പ്ലാസ്റ്റിക് നിരോധനത്തിനൊരുങ്ങി സര്‍ക്കാര്‍; പ്ലാസ്റ്റിക് കാരിബാഗിനായി കോട്ടയം മെഡിക്കല്‍ കോളേജ് ചെലവിട്ടത് 1.6 കോടി രൂപ!
കോട്ടയം: പ്ലാസ്റ്റിക് നിരോധനത്തിനു സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കുമ്പോള്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കാരിബാഗിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ചെലവിട്ടത് 1,60,24,313 രൂപ. ആശുപത്രി മാലിന്യങ്ങള്‍ കുഴിച്ചുമൂടാനാണ് ഇത്രയും കാരിബാഗുകള്‍ വാങ്ങിക്കൂട്ടിയത്. ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് കാരി ബാഗ് വാങ്ങാന്‍ സര്‍ക്കാര്‍ ഫണ്ടില്‍നിന്ന് 57,46,000 രൂപയും ആശുപത്രി വികസന സമിതി മുഖേന 1,02,78,313 രൂപയും ചെലവഴിച്ചെന്നാണ് വിവരാവകാശരേഖ പ്രകാരം ലഭിച്ച കണക്കുകള്‍.
ഇതുകൂടാതെ മാലിന്യനീക്കത്തിന് വര്‍ഷം 14,45,220 രൂപ ചെലവഴിക്കുന്നെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മെഡിക്കല്‍ കോളജില്‍ നിന്നു പുറന്തള്ളുന്ന വിഷദ്രാവകങ്ങളടങ്ങിയ കുപ്പികള്‍, റബര്‍ കൈയുറകള്‍ എന്നിവ എവിടെയാണ് നശിപ്പിക്കുന്നതെന്ന ചോദ്യത്തിനു കൃത്യമായ മറുപടിയില്ല. എന്നാല്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുഴിച്ചിടുന്നതു കാരണം പരിസരവാസികളുടെ ഒമ്പതു കിണറുകളിലെ വെളളം ഉപയോഗശൂന്യമായെന്ന് ആരോഗ്യവകുപ്പ് തന്നെ കണ്ടെത്തിയിരുന്നു. മെഡിക്കല്‍ കോളജ് പരിസരത്ത് മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുകയും ചെയ്തിരിന്നു.
ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മാണവും വില്‍പ്പനയും സൂക്ഷിക്കലും ജനുവരി ഒന്നുമുതല്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിയമലംഘകര്‍ക്ക് 10,000 രൂപ പിഴ ചുമത്താനാണ് വ്യവസ്ഥ. തെറ്റു തുടര്‍ന്നാല്‍ 25,000, 50,000 എന്നിങ്ങനെ പിഴയീടാക്കും. സ്ഥാപനത്തിന്റെ പ്രവര്‍ത്താനുമതിയും റദ്ദാക്കും.