ഖാദിയുടെ മാഹാത്മ്യം ജനങ്ങളിലേക്കെത്തിക്കാന്‍ തീം സോംഗുമായി ശോഭനാ ജോര്‍ജ്
തിരുവനന്തപുരം: ഖാദിയുടെ മാഹാത്മ്യം ജനങ്ങളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ ഖാദിയുടെ പ്രചാരണത്തിനായി തീം സോംഗുമായി കേരള ഖാദി ബോര്‍ഡ്. ഗാന്ധിജിയുടെ നൂറ്റമ്പതാം ജന്മവാര്‍ഷികവും ചര്‍ക്കസ്ഥാപനത്തിന്റെ നൂറാം വാര്‍ഷികവും ആഘോഷിക്കുന്ന വേളയിലാണ് ഖാദി ബോര്‍ഡിന്റെ വ്യത്യസ്തമായ പുതിയ നീക്കം. ഖാദിയുടെ തീം സോംഗ് ജനങ്ങളിലേക്ക് എത്തിക്കുന്നത് വഴി ഉല്‍പന്നത്തിന്റെ വില്‍പ്പന കൂട്ടാനാകും എന്നാണ് ഖാദി ബോര്‍ഡിന്റെ കണക്കുകൂട്ടല്‍.
തിരുവനന്തപുരം തൈക്കാട്ടുള്ള എസ്എസ് ഡിജിറ്റല്‍ സ്റ്റുഡിയോയില്‍ ഗാനത്തിന്റെ റെക്കോര്‍ഡിംഗ് പൂര്‍ത്തിയായി. 2014ല്‍ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ ഒഎസ് ഉണ്ണി കൃഷ്ണനാണ് ഗാനത്തിനു വരികള്‍ രചിച്ചിരിക്കുന്നത്. ദേശ് രാഗത്തിലുള്ള ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ഹിന്ദുസ്ഥാനി സംഗീതജ്ഞനായ ഗിരീഷ് നാരായണനാണ്. കേരളാ ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജ്ജും ഗിരീഷ് നാരായണനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
തറി പ്രവര്‍ത്തിക്കുന്നതിന്റെ യഥാര്‍ഥ ശബ്ദമാണ് ബാക്ഗ്രൗണ്ട് മ്യൂസിക്കായി ഉപയോഗിച്ചിരിക്കുന്നതെന്ന് ഗിരീഷ് നാരായണന്‍ പറഞ്ഞു. ഗണേശ് ചേതനയും സംഘവുമാണ് ശബ്ദമിശ്രണം നിര്‍വഹിച്ചത്. ഈ മാസം 14ന് ഗാനം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും മഴ കാരണം മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. ഓണത്തിന് മുന്‍പ് ഗാനം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് വൈസ് ചെയര്‍ പേഴ്‌സണ്‍ വ്യക്തമാക്കി.