ഈരാറ്റുപേട്ട: കുട്ടിയെ കുളിപ്പിക്കാൻ ബക്കറ്റിൽ വെള്ളം നിറയക്കുന്നതിനിടെ അമ്മ തല കറങ്ങി വീണു. കുളിപ്പിയ്ക്കുന്നതിനായി നിറച്ച ബക്കറ്റിലെ വെള്ളത്തിൽ വീണ് ആറുമാസം പ്രായമുള്ള കുരുന്നിന് ദാരുണാന്ത്യം.രക്ത സമ്മർദത്തെ തുടർന്ന് അമ്മയുടെ തല കറങ്ങിയതോടെ, കുട്ടി കയ്യിൽ നിന്നും വഴുതി സമീപത്ത് ചൂട് വെള്ളം നിറച്ചു വച്ച ബക്കറ്റിലേയ്ക്കു വീഴുകയായിരുന്നു. തന്റെ കുഞ്ഞ് വെള്ളത്തിൽ മുങ്ങിമരിക്കുമ്പോൾ ബോധമില്ലാതെ സമീപത്ത് കിടക്കുകയായിരുന്നു ആ അമ്മ.
ഈരാറ്റുപേട്ട വട്ടക്കയം കുറുമുള്ളൂംതടത്തിൽ മാഹിന്റെ ആറുമാസം പ്രായമുള്ള ആൺകുഞ്ഞാണ് അമ്മയുടെ പിടിയിൽ നിന്നും വഴുതി ബക്കറ്റിൽ വീണ് ദാരുണമായി മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുട്ടിയെ കുളിപ്പിക്കുന്നതിനായി ബക്കറ്റിൽ ഇവർ ചൂട് വെള്ളം നിറച്ച് വച്ചിരുന്നു. ഈ ചൂട് വെള്ളത്തിലേയ്ക്ക് പച്ചവെള്ളം കൂടി ചേർക്കുകയായിരുന്നു കുട്ടിയുടെ അമ്മ. ഒക്കത്ത് കുട്ടിയെ ഇരുത്തിയ ശേഷമായിരുന്നു അമ്മ ബക്കറ്റിൽ വെള്ളമെടുത്ത് മറ്റൊരു ബക്കറ്റിലേയ്ക്ക് നിറച്ചത്. ഇതിനിടെ അമ്മയ്ക്ക് തലകറക്കം അനുഭവപ്പെടുകയും, ഉടൻ തന്നെ താഴെ വീഴുകയുമായിരുന്നു. അമ്മയുടെ പിടിയിൽ നിന്നും കൈവിട്ട് പോയ കുട്ടി നേരെ വന്നു പതിച്ചത് ഈ ചൂട് വെള്ളം നിറച്ച ബക്കറ്റിലേയ്ക്കാണ്. തൽക്ഷണം തന്നെ കുട്ടിയുടെ മരണം സംഭവിക്കുകയും ചെയ്തു.
വളരെ നേരം കഴിഞ്ഞാണ് വീട്ടുകാർ അപകട വിവരം അറിയുന്നത് . വീടിനു പിന്നിൽ അബോധാവസ്ഥയിൽ കിടക്കുന്ന അമ്മയെ കണ്ട് വീട്ടുകാർ അന്വേഷണം നടത്തുകയായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ബക്കറ്റിനുള്ളിൽ ചലനമറ്റ് കുട്ടി കിടക്കുന്നത് കണ്ടത്. തുടർന്ന് ഇവർ കുട്ടിയെയും അമ്മയെയും എടുത്ത് ആശുപത്രിയിലേയ്ക്ക് ഓടിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുട്ടിയുടെ മൃതദേഹം ഈരാറ്റുപേട്ട നൈനാർ പള്ളിയിൽ ഖബറടക്കി.