മഞ്ചേശ്വരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥിയെ കണ്ടെത്തി; പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘം
കാസര്‍കോട്: സ്‌കൂളിലേക്ക് പോകുന്നതിനിടെ മഞ്ചേശ്വരത്തു നിന്നു തട്ടിക്കൊണ്ടു പോയ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കണ്ടെത്തി. കളിയൂരിലെ അബൂബക്കറിന്റെ മകന്‍ അബ്ദുറഹ്മാന്‍ ഹാരിസിനെയാണ് മൂന്നു ദിവസം മുമ്പ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടു പോയവര്‍ മംഗളൂരു ബസ്റ്റോപ്പില്‍ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയെ തിരികെ എത്തിക്കാന്‍ കേരള പോലീസ് മംഗുളൂരുവിലേയ്ക്ക് തിരിച്ചു. സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം ഒത്തുതീര്‍പ്പായതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ വിട്ടയച്ചതെന്നാണ് സൂചന.
മഞ്ചേശ്വരത്ത് കാറിലെത്തിയ നാലംഗസംഘമാണ് അബ്ദുറഹ്മാന്‍ ഹാരിസിനെ സ്‌കൂളിലേക്ക് പോകുവഴി തട്ടിക്കൊണ്ടു പോയത്. സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങളാണെന്ന് സംശയമുണ്ടെന്ന് പോലീസ് സംശയിച്ചിരുന്നു. മൂന്നു ദിവസത്തിനു ശേഷമാണ് കുട്ടിയെ വിട്ടയക്കുന്നത്.
ഗള്‍ഫില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രണ്ടു കോടിയിലറെ രൂപയുടെ തര്‍ക്കം കുട്ടിയുടെ ബന്ധുക്കളുമായി ചിലര്‍ക്ക് നിലനില്‍ക്കുന്നുണ്ടെന്നും, ഇതേത്തുടര്‍ന്നാണ് ഹാരിസിനെ തട്ടിക്കൊണ്ടു പോയതെന്നുമാണ് വിവരം. സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്ന സൂചന ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് വ്യക്തമാക്കിയിരുന്നു.