മെല്‍ബണ്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ അവിശ്വസനീ ജയവുമായി ഇന്ത്യ ക്രീസ് വിടുമ്പോള്‍ മെല്‍ബണിലെ ഒരു ലക്ഷത്തോളം വരുന്ന ആരാധകര്‍ക്ക് ഒറ്റപ്പേരെ ഉച്ചത്തില്‍ ഉച്ഛരിക്കാനുണ്ടായിരുന്നുള്ളു. കോലി…കോലി…പാക്കിസ്ഥാന് ഉറപ്പിച്ച വിജയം ഒറ്റക്ക് കോലി തട്ടിയെടുക്കുകയായിരുന്നു. അവസാന മൂന്നോവറില്‍ 48ഉം രണ്ടോവറില്‍ 31 ഉം റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഹാര്‍ദ്ദിക് പാണ്ഡ്യ താളം കണ്ടെത്താന്‍ പാടുപെട്ടതോടെ റണ്‍സടിക്കേണ്ട ചുമതല മുഴുവന്‍ കോലിയുടെ ചുമലിലായി.
ഷഹീന് അഫ്രീദി എറിഞ്ഞ പതിനെട്ടാം ഓവറില്‍ മൂന്ന് ബൗണ്ടറി അടക്കം 17 റണ്‍സടിച്ച കോലി ഇന്ത്യക്ക് പ്രതീക്ഷ നല്കി. അപ്പോഴും ജയിക്കാന്‍ ഇന്ത്യക്ക് വേണ്ടത് രണ്ടോവറില്‍ 31 റണ്‍സ്. പത്തൊമ്പതാം ഓവര്‍ എറിയാനെത്തുന്നത് മത്സരത്തില്‍ പാക്കിസ്ഥാന്റെ ഏറ്റവും മികച്ച ബൗളറായ ഹാരിസ് റൗഫ്. അതിവേഗ പന്തുകളിലൂടെ ഹാര്‍ദ്ദിക്കിനെയും കോലിയെയും ശ്വാസം മുട്ടിച്ച റൗഫ് ആദ്യ നാലു പന്തില്‍ വിട്ടുകൊടുത്തത് വെറും മൂന്ന് റണ്‍സ്. ഇന്ത്യല്‍ ലക്ഷ്യം 8 പന്തില്‍ 28 റണ്‍സ്. കടുത്ത ഇന്ത്യന്‍ ആരാധകര്‍ പോലും ഈ ഘട്ടത്തില്‍ വിജയം സ്വപ്നം കണ്ടിരുന്നില്ല.
എന്നാല്‍ വിരാട് കോലി താന്‍ എന്തുകൊണ്ടാണ് ആരാധകര്‍ക്ക് കിംഗ് കോലിയാകുന്നതെന്ന് കാണിച്ചുകൊടുക്കുന്ന ഷോട്ടുകളായിരുന്നു അടുത്ത രണ്ട് പന്തിലും പുറത്തെടുത്തത്. ഹാരിസ് റൗഫിന്റെ അഞ്ചാം പന്ത് സ്ട്രൈറ്റ് ബൗണ്ടറിക്ക് മുകളിലൂടെ സിക്സ്. അവസാന പന്ത് ഫൈന്‍ ലെഗ് ബൗണ്ടറിക്ക് മുകളിലൂടെ സിക്സ്. ഇതോടെ ഇന്ത്യന്‍ ലക്ഷ്യം അവസാന ഓവറില്‍ എത്തിപ്പിടിക്കാവുന്നതായി. ആറ് പന്തില്‍ 16 റണ്‍സ്. റൗഫിനെതിരെ കോലി നേടിയ ഈ രണ്ട് സിക്സുകളാണ് മത്സരത്തില്‍ നിര്‍ണായകമായത്.