പ്രതികള്‍ക്ക് ലഭിച്ചത് അര്‍ഹമായ ശിക്ഷ; ചാക്കോക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് കെവിന്റെ പിതാവ്
കോട്ടയം: പ്രതികള്‍ക്ക് ലഭിച്ചത് അര്‍ഹമായ ശിക്ഷയാണെന്ന് കെവിന്റെ പിതാവ് ജോസഫ്. പ്രതികള്‍ക്കു വധശിക്ഷ ലഭിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും ഇരട്ട ജീവപര്യന്തം ശിക്ഷിച്ചത് അര്‍ഹമായ ശിക്ഷയാണെന്നു ജോസഫ് പറഞ്ഞു. കോടതി വെറുതെവിട്ട നീനുവിന്റെ പിതാവ് ചാക്കോയ്ക്കെതിരെ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വിധിയില്‍ തൃപ്തിയുണ്ടെന്നും വധശിക്ഷ ഒഴിവാക്കിയതില്‍ തെറ്റില്ലെന്നും പ്രോസിക്യൂഷന്‍ പ്രതികരിച്ചു.
പ്രതികള്‍ക്കു വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. കൊലക്കുറ്റം, തടഞ്ഞുവച്ച് വിലപേശല്‍ എന്നീ വകുപ്പുകള്‍ പത്ത് പ്രതികള്‍ക്കെതിരെയും ചുമത്തിയിരുന്നു. ഇത് കൂടാതെ ഏഴ് വകുപ്പുകള്‍ വേറെയുമുണ്ട്. ദുരഭിമാനക്കൊല അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കാം എന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കു പരമാവധി ശിക്ഷ നല്‍കണം എന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന ആവശ്യം.
കേരളക്കരയെ ഒന്നാകെ കെവിന്‍ കേസില്‍ എല്ലാ പ്രതിക്കും ഇരട്ട ജീവപര്യന്തമാണ് കോടതി വിധിച്ചത്. പ്രതികള്‍ക്ക് 25,000 രൂപ പിഴ നല്‍കാനും കോടതി വിധിച്ചു. കോട്ടയം സെഷന്‍സ് കോടതിയുടേതാണ് വിധി. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി പറഞ്ഞു. ഒരു ലക്ഷം രൂപ മുഖ്യ സാക്ഷി അനീഷിന് നല്‍കണം. കഴിഞ്ഞ മേയിലാണ് കെവിന്‍ കൊല്ലപ്പെട്ടത്. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി പരിഗണിച്ച് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ പ്രതികളുടെ പ്രായം കണക്കിലെടുത്താണ് ശിക്ഷാവിധിയില്‍ ഇളവുണ്ടായത്. പ്രതികള്‍ മുന്‍പ് ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നില്ല എന്നതും പരിഗണിച്ചു.