ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയന്റും മകളും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു
ലോസ് ആഞ്ചലസ്: അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയന്റി(41)ന് ഹെലികോപ്റ്റര്‍ തകര്‍ന്നു ദാരുണാന്ത്യം. കലിഫോര്‍ണിയയില്‍ പ്രദേശിക സമയം രാവിലെ പത്തിനാണ് അപകടം ഉണ്ടായത്. ബ്രയന്റും മകള്‍ ജിയാനയും ഉള്‍പ്പെടെ കോപ്റ്ററിലുണ്ടായിരുന്ന ഒമ്പതു പേരും അപകടത്തില്‍ മരിച്ചു. ലാസ് വിര്‍ജെനെസില്‍ നിന്ന് പുറപ്പെട്ട സ്വകാര്യ ഹെലികോപ്റ്റര്‍ കലബസാസ് മേഖലയില്‍ തകര്‍ന്നു വീഴുകയായിരുന്നു. അപകടശേഷം ഹെലികോപ്റ്ററിന് തീപിടിച്ചത് ദുരന്തത്തിന്റെ ആഴംകൂട്ടി.
അപകടത്തില്‍ മരിച്ച മറ്റുള്ളവരുടെ പേരു വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. രണ്ടു പതിറ്റാണ്ടോളം എന്‍ബിഎ ടീം ലോസ് ആഞ്ചലീസ് ലീക്കേഴ്‌സിന്റെ താരമായിരുന്നു ബ്രയന്റ്. അഞ്ച് തവണ ചാമ്പ്യന്‍ഷിപ്പും സ്വന്തമാക്കിയിട്ടുണ്ട്. 2006ല്‍ ടോറന്റോ റാപ്‌ടോര്‍സിനെതിരെ നേടിയ 81 പോയിന്റ് എന്‍ബിഎ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറാണ്. 2008ല്‍ എന്‍ബിഎയിലെ മോസ്റ്റ് വാല്യുബിള്‍ പ്ലേയര്‍ പുരസ്‌കാരം ബ്രയന്റ് നേടി. രണ്ടു തവണ എന്‍ബിഎ സ്‌കോറിംഗ് ചാമ്പ്യനുമായി 2008ലും 2012ലും യുഎസ് ബാസ്‌കറ്റ് ബോള്‍ ടീമിനൊപ്പം രണ്ടു തവണ ഒളിമ്പിക് സ്വര്‍ണവും സ്വന്തമാക്കി. 2016 ഏപ്രിലിലാണ് അദ്ദേഹം വിരമിച്ചത്. 2018ല്‍ ‘ഡിയര്‍ ബാസ്‌കറ്റ് ബോള്‍’ എന്ന അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിലൂടെ മികച്ച ഹ്രസ്വ അനിമേഷന്‍ ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡും ബ്രയന്റ് സ്വന്തമാക്കിയിട്ടുണ്ട്.