ഈരാറ്റുപേട്ടയില്‍ ഉരുള്‍പൊട്ടല്‍; കോട്ടയത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍
കോട്ടയം: ഈരാറ്റുപേട്ട അടുക്കത്ത് ഉരുള്‍പ്പൊട്ടി. വെള്ളിയാഴ്ച പുലര്‍ച്ചെ പന്ത്രണ്ടേകാലോടെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. സംഭവസ്ഥലം കൃത്യമായി മനസിലാക്കാന്‍ സാധിച്ചിട്ടില്ല. ജനവാസ മേഖലയിലല്ല ഉരുള്‍പൊട്ടിയതെന്നാണ് വിവരം. ഇതോടെ ഈരാറ്റുപേട്ട ടൗണില്‍ ഉള്‍പ്പെടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ശക്തമായ പെയ്യുന്ന മഴയും കാറ്റും ജില്ലയില്‍ വ്യാപക ദുരിതമാണ് വിതയ്ക്കുന്നത്.
മീനച്ചിലാര്‍, മൂവാറ്റുപുഴയാര്‍, മണിമലയാര്‍ എന്നീ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. കോട്ടയം നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. മീനച്ചിലാര്‍ കരകവിഞ്ഞതോടെ പാല കൊട്ടാരമറ്റം ഭാഗത്ത് വെള്ളം കയറി. വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. കോട്ടയം-കുമളി റൂട്ടില്‍ മുണ്ടക്കയംവരെ മാത്രമാണ് വാഹന ഗതാഗതം ഉള്ളത്. കുമരകത്ത് വീടുകളില്‍ വെള്ളം കയറി. ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിത്തുടങ്ങി.