Home-bannerKeralaNews

ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

തിരുവനന്തപുരം: സംസ്ഥാനത്തെ 5 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നവസാനിക്കും. രാവിലെ മുതൽ വിവിധ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സ്ഥാനാർത്ഥികൾ പര്യടനം നടത്തും. വൈകീട്ട് പ്രമുഖരെ അണിനിരത്തിയുള്ള റോഡ്ഷോകളോട് കൂടിയാണ് പ്രചാരണത്തിന്റെ കലാശക്കൊട്ട്. ഞായറാഴ്ചയിലെ നിശബ്ദ പ്രചാരണം കഴി‍ഞ്ഞ് തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്.
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. അടുത്തകാലത്തൊന്നും കാണാത്തവിധം ജാതികേന്ദ്രീത രാഷ്ട്രീയചർച്ച മുഴുകുമ്പോഴാണ് അഞ്ച് മണ്ഡലങ്ങൾ തിങ്കളാഴ്ച പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്.
സമദൂരം വിട്ട് എൻഎസ്എസ്, ഇടതാഭിമുഖ്യം തുടരുന്ന എസ്എൻഡിപി ,ബിജെപിയെ തള്ളാതെ ഓർത്തഡോക്സ് സഭ. അഞ്ചിൽ പോര് ചുറ്റിത്തിരിയുന്നത് സാമുദായിക നിലപാടുകളെ ചൊല്ലി തന്നെ. വട്ടിയൂർകാവിൽ ശരിദൂരവും കടന്ന് യുഡിഎഫിനായി പരസ്യമായി രംഗത്തിറങ്ങിയ എൻഎസ്എസും സിപിഎമ്മും നേർക്കുനേർ പോരിലാണ്. പാലാ തോൽവിയിൽ ഞെട്ടിയ യുഡിഎഫ് ക്യാമ്പിന് എൻഎസ്എസ് പിന്തുണ നൽകുന്നത് വലിയ ആത്മവിശ്വാസം. എൻഎസ്എസിനെ കടന്നാക്രമിക്കുന്ന വെള്ളാപ്പള്ളി നടേശൻറെ കൂട്ട് തുടരുന്നത് ഇടതിന് ചെറുതല്ലാത്ത ആശ്വാസം നല്‍കുന്നു.
വിശ്വാസത്തിൽ പ്രതീക്ഷ വെച്ച ബിജെപിക്ക് എൻഎസ്എസ് നിലപാടിൽ അങ്കലാപ്പുണ്ടെങ്കിലും ഓർത്തഡോക്സ് സഭയിൽ നിന്നും കിട്ടിയത് അപ്രതീക്ഷിത പിന്തുണ. ന്യൂനപക്ഷ വോട്ട് ബാങ്കിലേക്കുള്ള കടന്നുകയറ്റമെന്ന കടമ്പ കടക്കാനാകുമെന്നത് താമരക്കൂട്ടത്തിന് ഭാവിയിലേക്ക് കൂടിയുള്ള വൻ പ്രതീക്ഷയാണ് .
കപടഹിന്ദുമാത്രമായിരുന്നില്ല. പൂതനപ്രയോഗവും പുന്നപ്രവയലാറിൽ സമരക്കാരെ വെടിവെച്ച പട്ടാളക്കാർക്ക് വിരുന്ന് നൽകിയെന്ന ആരോപണവും നേതാക്കളുടെ വാക് പോരിന് ആയുധങ്ങളായി. വോട്ട് കച്ചവടം പിന്നെ പാലാരിവട്ടം പാലം ഒടുവിൽ മാർക്ക് ദാനം….പോരടിക്കാൻ ഓരോ ദിനവും വിഷയങ്ങളേറെയുണ്ടായി. മഞ്ചേശ്വരം മുതൽ വട്ടിയൂർകാവ് വരെയാണ് മത്സരം. അത് കൊണ്ട് തന്നെ വിധി അഞ്ചിടത്തെത് മാത്രമല്ല, കേരളത്തിൻറെ പൊതുചിത്രം. അതാണ് മൂന്ന് മുന്നണികളുടേയും പ്രതീക്ഷയും ആശങ്കയും
വട്ടിയൂർകാവിൽ അവസാനനിമിഷത്തെ പ്രധാന ചർച്ച യുഡിഎഫിനുള്ള എൻഎസ്എസ്സിൻറെ പരസ്യപിന്തുണയാണ്. മേയറുടെ പ്രതിച്ഛായയും ചിട്ടയായ പ്രവർത്തനവും കൊണ്ട് എതിർഘടകങ്ങളെ മറികടക്കാനാണ് ഇടത് ശ്രമം. ത്രികോണപ്പോരിൽ ബിജെപിക്കും ഉള്ളത് വലിയ പ്രതീക്ഷ. ശരിദൂരം വിട്ട് കരയോഗങ്ങൾ തോറും സമ്മേളനം വിളിച്ച് യുഡിഎഫിനായി എൻഎസ്എസ് വട്ടിയൂര്‍ക്കാവില്‍ രംഗത്തിറങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ തന്നെ പ്രധാന രാഷ്ട്രീയ ചർച്ചയായ പരസ്യമായ വോട്ടുപിടുത്തം മണ്ഡലത്തിലുണ്ടാക്കാവുന്ന സ്വാധീനത്തെച്ചൊല്ലിയാണ് മുന്നണികളുടെ കണക്ക് കൂട്ടൽ.
