനമായി സര്‍ക്കാര്‍തലത്തില്‍ തീരുമാനം ഉണ്ടായിട്ടും ഈ ഉദ്യോഗസ്ഥരുടെ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിച്ചിട്ടില്ല. ഈ ഓഫീസുകളില്‍ പലതും സിവില്‍ സ്റ്റേഷനിലാണ് പ്രവര്‍ത്തിക്കുന്നത്.
മൃഗസംരക്ഷണം, ആര്‍ക്കൈവ്സ്, കേരഫെഡ്, ഉപ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, സിവില്‍ സ്റ്റേഷനിലെ സൂപ്പര്‍ ചെക്ക് സെല്‍, ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ റീജിയണല്‍ ഓഫീസ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ്, ഗ്രൗണ്ട് വാട്ടര്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ്, ഡിഎംഒ (ഹോമിയോ), ജില്ലാ വ്യവസായ കേന്ദ്രം, കുടുംബശ്രീ, ഡിടിപിസി, ഡെപ്യൂട്ടി കമ്മീഷണര്‍ (ടാക്സസ്) എന്നീ കാര്യാലയങ്ങളുടെ മേധാവികള്‍ക്ക് എതിരെയാണ് നടപടി.
അതേസമയം വടക്കന്‍ കേരളത്തിലേക്ക് ഇപ്പോള്‍ സാധന സാമഗ്രികള്‍ എത്തിക്കേണ്ട കാര്യമില്ലെന്നും കളക്ഷന്‍ പോയിന്റുകള്‍ ആരംഭിക്കേണ്ട കാര്യമില്ലെന്നും തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞെന്ന് ആരോപണമുയര്‍ന്നിരുന്നു. ഫേസ്ബുക്കിലൂടെ ജില്ലാ കളക്ടര്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇപ്പോള്‍ വടക്കന്‍ കേരളത്തില്‍ സാധന സാമഗ്രികളുടെ ആവശ്യമില്ലെന്ന് കളക്ടര്‍ പറഞ്ഞൈന്ന് ആരോപണമുയര്‍ന്നത്.