കൊച്ചി: ബ്രഹ്‌മപുരത്തെ മാലിന്യപ്ലാന്റില്‍ നിന്നുള്ള പുകയണക്കാന്‍ ഊര്‍ജ്ജിത ശ്രമം തുടരുന്നു. പലമേഖലകളും രൂക്ഷമായ രീതിയില്‍ പുക പടര്‍ന്നിരിക്കുകയാണ്. കാറ്റിന്റെ ഗതിമാറുന്നതിന് അനുസരിച്ച് കൂടുതല്‍ മേഖലകളിലേക്ക് പുക പടരുന്നതാണ് നിലവിലത്തെ സ്ഥിതി. വൈറ്റില, പാലാരിവട്ടം, കലൂര്‍, ഇടപ്പള്ളി തുടങ്ങിയ പലപ്രദേശങ്ങളിലും പുക മൂടിയിരിക്കുകയാണ്
പ്ലാസ്റ്റിക് മാലിന്യങ്ങളിലെ തീയണയാത്തതാണ് പ്രതിന്ധിക്കിടയാക്കുന്നത്. ഒരു ഭാഗത്ത് നിന്ന് തീയണക്കുമ്പോഴും മറുഭാഗത്ത് പ്ലാസ്റ്റിക് മാലിന്യത്തിലെ കനന്‍ വീണ്ടും പടരുകയാണ്.
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിന് സമീപത്തെ മിക്ക വീടുകളില്‍ നിന്നും ആളുകള്‍ മറ്റിടങ്ങളിലേക്ക് മാറി താമസിച്ചിരിക്കുകയാണ്. തീയണക്കാനായി കൂടുതല്‍ ഫയര്‍ എഞ്ചിനുകള്‍ എത്തിച്ചിട്ടുണ്ട്. കടമ്പ്രയാറില്‍ നിന്നും നേരിട്ട് വെളളം പമ്പ് ചെയ്യുന്നതിനായി വലിയ മോട്ടോറുകളും സജ്ജമാക്കിയിട്ടുണ്ട്.
കൊച്ചിയിലെ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് പൊതുജനാരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ശ്വാസകാശ രോഗമുള്ളവര്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. പ്രഭാത നടത്തം ഒഴിവാക്കണമെന്നും കുട്ടികളെ വീടിന് പുറത്ത് വിടരുതെന്നും മുന്നറിയിപ്പുണ്ട്.
പുറത്ത് പോകുന്നവര്‍ ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. കടുത്ത ശ്വാസം തടസം നേരിട്ടാന്‍ നിര്‍ബന്ധമായും വൈദ്യസഹായം തേടണമെന്നും നിര്‍ദ്ദേശമുണ്ട്.
ബ്രഹ്‌മപുരത്തിനും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ഞായറാഴ്ച കഴിവതും വീടിന് പുറത്ത് ഇറങ്ങരുതെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. കഴിയുന്നതും വീടുകളില്‍ തന്നെ കഴിയണമെന്നും കടകളും സ്ഥാപനങ്ങളും അടച്ചിടണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു കളക്ടറുടെ അറിയിപ്പ്.
നഗരത്തിലെ മാലിന്യനീക്കം നിലച്ചതോടെ കടുത്ത പ്രതിസന്ധിയിലാണ് നഹരവാസികള്‍. ഞായറാഴ്ചയോടെ മാലിന്യശേഖരണം പുനരാരംഭിക്കുമെന്നും മറ്റ് സ്ഥലങ്ങള്‍ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്നും കഴിഞ്ഞ ദിവസം കളക്ടര്‍ അറിയിച്ചിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെയാണ് ബ്രഹ്‌മപുരം പ്ലാന്റില്‍ തീപിടുത്തമുണ്ടായത്. കുന്നുകൂടിക്കിടക്കുന്ന മാലിന്യത്തില്‍ അതിവേഗം തീപടര്‍ന്നതോടെ അനിയന്ത്രിതമാവുകയായിരുന്നു.