കൊച്ചി: ശ്രീലങ്കയില്‍ തീപിടിച്ച് മുങ്ങിയ കപ്പലില്‍ ഇന്ധന ചോര്‍ച്ച. കേരളത്തിനും തമിഴ്നാടിനും സമുദ്ര ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഇന്ധന ചോർച്ചയുടെ ദൂഷ്യഫലങ്ങള്‍ കേരള തീരത്തേക്കും തമിഴ്നാട്ടിലേക്കും എത്താന്‍ നാളേറെ വേണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. അതിനാല്‍, കൊച്ചി, തൂത്തുക്കുടി, ചെന്നൈ തുറമുഖങ്ങളില്‍ ജാഗ്രത നിര്‍ദേശമുണ്ട്.
മേയ് 21ന് കൊളംബോയുടെ തീരത്തുവച്ച് എം.വി എക്സ്പ്രസ് പേള്‍ എന്ന സിങ്കപ്പൂര്‍ ചരക്കുകപ്പലിന് തീ പിടിച്ചത്. ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചതാണ് കപ്പല്‍. തീപിടിച്ച് 12 ദിവസം പിന്നിട്ടപ്പോഴാണ് കപ്പല്‍ മുങ്ങിത്തുടങ്ങിയത്. അതിനിടെ ഇന്ധനവും രാസവസ്തുക്കളും പ്ലാസ്റ്റിക് മാലിന്യങ്ങളുമെല്ലാം കടലില്‍ പരന്നൊഴുകി. 350 മെട്രിക് ടണ്‍ ഇന്ധനമാണ് ശ്രീലങ്കയുടെ 30 കിലോമീറ്റര്‍ വരുന്ന തീരമേഖലയില്‍ പരന്നൊഴുകിയത്. ഇന്ധനച്ചോര്‍ച്ച ഇനിയും കൂടുമെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.