കൂടത്തായിലേത് ആസൂത്രിത കൊലപാതകങ്ങള്‍; രണ്ടുപേര്‍ നിരീക്ഷണത്തില്‍
കോഴിക്കോട്: വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുള്‍പ്പെടെ ആറുപേരുടെ മരണം ആസൂത്രിത കൊലപാതകമാണെന്ന സൂചന നല്‍കി ക്രൈംബ്രാഞ്ച്. മൃതദേഹങ്ങളില്‍ നിന്നും പല്ലുകളും എല്ലുകളും ശേഖരിച്ച് ക്രൈംബ്രാഞ്ച് രാസപരിശോധനയ്ക്ക് അയച്ചു. മൃതദേഹങ്ങള്‍ അടക്കം ചെയ്ത കല്ലറകള്‍ തുറന്നാണ് ക്രൈംബ്രാഞ്ച് ഇവ ശേഖരിച്ചത്. പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരാണ് മൃതദേഹങ്ങള്‍ പരിശോധിച്ചത്. മൃതദേഹവശിഷ്ടങ്ങള്‍ കല്ലറകളില്‍ തന്നെ മറവു ചെയ്യുകയും ചെയ്തു. മരിച്ച ആറ് പേരില്‍ ഒരാളായ റോയ് എന്ന യുവാവിന്റെ മരണം കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു കഴിഞ്ഞു. സയനൈഡ് ഉള്ളില്‍ ചെന്നാണ് റോയ് മരിച്ചത്.
മാത്രമല്ല, മരിക്കുന്നതിന് തൊട്ടുമുന്‍പ് ആറ് പേരും ഭക്ഷണം കഴിച്ചിരുന്നുവെന്നും ക്രൈംബ്രാഞ്ചിന് വ്യക്തമായിട്ടുണ്ട്. മരിച്ച റോയിയുടെ ശരീരത്ത് എങ്ങനെ സയനൈഡ് വന്നുവെന്നത് ഉള്‍പ്പടെ ക്രൈംബ്രാഞ്ച് പരിശോധിച്ചു വരികയാണ്. ആറ് മൃതദേഹങ്ങളില്‍ നിന്നും ശേഖരിച്ച എല്ലുകളുടെയും പല്ലുകളുടെയും രാസപരിശോധനാഫലം ഒരാഴ്ച കഴിഞ്ഞ് അന്വേഷണ സംഘത്തിന് ലഭിക്കും. ഇതിന് ശേഷം അടുത്ത നടപടികളിലേക്ക് കടക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. മരിച്ചവരുമായി അടുത്ത ബന്ധമുള്ള യുവതിയെയാണ് കേസ് സംബന്ധിച്ച് ക്രൈംബ്രാഞ്ച് സംശയിക്കുന്നതെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. 2002ലും തുടര്‍ന്ന് ഏതാനും വര്‍ഷങ്ങളുടെ ഇടവേളകളിലുമുണ്ടായ ബന്ധുക്കളുടെ മരണങ്ങള്‍ ആസൂത്രിത കൊലപാതകമാണെന്ന പരാതിയെത്തുടര്‍ന്നാണ് മൃതദേഹങ്ങള്‍ കോടതി അനുമതിയോടെ ക്രൈംബ്രാഞ്ച് പുറത്തെടുത്തത്. മരിച്ചവരില്‍ നാലുപേരെ കൂടത്തായിയിലും രണ്ടുപേരെ കോടഞ്ചേരിയിലുമുള്ള സെമിത്തേരികളിലാണ് സംസ്‌കരിച്ചിരുന്നത്.
കൂടത്തായിയില്‍ സംസ്‌കരിച്ചവരുടെ മൃതദേഹങ്ങളാണ് ഇന്നു പുറത്തെടുത്ത് പരിശോധിച്ചത്. ആവശ്യമെങ്കില്‍ കോടഞ്ചേരിയിലെ കല്ലറയിലും ശാസ്ത്രീയപരിശോധന നടത്താനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്. വിദ്യാഭ്യാസവകുപ്പ് റിട്ട.ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട.അധ്യാപിക അന്നമ്മ, മകന്‍ റോയ്, അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനുമായ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരപുത്രനും അധ്യാപകനുമായ ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ പത്തുമാസം പ്രായമുള്ള കുഞ്ഞ് ആന്‍ഫൈന്‍ എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ പലപ്പോഴായി മരിച്ചത്.2002 ഓഗസ്റ്റ് 22-നാണ് കേസിനാസ്പദമായ ആദ്യ മരണം. ആട്ടിന്‍സൂപ്പ് കഴിച്ചതിനു ശേഷം കുഴഞ്ഞു വീണാണ് അന്നമ്മ മരിച്ചത്.