കൊച്ചി:കോര്‍പറേഷന്‍ മേയര്‍ സൗമിനി ജെയിന്‍ സ്ഥാനമൊഴിയാന്‍ സമ്മര്‍ദ്ദം ശക്തമാകുന്നു. മേയര്‍ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ആറ് വനിത കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി. ഇതേ തുടര്‍ന്ന് മേയറെ മാറ്റുന്ന കാര്യത്തില്‍ കെപിസിസി ഉടന്‍ തീരുമാനമെടുക്കുമെന്ന് ഡിസിസി അറിയിച്ചു.
നിലവില്‍ മേയര്‍ നടത്തുന്നത് പാര്‍ട്ടി വിരുദ്ധ നടപടിയാണ്. 36 കൗണ്‍സിലര്‍മാരില്‍ 8 പേരെ കൂടെ നിര്‍ത്തി ഭരണം നടത്താമെന്ന് മേയര്‍ പ്രതീക്ഷിക്കേണ്ടെന്നും വനിത കൗണ്‍സിലര്‍മാര്‍ പറഞ്ഞു.രണ്ടര വര്‍ഷത്തിന് ശേഷം ഭരണമാറ്റമെന്നത് നേരത്തെ തീരുമാനിച്ചതാണെന്നും മേയര്‍ ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയിരുന്നതായും എതിര്‍പ്പുമായി രംഗത്തെത്തിയ വനിത കൗണ്‍സിലര്‍മാര്‍ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റിനെ കാര്യങ്ങളെല്ലാം ധരിപ്പിച്ചിട്ടുണ്ടെന്നും ടി.ജെ വിനോദ് പറഞ്ഞു.
സൗമിനിക്കെതിരെ പരസ്യമായി ആദ്യം രംഗത്തെത്തിയത് എംപി ഹൈബി ഈഡനായിരുന്നു. സൗമിനിയാണ് മേയര്‍ സ്ഥാനത്തെങ്കില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പു ഫലവും ഇതിന്റെ തുടര്‍ച്ചയായിരിക്കുമെന്നും ഹൈബി ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള പരസ്യ പ്രസ്താവനകള്‍ നിര്‍ത്തിവെക്കാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചിരുന്നു.