പൊന്നാമറ്റം വീടിന് സമീപത്തെ രഹസ്യ ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത് ജോളിയുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍
താമരശേരി: കൂടത്തായിലെ കൊലപാതക പരമ്പര നടന്ന പൊന്നാമറ്റം വീടിനു സമീപം രഹസ്യമായി പോലീസ് സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത് ജോളിയുമായി ബന്ധപ്പെട്ട നിരവധി ദൃശ്യങ്ങള്‍. കൂടത്തായി കൊലപാതകക്കേസില്‍ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചതോടെ ആദ്യം ചെയ്തതു ജോളി താമസിക്കുന്ന പൊന്നാമറ്റം വീട്ടില്‍ ആരൊക്കെ വന്നു പോകുന്നുവെന്ന് അറിയുന്നതിനുള്ള ശ്രമമാണ്. ഇതിനായി പൊന്നാമറ്റം വീടിന്റെ പരിസരത്ത് അതിവിദഗ്ധമായാണ് അന്വേഷണ സംഘം ഒരു ഈച്ച പോലും അറിയാതെ സിസിടിവി ക്യാമറ സ്ഥാപിച്ചത്. ഇക്കാര്യം വീട്ടുകാരും നാട്ടുകാരും അറിഞ്ഞില്ല. ഈ വീടുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ ക്യാമറ ദൃശ്യത്തിലൂടെ പോലീസ് കൃത്യമായി ശേഖരിച്ചിട്ടുണ്ട്.
അതേസമയം, കൂടത്തായി കൊലക്കേസില്‍ കോടതിയുടെ അനുമതി വാങ്ങിയ ശേഷമേ വിദേശത്ത് ഫൊറന്‍സിക് പരിശോധന നടത്തൂവെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. സാഹചര്യത്തെളിവുകളും ശാസ്ത്രീയ പരിശോധനകളുമാണ് കേസില്‍ നിര്‍ണായകം. ഓരോ ടെസ്റ്റുകളും എവിടെ നടത്തണം എന്നത് ഫൊറന്‍സിക് വിദഗ്ധരുടെ തീരുമാനത്തിനു വിടും. 6 കേസുകളും പ്രത്യേകം അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിക്കും.
17 വര്‍ഷം മുന്‍പ് തുടങ്ങിയ കൊലപാതക പരമ്പര അന്വേഷിക്കുന്നതു കേരള പോലീസിന് വെല്ലുവിളി തന്നെയാണ്. അന്വേഷണം തൃപ്തികരമായി നീങ്ങുന്നു. സംസ്ഥാനത്തെ മികച്ച ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്. സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.