കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കരാറിൽ നിന്നും സോണ്ട ഇൻഫ്രാടെക് കമ്പനിയെ ഒഴിവാക്കിയെന്ന് കൊച്ചി കോർപ്പറേഷൻ. സോണ്ടയുടെ പ്രവർത്തനം തൃപ്തികരമല്ല. മാലിന്യ സംസ്കരണത്തിന് പുതിയ ടെൻഡർ വിളിച്ചിട്ടുണ്ടെന്ന് കോർപ്പറേഷൻ സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. ടെൻഡറിന്റെ വിശദാംശങ്ങൾ അറിയിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി.
അതേസമയം കമ്പനിക്കെതിരെ അതൃപ്തി അറിയിച്ചിട്ടും കൗൺസിൽ അംഗീകരിച്ചില്ലെന്ന് കോർപ്പറേഷനെതിരെ സെക്രട്ടറി ഹൈക്കോടതിയിൽ നിലപാടെടുത്തു. ഏഴ് വർഷത്തിനിടെ 31 കോടി രൂപ മാലിന്യ സംസ്‌കരണത്തിന് ചെലവാക്കിയെന്നും സെക്രട്ടറി കോടതിയിൽ അറിയിച്ചു. ഏഴ് വർഷത്തിനിടെ മാലിന്യ സംസ്കരണത്തിന് ഉപയോഗിച്ച തുകയുടെ വിവരങ്ങളടങ്ങിയ രേഖകൾ സെക്രട്ടറി കോടതിയിൽ ഹാജരാക്കി.
ബ്രഹ്മപുരത്ത് ഉറവിട സംസ്കരണം 80 ശതമാനം നടത്തുന്നുണ്ട്. മാലിന്യ സംസ്കരണത്തിൽ എല്ലാവരും പ്രതികൂലമായി പ്രതികരിച്ചു. ഈ വിഷയത്തിൽ ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷനുമായി ചർച്ച നടത്തിയെന്നും സെക്രട്ടറി കോടതിയെ അറിയിച്ചു.
മാലിന്യപ്രശ്നത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് പരിധിയുണ്ടെന്ന് ഹൈകോടതി പറഞ്ഞു. മാലിന്യ സംസ്കരണം കാര്യക്ഷമമാകണം. വികേന്ദ്രീകൃത മാലിന്യ സംസ്കരണമാണ് വേണ്ടതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ബ്രഹ്മപുരം വിഷയത്തിൽ നിരീക്ഷണ സമിതി വിശദമായ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. മാലിന്യ സംസ്കരണത്തിന് ആവശ്യമായ സ്ഥലം പ്ലാന്റിൽ ഇല്ല. കെട്ടിടങ്ങള്‍ നശിച്ച നിലയിലാണ്. അവ എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണെന്നും സമിതി കോടതിയെ അറിയിച്ചു.
സംസ്ഥാനത്തെ മാലിന്യ സംസ്കരണം പഠിക്കാൻ അമിക്കസ്ക്യൂറിമാരെ നിയമിക്കുമെന്നും ഹൈക്കോടതി പറഞ്ഞു.മാലിന്യ സംസ്കരണത്തിന് കോടതി മേൽനോട്ടം വഹിക്കുമെന്ന് ജസ്റ്റിസ് ഭാട്ടി പറഞ്ഞു. മാലിന്യ സംസ്കരണത്തിൽ ജനങ്ങളെ ബോധവത്കരിക്കും. ഇതുമായി ബന്ധപ്പെട്ട വെബ്സൈറ്റ് ആരംഭിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.