പട്‌ന: ബിഹാറില്‍ മൃഗഡോക്ടറായ യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചതായി പരാതി. ബെഗുസരായിയില്‍ മൃഗഡോക്ടറായി ജോലിചെയ്യുന്ന യുവാവിനെയാണ് മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചത്. സംഭവത്തില്‍ ഡോക്ടറുടെ പിതാവിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സുഖമില്ലാത്ത വളര്‍ത്തുമൃഗത്തെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നുപേര്‍ എത്തിയത്. എന്നാല്‍ ഈ മൂന്നംഗസംഘം കള്ളംപറഞ്ഞ് ഡോക്ടറെ തട്ടിക്കൊണ്ടുപോകുകയായിരുന്നെന്നാണ് കുടുംബത്തിന്റെ ആരോപണം. തുടര്‍ന്ന് ഒരു യുവതിയുമായി മൃഗഡോക്ടറുടെ വിവാഹം നടത്തുകയും ചെയ്തു.സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ബെഗുസരായി എസ്.പി. യോഗേന്ദ്രകുമാര്‍ പറഞ്ഞു. പ്രതികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
1970കളിൽ ബീഹാറിലെ പല പ്രദേശങ്ങളിലായി ആരംഭിച്ച ഒരു ചടങ്ങാണ് ‘പക്കടുവാ വ്യാ’ അഥവാ നിർബന്ധിത വിവാഹം. സ്ത്രീധനം നൽകാൻ കഴിയാത്ത നിർധനരായ വീട്ടുകാർ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ ചെറുപ്പക്കാരെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി തോക്കിൻ മുനയിൽ നിർത്തി മകളുമായി വിവാഹം കഴിപ്പിക്കുന്ന രീതിയാണിത്. വധുവിനെ ഭാര്യയായി അംഗീകരിക്കുന്നവരെ വരനെ വധുവിന്റെ വീട്ടിൽ താമസിപ്പിക്കുകയും ചെയ്യും. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെ പലയിടങ്ങളിലും ചടങ്ങ് അവസാനിപ്പിച്ചെങ്കിലും ചില ഭാഗങ്ങളിൽ ഇന്നും ഇത് തുടരുന്നു.
ബിഹാറിന് പുറമേ ജാര്‍ഖണ്ഡിലും ഉത്തര്‍പ്രദേശിലും സമാനസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഉയര്‍ന്ന ജോലിയുള്ള, ഉന്നത കുടുംബങ്ങളില്‍പ്പെട്ട യുവാക്കളെയാണ് ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോയി തോക്കിന്‍ മുനയില്‍നിര്‍ത്തി വിവാഹം കഴിപ്പിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിഹാറില്‍ ഒരു എന്‍ജിനീയറെ ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചത് ദേശീയതലത്തില്‍ വലിയ വാര്‍ത്തയായിരുന്നു. ബൊക്കാറോ സ്റ്റീല്‍ പ്ലാന്റില്‍ എന്‍ജിനീയറായിരുന്ന വിനോദ്കുമാറി(29)നെയാണ് ഒരുസംഘം തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചത്. വരന്റെ വേഷമണിഞ്ഞ് തന്നെ രക്ഷിക്കണമെന്ന് കരഞ്ഞ് അപേക്ഷിക്കുന്ന വിനോദിന്റെ വീഡിയോയും അന്ന് വ്യാപകമായി പ്രചരിച്ചിരുന്നു.