Home-bannerKeralaNewsRECENT POSTS

ഭയപ്പെട്ടിരുന്നത് ഒടുവില്‍ സംഭവിച്ചിരിക്കുന്നു.. ഇപ്പോള്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല… എന്നാല്‍ എല്ലായിപ്പോഴും ഇങ്ങനെയാവണമെന്നില്ല; കോട്ടയം മെഡിക്കല്‍ കോളേജ് പി.ജി അസോസിയേഷന്റെ പ്രസ്താന വൈറലാകുന്നു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ പി.ജി ഡോക്ടര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി പി.ജി അസോസിയേഷന്‍.  പി.ജി ഡോക്ടര്‍മാര്‍ അനുഭവിക്കുന്ന മാനസിക പീഡനങ്ങളും ജോലിഭാരവും പി.ജി അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ തുറന്ന് പറയുന്നുണ്ട്. ഒരു മനുഷ്യന്‍ എന്ന പരിഗണന പോലും കൊടുക്കാതെ ഗൈനക്കോളജി വിഭാഗത്തിലെ മേധാവികളായ ഡോക്ടര്‍മാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ഡോക്ടറെ മാനസികമായി വളരെയധികം പീഡിപ്പിച്ചിരുന്നതായും അടിമകളോട് എന്നപോലെയാണ് പെരുമാറിയിരുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. കൃത്യമായ ജോലിസമയം നിജപ്പെടുത്തണമെന്നും സഹപ്രവര്‍ത്തകന് നേരിട്ട സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പ്രസ്താവനയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് പി.ജി അസോസിയേഷന്‍ ആവശ്യപ്പെടുന്നുണ്ട്.

