കൊച്ചിൻ റിഫൈനറിയുടെ രണ്ട് കിലോമീറ്റർ പരിധിയിൽ പറക്കൽ നിരോധിത മേഖലയായി പ്രഖ്യാപിച്ചു
കാക്കനാട്: കൊച്ചി റിഫൈനറിയുടെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ പറക്കൽ നിരോധിത മേഖലയായി ജില്ലാ കളക്ടറുടെ ഉത്തരവ്. ഡ്രോൺ, വിളക്കു പട്ടങ്ങൾ തുടങ്ങിയവയടക്കമുള്ള വ്യോമ സാമഗ്രികൾക്കാണ് ജില്ലാ കളക്ടർ എസ്. സുഹാസ് നിരോധനമേർപ്പെടുത്തിയത്. റിഫൈനറിയുടെ ആഭ്യന്തര പരിശോധനയുടെ ഭാഗമായി ഇവ ഉപയോഗിക്കുന്നതിൽ ഇളവ് നൽകിയിട്ടുണ്ട്. രണ്ട് മാസത്തേക്കാണ് നിരോധനം. റിഫൈനറി പരിധിയിൽ കഴിഞ്ഞ ജൂൺ 9 ന് അനധികൃതമായി ഡ്രോൺ പറന്നതുമായി ബന്ധപ്പെട്ട് അമ്പലമേട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇത്തരം സാഹചര്യങ്ങൾ ദേശവിരുദ്ധ ശക്തികളോ സാമൂഹ്യ വിരുദ്ധരോ മുതലെടുക്കാനിടയുള്ള സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കളക്ടറുടെ നിരോധന ഉത്തരവ്. ഉത്തരവ് ലംഘിക്കുന്നവർ ഐ പി സി 188 വകുപ്പനുസരിച്ച് ശിക്ഷാർഹരായിക്കും. ഉത്തരവിന്റെ പകർപ്പ് ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ, ഗ്രാമപഞ്ചായത്ത് – താലൂക്ക് – വില്ലേജ് ഓഫീസുകൾ അടക്കമുള്ള പൊതു സ്ഥലങ്ങളിൽ പതിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.