സ്‌കൂളില്‍ പോകാതിരിക്കാന്‍ ഒമ്പതാംക്ലാസുകാരന്റെ തട്ടികൊണ്ടുപോകല്‍ നടകം; യുവാവിന് കിട്ടിയത് എട്ടിന്റെ പണി
ആലപ്പുഴ: ഒമ്പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ പോകാതിരിക്കാന്‍ നടത്തിയ നാടകത്തില്‍ പുലിവാല് പിടിച്ച് യുവാവ്. ആലപ്പുഴ നൂറനാട് സ്വദേശിയായ ഒന്‍പതാം ക്ലാസുകാരനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്ന കള്ളപ്പരാതിയുടെ പേരിലാണ് ചാലക്കുടി സ്വദേശിയായ ദിലീപ് നാരായണന്‍ പുലിവാല് പിടിക്കേണ്ടി വന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശിയായ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി.
തട്ടിക്കൊണ്ട് പോകാന്‍ വന്നവരില്‍ നിന്ന് രക്ഷപെട്ടന്ന വ്യാജേന വിദ്യാര്‍ത്ഥി ഓടി അടുത്തുള്ള വീട്ടില്‍ കയറി. കറുത്ത ജീപ്പിലാണ് തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതെന്നും വാഹനത്തിന്റെ നമ്പറുള്‍പ്പെടെ കുട്ടി നാട്ടുകാരോടും നൂറനാട് പോലീസിനോടും പറയുകയും ചെയ്തു. ഈ നമ്പര്‍ പിന്തുടര്‍ന്നാണ് ദിലീപിനെ പോലീസ് പിടികൂടിയത്. പോലീസ് അന്വേഷണത്തില്‍ വാഹനം ചാലക്കുടി സ്വദേശിയുടേതാണെന്ന് കണ്ടെത്തി. എന്നാല്‍ വാഹന ഉടമയുടെ വീട്ടിലെത്തിയ ചാലക്കുടി പോലീസ് വണ്ടിയും ഉടമയും വീട്ടില്‍ തന്നെയുണ്ടെന്ന് നൂറനാട് പോലീസിനെ അറിയിച്ചു.
അതോടെ ഇയാള്‍ നിരപരാധിയുമാണെന്നു പോലീസ് കണ്ടെത്തി. പൊലീസ് ഒന്‍പതാംക്ലാസുകാരനെ വീണ്ടും ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങളുടെ സത്യാവസ്ഥ പുറത്തു വന്നത്. സ്‌കൂളില്‍ പോകാന്‍ ഇഷ്ടമില്ലാത്തതിനാല്‍ കൂട്ടുകാരന്‍ പറഞ്ഞു കൊടുത്ത മാര്‍ഗ്ഗമായിരുന്നത്രേ തട്ടിക്കൊണ്ടു പോകല്‍ നാടകം. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ വിദ്യാര്‍ത്ഥി ഭാവനയില്‍ സൃഷ്ടിച്ചതായിരുന്നു. ഇതിനിടെ കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്ന് പറഞ്ഞ് നാട്ടുകാരിലൊരാള്‍ ചിത്രീകരിച്ച വീഡിയോ വൈറലായി. ഇതോടെ ജീപ്പുമായി പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് വാഹന ഉടമയായ ദിലീപ്.