പ്രസ്താവനയുടെ പൂര്‍ണ്ണരൂപം വായിക്കാം

ഇനിയും സഹിക്കേണ്ട കാര്യം ഇല്ല

കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം മൂന്നാംവര്‍ഷ പിജി വിദ്യാര്‍ഥിയായ നമ്മുടെ സഹപ്രവര്‍ത്തകന്‍ ഇന്നലെ ആത്മഹത്യക്ക് ശ്രമിച്ചു. കൈയ്യിലെ ഞരമ്പ് മുറിച്ചും കുറേ ഗുളികകള്‍ കഴിച്ചു മാണ് അദ്ദേഹം അതിന് ശ്രമിച്ചത്. ജോലിസ്ഥലത്തെ പീഡനങ്ങള്‍ തന്നെയാണ് അദ്ദേഹത്തെ ഈ പ്രവര്‍ത്തികു പ്രേരിപ്പിച്ചത്. പൊതുജനങ്ങള്‍ മനസ്സിലാക്കാത്ത അനേകം വിഷയങ്ങള്‍ മെഡിക്കല്‍ കോളജിന്കത്ത് സംഭവിക്കുന്നുണ്ട്. അത്രത്തോളം മാനസിക പീഡനങ്ങളും ജോലിഭാരവും പിജി ഡോക്ടര്‍മാര്‍ അനുഭവിക്കുന്നുണ്ട്. ഇനിയും ഇത് തുടരുവാന്‍ വയ്യ. ആത്മഹത്യക്ക് ശ്രമിച്ച ഡോക്ടറെ സംബന്ധിച്ചിടത്തോളം അദ്ദേഹം മൂന്നുമാസമായി ലേബര്‍ റൂമില്‍ ജോലി ചെയ്യുകയായിരുന്നു. ഈ മൂന്നു മാസവും ഒരു അവധി പോലും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. ഒരു മാസത്തില്‍ 15 ദിവസം തുടര്‍ച്ചയായി നൈറ്റ് ഡ്യൂട്ടിയും തുടര്‍ന്ന് 15 ദിവസം പകല്‍ ഡ്യൂട്ടിയും ആണ് അദ്ദേഹം എടുത്തു കൊണ്ടിരുന്നത്. എന്നാല്‍ മനുഷ്യന്‍ എന്ന പരിഗണന പോലും കൊടുക്കാതെ ഗൈനക്കോളജി വിഭാഗത്തിലെ മേധാവികളായ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ മാനസികമായി വളരെയധികം പീഡിപ്പിക്കുകയാണ് ഉണ്ടായത്. അടിമകളോട് എന്നപോലെയാണ് അദ്ദേഹത്തിന് നേരെയുള്ള മാനസിക പീഡനങ്ങള്‍ അരങ്ങേറിയത്. ഏകദേശം അഞ്ചു ജില്ലകളുടെ അത്താണിയായ കോട്ടയം മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല എന്ന വസ്തുത ഏവര്‍ക്കും അറിയാവുന്നതാണ്. പിജി ഡോക്ടര്‍മാരുടെ അശ്രാന്ത പരിശ്രമം മാത്രം നിമിത്തമാണ് ഈ മെഡിക്കല്‍ കോളേജ് ഈ രീതിയില്‍ നടന്നു പോകുന്നത്. എന്നിട്ടുപോലും തങ്ങളുടേതായ കര്‍ത്തവ്യങ്ങള്‍ ചെയ്യാതെ എല്ലാ ജോലിഭാരവും പിജി ഡോക്ടര്‍മാര്‍ക്ക് മേല്‍ ചുമത്താന്‍ ആണ് സീനിയര്‍ ഡോക്ടര്‍മാര്‍ ശ്രമിക്കുന്നത്. ആട്ടും തുപ്പും അധിക്ഷേപങ്ങളും താങ്ങാനാവാത്ത വിധമുള്ള ജോലിഭാരവും നിമിത്തം ഒരുവേള മനസ്സിന്റെ താളം തെറ്റിയതാണ് നമ്മുടെ സഹപ്രവര്‍ത്തകനെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചത്. ഇനിയും ഇത് താങ്ങാന്‍ വയ്യ. നമ്മള്‍ക്കും ജീവിക്കണം. നമ്മുക്കും കുടുംബങ്ങളുണ്ട്. അവരുടെ കൂടെ സമയം ചെലവഴിക്കേണ്ടത് നമ്മുടെ അവകാശമാണ്. കൃത്യമായ റഫറല്‍ സംവിധാനമില്ലാത്തതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ രോഗികളുടെ ബാഹുല്യമാണ്. ആവശ്യത്തിന് പിജി ഡോക്ടര്‍മാരോ സീനിയര്‍ റസിഡന്റ്മാരോ ഇവിടെ ഇല്ല. സാമൂഹിക സേവനം എന്ന പേരില്‍ പിജി ഡോക്ടര്‍മാരെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധിയുണ്ട്. ആ പരിധി ഇന്ന് അവസാനിച്ചു. അഞ്ചു ദിവസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി നൈറ്റ് ഡ്യൂട്ടി എടുക്കാന്‍ ഇനി നാം തുനിയരുത് . ആഴ്ചയിലൊരു അവധി ദിവസം എന്നത് നമ്മുടെ അവകാശമാണ്. സീനിയര്‍ ഡോക്ടര്‍മാരുടെ അധിക്ഷേപങ്ങള്‍ ഇനിയും കേട്ടു നില്‌കേണ്ടതില്ല . കൃത്യമായ ജോലിസമയം നിജപ്പെടുത്തണം. നമ്മുടെ സഹപ്രവര്‍ത്തകന് നേരിട്ട സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണം. 24ഉം 48ഉം മണിക്കൂറുകള്‍ നീളുന്ന ഡ്യൂട്ടികള്‍ അവസാനിപ്പിക്കണം. സീനിയര്‍ ഡോക്ടര്‍മാര്‍ അവരുടെ കര്‍ത്തവ്യങ്ങള്‍ കൃത്യമായി നിര്‍വഹിക്കണം. മേല്പറഞ്ഞ ആവശ്യങ്ങള്‍ നടപടിയാകാത്ത പക്ഷം സമരത്തിലേക്കിറങ്ങുവാന്‍ പിജി അസോസിയേഷന്‍ നിര്‍ബന്ധിതരാകും.

Kottayam Medical College PG association

(വളരെ പ്രസക്തമായ വിഷയമെന്നതിനാല്‍ ഷെയര്‍ ചെയ്യുന്നു. നീതി ലഭിച്ചേ മതിയാകൂ)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker