രാത്രി അറസ്റ്റ് ഒഴിവാക്കാനൊരുങ്ങി കേരളാ പോലീസ്; കാരണം ഇതാണ്
തിരുവനന്തപുരം: കസ്റ്റഡിയിലെടുക്കപ്പെടുന്നവര്‍ മരിച്ചാല്‍ ഉദ്യോഗസ്ഥര്‍ കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യം കണക്കിലെടുത്ത് രാത്രിയിലെ അറസ്റ്റുകള്‍ ഒഴിവാക്കാന്‍ സംസ്ഥാന പോലീസ് നീക്കം. രാത്രി മദ്യപിച്ച് ബഹളമുണ്ടാക്കുന്നവരെ സ്റ്റേഷനില്‍ കൊണ്ടുവരേണ്ടതായി വന്നാല്‍ ബന്ധുക്കളുടെ ജാമ്യത്തില്‍ വിട്ട് പിറ്റേന്ന് വിളിപ്പിച്ച ശേഷമേ തുടര്‍നടപടി എടുക്കൂ. ഇത്തരം കേസുകളില്‍ നാട്ടുകാര്‍ പ്രതികളെ കൈയ്യേറ്റം ചെയ്യാറുണ്ട്. എന്നാല്‍, എന്തെങ്കിലും സംഭവിച്ചാല്‍ പോലീസിന്റെ മേല്‍ കുറ്റം ചുമത്തപ്പെടുകയാണ് ചെയ്യുന്നത്.
പല കേസിലും പ്രതികളെ അര്‍ധരാത്രിക്ക് ശേഷമാണ് മറ്റ് ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ അറസ്റ്റ് ചെയ്യാറുള്ളത്. ഇപ്പോള്‍ അപൂര്‍വം കേസുകളില്‍ മാത്രമേ ഇത്തരം അറസ്റ്റുകള്‍ ഉണ്ടാകാറുള്ളു. മാത്രമല്ല മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഓഫീസുകളിലാണ് ഇത്തരത്തില്‍ അറസ്റ്റ് ചെയ്ത പ്രതികളെ സൂക്ഷിക്കാറുള്ളത്. അറസ്റ്റിലാകുന്നവരെ കൂടുതല്‍ ചോദ്യംചെയ്യലിന് വിധേയരാക്കാതെ സന്ധ്യക്കുമുമ്പ് കോടതിയില്‍ ഹാജരാക്കാനാണ് തീരുമാനം.