കൂടത്തായികേസ് : സർക്കാരിന് രാഷ്ട്രീയ ലക്ഷ്യം : മുല്ലപ്പള്ളി
തിരുവനന്തപുരം:കൂടത്തായികേസ് സംബന്ധിച്ച് എല്ലാ വിവരങ്ങളും മാസങ്ങള്‍ക്ക് മുന്‍പെ സര്‍ക്കാരിന്റേയും പോലീസിന്റെയും കയ്യിലുണ്ടായിട്ടും ഉപതെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
പിണറായി സര്‍ക്കാരിന്റെ ദയനീയമായ പ്രകടനം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാതിരിക്കാനുള്ള കുറുക്കുവഴിയാണിത്. ശബരിമല ഉള്‍പ്പടെയുള്ള സുപ്രധാനവിഷയങ്ങള്‍ അപ്രസക്തമാക്കാനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗം കൂടിയാണ് ഇപ്പോള്‍ നടക്കുന്ന കെട്ടുകാഴ്ചകള്‍. കേരളത്തെ നടുക്കിയ കൊലപാതക പരമ്പരയുടെ വസ്തുതകള്‍ കണ്ടെത്താന്‍ പോലീസ് അന്വേഷണത്തിലൂടെ സാധിച്ചു. കേസില്‍ ഉള്‍പ്പെട്ട യഥാര്‍ത്ഥ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടതുമാണ്.ഈ കേസ് സംബന്ധിച്ച വസ്തുകളും തെളിവുകളും പോലീസിന്റെ കയ്യില്‍ എത്തിയിട്ട് മാസങ്ങളായി എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഈ കേസില്‍ അറസ്റ്റും മറ്റും നടത്തി ജനശ്രദ്ധ തിരിക്കാനും രാഷ്ട്രീയവിഷയങ്ങള്‍ ചര്‍ച്ചചെയ്യാതിരിക്കാനും പോലീസും സര്‍ക്കാരും ഒത്തുകളിക്കുകയാണ്. കേസില്‍ അറസ്റ്റ് സംബന്ധിച്ച സമയം തെരഞ്ഞെടുത്തത് കൃത്യമായ ആസൂത്രണത്തോടെയാണ്. ആഭ്യന്തരമന്ത്രിയുടേയും പോലീസ് മേധാവിയുടേയും പാര്‍ട്ടി സെക്രട്ടറിയുടേയും അറിവോടെയാണ് കൂടത്തായികേസില്‍ ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍. ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഈ നാടകം തുടരാനാണ് രാഷ്ട്രീയ തീരുമാനമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
മഞ്ചേശ്വരത്തെ ഇടതുസ്ഥാനാര്‍ത്ഥിയെ കുറിച്ച് ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ കൃത്യമായ ചരിത്രം അറിയാവുന്നത് കൊണ്ടാണ്. ആചാരവിധിപ്രകാരം ശബരിമലയില്‍ പോയിട്ടുണ്ടെന്നും ആചാരങ്ങള്‍ മാറ്റിമറിക്കുന്നതില്‍ യോജിപ്പില്ലെന്നുമാണ് ശങ്കര്‍റൈ പറഞ്ഞത്. ക്ഷേത്ര ദര്‍ശനം നടത്തി സഹപ്രവര്‍ത്തകര്‍ക്ക് പ്രസാദം വിതരണം ചെയ്ത ശേഷമാണ് സി.പി.എം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി അംഗം കൂടിയായ റൈ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി രവീശതന്ത്രിയില്‍ നിന്നും അനുഗ്രഹം വാങ്ങിയാണ് അദ്ദേഹം മത്സരത്തിന് ഇറങ്ങിയത്. ഈ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്തി കൊണ്ടുവന്നത് ശങ്കര്‍ റൈയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ജനങ്ങള്‍ക്ക് തെറ്റുതിരുത്താനായുള്ള അവസരമായാണ് മുഖ്യമന്ത്രി ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്. ജനങ്ങളല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് തെറ്റ്തിരുത്തേണ്ടത്. ശബരിമലയെ കലാപ ഭൂമിയാക്കിയതിലും വിശ്വാസികളെ കുത്തി നോവിച്ചതിലും മുഖ്യമന്ത്രി എത്രതവണ മാപ്പിരന്നാലും മതിയാവില്ല. പാലാ ഉപതെരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിനുള്ള അംഗീകാരമാണെന്ന് അവകാശപ്പെടുന്നവര്‍ വിഡ്ഢികളുടെ ലോകത്താണ്. രാഷ്ട്രീയ ബോധമുള്ള ആരും അങ്ങനെ പറയില്ല. പാലാ ഉപതെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്റെ വിജയത്തെ സത്യസന്ധമായി വിലയിരുത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. പാലായില്‍ എന്‍.ഡി.എക്ക് നഷ്ടമായ 7000 വോട്ട് എങ്ങോട്ടാണ് പോയതെന്ന് പരിശോധിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.