പരസ്യപ്രചാരണം കൊട്ടിക്കലാശത്തിലേക്കെത്തുമ്പോള്‍ മുന്പെങ്ങുമില്ലാത്ത പ്രചാരണ ചൂടാണ് കോന്നി മണ്ഡലത്തിൽ. ത്രികോണ മത്സരം നടക്കുന്ന കോന്നിയിൽ ഓര്‍ത്തഡോക്സ് വോട്ടുറപ്പിക്കാൻ നിര്‍ണായക നീക്കങ്ങളുമായി എൻഡിഎ നീങ്ങുന്നതോടെ ഒടുവിലത്തെ കൗതുകം. പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറിൽ അങ്കമാലി രൂപതയിൽ നിന്നുള്ള വൈദികനെ തന്നെ എൻഡിഎ രംഗത്തിറക്കി. വിഘടിച്ച് പോകാനിടയുള്ള വോട്ടുകൾ പരമാവധി അനുകൂലമാക്കാൻ  ഊര്‍ജിത പരിശ്രമത്തിലാണ് എൽഡിഎഫും യുഡിഎഫും.
പരസ്യ പ്രചരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അരൂരിൽ പോരാട്ടം ഉച്ഛസ്ഥായിയിലാണ്. കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിലാണ് യുഡിഎഫിന്റെ പ്രചാരണം. അവസാന നിമിഷത്തിലും മുൻ എംഎൽഎ, എ.എം.ആരിഫിനെ മുന്നിൽ നിർത്തുകയാണ് ഇടത്പക്ഷം. ബിഡിജെഎസ് വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് ബിജെപി.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 5 മണ്ഡലങ്ങളില്‍ യുഡിഎഫ് ഏറ്റവുമധികം ജയസാധ്യത കല്‍പ്പിക്കുന്നത് എറണാകുളത്താണ്. അട്ടിമറി ജയം നേടാമെന്ന് എല്‍ഡിഎഫും കണക്കുകൂട്ടുന്നു. അതേസമയം ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് അട്ടിമറി ജയം നേടിയ ചരിത്രമാണ് എറണാകുളത്തിന്. ഇത്തവണയും അത് ആവര്‍ത്തിക്കുമെന്ന് LDF‍ന്‍റെ കണക്കുകൂട്ടല്‍. പാലാരിവട്ടം പാലം ഉള്‍പ്പെടെയുള്ള വിഷയങ്ങളായിരുന്നു പ്രധാനമായും ഇടതുമുന്നണി ഉയര്‍ത്തിയത്.
വീടുകളിലും ഓടിയെത്തി യുഡിഎഫ്. പ്രധാന കേന്ദ്രങ്ങളിൽ മാത്രം ശ്രദ്ധയൂന്നി ബിജെപി. എന്നാൽ അവസാന ലാപ്പിലും മുടക്കമില്ലാതെ പര്യടനവുമായി ഇടത് സ്ഥാനാർത്ഥി. പ്രചാരണം അവസാനത്തോടടുക്കുനോൾ മ‍ഞ്ചേശ്വരത്തെ കാഴ്ചയിതായിരുന്നു. മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് ഭാഷാ ന്യൂനപക്ഷങ്ങളുടെ സ്വാധീനവും പ്രാദേശിക വികാരവും വളരെ ശക്തമായ മണ്ഡലമാണ് മ‍ഞ്ചേശ്വരം. സങ്കീര്‍ണമായ ഈ രാഷ്ട്രീയസമവാക്യവും ഒപ്പം ശക്തമായ ത്രികോണമത്സരവും ചേരുമ്പോള്‍ അപ്രവചനീയമാണ് മഞ്ചേശ്വരത്തെ ഫലം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker